
ശരീരഭാരം കുറയ്ക്കാൻ ദിവസവും മണിക്കൂറുകളോളം ജിമ്മിൽ കഠിനമായ വ്യായാമം ചെയ്യണമെന്ന് നിർബന്ധമില്ല. നിത്യജീവിതത്തിനിടയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നതും കൃത്യമായ ഭക്ഷണക്രമം പാലിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഇത്തരം ലളിതമായ വ്യായാമമുറകൾക്ക് ഇന്ന് വലിയ പ്രചാരമാണുള്ളത്.
തന്റെ ഒന്നര വർഷത്തെ ഫിറ്റ്‌നസ് യാത്രയിലൂടെ 67 കിലോ തൂക്കം കുറച്ച പ്രമുഖ ഇൻഫ്ലുവൻസർ രാജി ഘംഗാസ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഒരു മിനിറ്റ് ദൈർഘ്യമുള്ള വർക്കൗട്ട് റൂട്ടീനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
പതിവായി ചെയ്യുന്നതിലൂടെ കാലറി എരിച്ചുകളയാൻ സഹായിക്കുന്ന അഞ്ച് ലളിതവും ഫലപ്രദവുമായ അഞ്ച് വ്യായാമങ്ങളാണ് അവർ വിശദമാക്കുന്നത്.
1. ജമ്പിംഗ് ജാക്‌സ്
നിവർന്നുനിന്ന് കൈകൾ തലയ്ക്ക് മുകളിലേക്ക് ഉയർത്തുന്നതോടൊപ്പം കാലുകൾ വശങ്ങളിലേക്ക് അകത്തി ചാടുക. വീണ്ടും പഴയ പടിയിലേക്ക് തിരിച്ചെത്തി ഇത് ആവർത്തിക്കുക.
2. ഹൈ നീ ക്ലാപ്പ്
നേരെ നിന്ന് ഒരു കാൽ മുട്ടോളം നെഞ്ചിലേക്ക് ഉയർത്തുമ്പോൾ കാൽമുട്ടിന് അടിയിലോ മുകളിലോ വെച്ച് കൈകൾ കൂട്ടിയടിക്കുക. രണ്ട് കാലുകളും മാറിമാറി വേഗത്തിൽ ചെയ്യുക.
3. സ്റ്റാൻഡിംഗ് ക്രോസ്-ബോഡി ക്രഞ്ച്
കൈകൾ തലയ്ക്ക് പിന്നിൽ വെച്ച് ഒരു കാൽമുട്ട് മുകളിലേക്ക് ഉയർത്തുമ്പോൾ എതിർവശത്തുള്ള കൈമുട്ട് അതിന് നേരെ കൊണ്ടുവരുക. ഇത് രണ്ട് വശത്തേക്കും മാറിമാറി ചെയ്യുക.
4. ഫോർവേഡ് ആന്റ് ബാക്ക്‌വേഡ് ജമ്പ്
രണ്ടു കാലുകളും ഒന്നിച്ച് ചേർത്തുപിടിച്ച് മുന്നോട്ടും പെട്ടെന്ന് തന്നെ തിരികെ പിന്നോട്ടും ചാടുക.
5. സ്പോട്ട് ജോഗിങ്
നിന്നനിൽപ്പിൽ തന്നെ സാധാരണ വേഗത്തിൽ ഓടുക. കൈകൾ ശരീരത്തിനൊപ്പം ചലിപ്പിക്കാൻ ശ്രദ്ധിക്കുക.
വ്യായാമം ചെയ്ത് തുടങ്ങുന്നവർ തുടക്കത്തിൽ തന്നെ കഠിനമായ രീതിയിൽ ചെയ്യാതെ സാവധാനം ആരംഭിച്ച് വ്യായാമങ്ങളുടെ രീതികൾ കൃത്യമായി പഠിക്കുക. സ്റ്റാമിന വർദ്ധിക്കുന്നതിനനുസരിച്ച് ഇവയുടെ എണ്ണം കൂട്ടാവുന്നതാണ്. ലളിതമായ ശീലങ്ങളിലൂടെയും ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും വലിയ ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ കൈവരിക്കാമെന്നാണ് രാജി ഓർമ്മിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam