
തൈറോയ്ഡ് ആരോഗ്യം പ്രത്യുൽപാദന പ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. കാരണം ഹൈപ്പോതൈറോയിഡിസം (തൈറോയിഡ് പ്രവർത്തനരഹിതം), ഹൈപ്പർതൈറോയിഡിസം (തൈറോയിഡ് പ്രവർത്തനം അമിതമാകൽ) തുടങ്ങിയ അസന്തുലിതാവസ്ഥകൾ പ്രത്യുൽപാദന പ്രവർത്തനത്തെ ബാധിക്കും. ഈ തൈറോയ്ഡ് അവസ്ഥകൾ പ്രത്യുൽപാദന ഹോർമോണുകളുടെയും ആർത്തവചക്രങ്ങളുടെയും അണ്ഡോത്പാദനത്തിന്റെയും സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും അതുവഴി പ്രത്യുൽപാദനക്ഷമതയെ ബാധിക്കുകയും ചെയ്യുന്നു.
പലപ്പോഴും, സ്ത്രീകൾക്ക് ഈ തകരാറുകൾ ശ്രദ്ധിക്കാൻ കഴിയില്ല. പക്ഷേ അവ വന്ധ്യതയ്ക്കും ആവർത്തിച്ചുള്ള ഗർഭം അലസലിനും കാരണമാകും. ഇന്ത്യയിൽ, സ്ത്രീ വന്ധ്യതാ കേസുകളിൽ ഏകദേശം 20 ശതമാനം തൈറോയ്ഡ് പ്രശ്നങ്ങൾ മൂലമാണെന്ന് ജേണൽ ഓഫ് എവിഡൻസ് ബേസ്ഡ് മെഡിസിൻ ആൻഡ് ഹെൽത്ത്കെയർ പറയുന്നു.
തൈറോയ്ഡ് പ്രശ്നങ്ങൾ ഭാരം, ഊർജ്ജ നില, മാനസികാവസ്ഥ എന്നിവയെ മാത്രമല്ല രോഗപ്രതിരോധ സംവിധാനത്തെയും ബാധിക്കുന്നു. ശരീരത്തിന്റെ ഹോർമോൺ സംവിധാനത്തിൽ തൈറോയ്ഡ് ഗ്രന്ഥി പങ്കു വഹിക്കുന്നു. തൈറോയ്ഡ് അളവ് വളരെ കൂടുതലോ കുറവോ ആകുമ്പോൾ, അത് ഒരു ഗ്രന്ഥിയിൽ മാത്രം ഒതുങ്ങി നിൽക്കില്ല. പകരം, അണ്ഡോത്പാദനം, ആർത്തവ ക്രമം, ബീജാരോഗ്യം, മൊത്തത്തിലുള്ള പ്രത്യുൽപാദനക്ഷമത എന്നിവയുമായി ബന്ധപ്പെട്ട ഒന്നിലധികം ഹോർമോണുകളെ ഇത് തടസ്സപ്പെടുത്തുന്നതായി ഗുഡ്ഗാവിലെ മദർഹുഡ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാ. ഡോ. സോണാൽ സിംഗാൾ പറയുന്നു.
തൈറോയ്ഡ് ഗ്രന്ഥി തലച്ചോറ്, അണ്ഡാശയങ്ങൾ, വൃഷണങ്ങൾ, പാൻക്രിയാസ്, അഡ്രീനൽ ഗ്രന്ഥികൾ എന്നിവയുമായി അടുത്ത് പ്രവർത്തിക്കുന്നു. തൈറോയ്ഡ് ഹോർമോണുകൾ അസന്തുലിതമാകുമ്പോൾ, തലച്ചോറ് മറ്റ് ഹോർമോൺ ഉത്പാദിപ്പിക്കുന്ന അവയവങ്ങളിലേക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന സിഗ്നലുകൾ അയയ്ക്കുന്നു. അതിനാൽ, ആദ്യം ബാധിക്കുന്ന ഹോർമോണുകളിൽ ഒന്ന് പ്രോലാക്റ്റിൻ ആണ്," കുറഞ്ഞ തൈറോയ്ഡ് അളവ് പ്രോലാക്റ്റിനെ വർദ്ധിപ്പിക്കും. ഇത് സ്ത്രീകളിൽ അണ്ഡോത്പാദനത്തെ തടയുകയും പുരുഷന്മാരിൽ ബീജ ഉത്പാദനം കുറയ്ക്കുകയും ചെയ്യും.
ഉയർന്ന പ്രോലാക്റ്റിൻ ക്രമരഹിതമായ ആർത്തവത്തിനോ ആർത്തവചക്രം നഷ്ടപ്പെടുന്നതിനോ കാരണമാകുകയും പ്രത്യുൽപാദനക്ഷമതയെ ബാധിക്കുകയും ചെയ്യും. അതിനാൽ, സ്ത്രീകൾക്ക് ഗർഭം ധരിക്കാൻ ബുദ്ധിമുട്ടായിരിക്കും. പ്രധാന സ്ത്രീ പ്രത്യുത്പാദന ഹോർമോണുകളായ ഈസ്ട്രജനും പ്രൊജസ്ട്രോണും പോലും തൈറോയ്ഡ് അസന്തുലിതാവസ്ഥ മൂലം ബാധിക്കപ്പെടുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam