പ്രമേഹ ചികിത്സയിൽ പുതിയ ചുവടുവയ്പ്പ് : ഇന്‍ഹെയില്‍ ചെയ്യാവുന്ന ഇൻസുലിൻ 'അഫ്രെസ്സ' (Afrezza) രാജ്യത്ത് ആദ്യമായി തിരുവനന്തപുരത്ത് അവതരിപ്പിച്ചു

Published : Jan 27, 2026, 01:44 PM IST
diabetes

Synopsis

ഭക്ഷണസമയത്ത് ഉപയോഗിക്കാവുന്ന, അതിവേഗത്തിൽ പ്രവർത്തിക്കുന്ന (ultra-rapid-acting) ഇൻസുലിനാണ് അഫ്രെസ്സ. ഒരു ചെറിയ ഇൻഹേലർ ഉപകരണം വഴിയാണ് ഇത് ഉപയോഗിക്കുന്നത്.

പ്രമേഹ ചികിത്സാ രംഗത്ത് പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട് ശ്വാസത്തിലൂടെ ശരീരത്തിലെത്തിക്കാവുന്ന ഇൻസുലിനായ 'അഫ്രെസ്സ' (Afrezza) ഇന്ത്യയിൽ ആദ്യമായി തിരുവനന്തപുരത്ത് അവതരിപ്പിച്ചു. 

കഴിഞ്ഞ ദിവസം തിരുവനന്തപുരം റെസിഡൻസി ടവറിൽ വച്ച് നടന്ന ചടങ്ങിൽ ജ്യോതിദേവ്‌സ് പ്രൊഫഷണൽ എഡ്യൂക്കേഷൻ ഫോറവും (JPEF) പി. കേശവദേവ് ട്രസ്റ്റും സംയുക്തമായാണ് 'അഫ്രെസ്സ' പരിചയപ്പെടുത്തിയത്.

അമേരിക്കയിലെ മാൻകൈൻഡ് കോർപ്പറേഷൻ നിർമ്മിക്കുന്ന അഫ്രെസ്സ, പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ സിപ്ലയുടെ സഹകരണത്തോടെയാണ് ഇന്ത്യയിൽ ലഭ്യമാക്കുന്നത്. ചലച്ചിത്ര താരം മണിയൻപിള്ള രാജു ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പ്രമുഖ ഡോക്ടർമാരായ ഡോ. ജ്യോതിദേവ് കേശവദേവ്, ഡോ. മാത്യു ജോൺ, ഡോ. ടിട്ടു ഉമ്മൻ, ഡോ. തുഷാന്ത് തോമസ്, ഡോ. പി.കെ. ജബ്ബാർ, ഡോ. അനീഷ് ഘോഷ്, എന്നിവർ ഫാക്കൽറ്റികളായി പങ്കെടുക്കുകയും ശാസ്ത്രീയ ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി, ഇൻഹേൽഡ് ഇൻസുലിന്റെ ക്ലിനിക്കൽ ഉപയോഗത്തെക്കുറിച്ചുള്ള ഗവേഷണ ഫലങ്ങളും പ്രായോഗിക നിർദ്ദേശങ്ങളും വിശദീകരിക്കുന്ന പ്രത്യേക സി.എം.ഇ (CME) സെഷൻ ഡോ. ജ്യോതിദേവ് കേശവദേവിന്റെ നേതൃത്വത്തിൽ നടന്നു. നൂറ്റി അൻപതോളം ഡോക്ടർമാർ ആണ് ചടങ്ങിൽ പങ്കെടുത്തത്.

ഭക്ഷണസമയത്ത് ഉപയോഗിക്കാവുന്ന, അതിവേഗത്തിൽ പ്രവർത്തിക്കുന്ന (ultra-rapid-acting) ഇൻസുലിനാണ് അഫ്രെസ്സ. ഒരു ചെറിയ ഇൻഹേലർ ഉപകരണം വഴിയാണ് ഇത് ഉപയോഗിക്കുന്നത്. മുതിർന്ന പ്രമേഹരോഗികളിൽ ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. 

ശ്വസിച്ച ഉടൻ തന്നെ പ്രവർത്തിച്ചു തുടങ്ങുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വ്യത്യസ്ത ഡോസുകളിൽ, നിറം തിരിച്ചുള്ള കാട്രിഡ്ജുകളിൽ മരുന്ന് ലഭ്യമാണ്. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവർക്ക് ഇത് ഉപയോഗിക്കാമെങ്കിലും കുട്ടികളിൽ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് വിദഗ്ദ്ധർ യോഗത്തിൽ വിശദീകരിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രീ ഡയബറ്റിസ് സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുറച്ച് കഴിച്ചാലും വയറു വീർക്കുന്നുണ്ടോ? സൂക്ഷിക്കുക, ഇത് ഫാറ്റി ലിവറാകാം