നട്ടെല്ല് മുന്നിലേക്കും വശങ്ങളിലേക്കും വളയുന്ന സങ്കീര്‍ണ കൈഫോ സ്‌കോളിയോസിസ് ; ഭേദമാക്കി കിംസ്ഹെൽത്ത്

Published : Nov 25, 2025, 11:52 AM IST
spine health

Synopsis

60 വയസ്സിന് മുകളിലുള്ളവരില്‍ 68% പേരിലും സ്‌കോളിയോസിസ് കണ്ടുവരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. Kims Health surgically cured a 72 year old woman severe spinal deformity

തമിഴ്നാട് സ്വദേശിനിയായ 72 കാരിയുടെ നട്ടെല്ലിനെ ബാധിച്ച ഗുരുതര വൈകല്യം ശസ്ത്രക്രിയയിലൂടെ ഭേദമാക്കി തിരുവനന്തപുരം കിംസ്ഹെൽത്ത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി നടക്കുവാൻ ഏറെ പ്രയാസമനുഭവിച്ചിരുന്ന രോഗിയിൽ നടത്തിയ വിശദപരിശോധനയിലാണ് നേരത്തേയുണ്ടായ ഒരു വീഴ്ചയിൽ നട്ടെല്ലിലെ ചെറിയ അസ്ഥികളിലൊന്നായ ഡി 11 വെർട്ടിബ്രയിൽ ഗുരുതര പരിക്ക് സംഭവിച്ചതായി കണ്ടെത്തുന്നത്. ഇത് കൃത്യമായി തിരിച്ചറിയാതിരിക്കുകയും ആവശ്യമായ ചികിത്സ ലഭ്യമാകാതിരിക്കുകയും ചെയ്തതോടെ കാലക്രമേണ നട്ടെല്ല് മുന്നിലേക്കും (കൈഫോസിസ്), വശങ്ങളിലേക്കും (സ്‌കോളിയോസിസ്) വളയുന്ന ഗുരുതര രോഗാവസ്ഥയായ കൈഫോ സ്‌കോളിയോസ് രൂപപ്പെടുകയായിരുന്നു. ഒപ്പം ഗുരുതര അസ്ഥിക്ഷയവും രോഗിയിലുണ്ടായിരുന്നു.

നിവർന്ന് നടക്കുവാനോ, ശരിയായി ഭക്ഷണം കഴിക്കുവാനോ ഉറങ്ങാനോ സാധിക്കാത്ത രീതിയിൽ നട്ടെല്ലിൽ ഗുരുതരമായ വളവോടുകൂടിയാണ് രോഗി ചികിത്സ തേടി കിംസ്‌ ഹെൽത്തിലെത്തിലെത്തുന്നത്. 

കൺസൾട്ടന്റ് ഓർത്തോപീഡിക് സ്പൈൻ സർജനായ ഡോ. രഞ്ജിത് ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ രോഗിയുടെ അസ്ഥി സാന്ദ്രത (ബോൺ ഡെൻസിറ്റി) മെച്ചപ്പെടുത്തുന്നതിനായി കാത്സ്യം സപ്ലിമെന്റുകൾ ഉൾപ്പെടെയുള്ള 'ബോൺ ബിൽഡിംഗ്' തെറാപ്പി ആരംഭിച്ചു. മൂന്ന് മാസക്കാലത്തോളം നീണ്ട് നിന്ന 'ബോൺ ബിൽഡിംഗ്' തെറാപ്പിക്ക് ശേഷമാണ് ശാസ്ത്രക്രിയയിലേക്ക് നീങ്ങിയത്.

മുതിർന്ന പൗരന്മാരിൽ സ്‌കോളിയോസിസിനുള്ള ശസ്ത്രക്രിയ ഏറെ വെല്ലുവിളികൾ ഉയർത്തുന്ന ഒന്നാണ്, പ്രത്യേകിച്ച് ഗുരുതരമായ ഓസ്റ്റിയോപറോസിസും ബലക്കുറവുള്ള അസ്ഥികളുമുള്ളവരിലും. 60 വയസ്സിന് മുകളിലുള്ളവരിൽ 68% പേരിലും സ്‌കോളിയോസിസ് കണ്ടുവരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

 പ്രായം വർധിക്കുന്നതിനനുസരിച്ച് അസ്ഥികളിലുണ്ടാകുന്ന മാറ്റങ്ങൾ നട്ടെല്ലിലെ വളവ് കൂടുതൽ മോശാവസ്ഥയിലാക്കും. വേദന, അസ്വസ്ഥത, ചലനത്തിലുള്ള പരിമിതികൾ എന്നിവയ്ക്ക് ഇത് കാരണമാവുകയും ചെയ്യും - ഡോ. രഞ്ജിത് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

രോഗിയിൽ സങ്കീർണമായ ഓസ്റ്റിയോട്ടമിയും ഇന്റേണൽ ഫിക്സേഷൻ സർജറിയും ഒരുമിച്ച് തന്നെ വിജയകരമായി പൂർത്തിയാക്കുകയായിരുന്നു. ഡി 2 വെർടിബ്ര മുതൽ പെൽവിസ് വരെ നീണ്ട ഈ ശസ്ത്രക്രിയയിലൂടെ നട്ടെല്ല് പുനക്രമീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്തു. ഓസ്റ്റിയോട്ടമിയും ഇന്റേണൽ ഫിക്സേഷനും രണ്ട് വ്യത്യസ്ത പ്രൊസീജ്യറുകളാണെങ്കിലും അസ്ഥി വൈകല്യങ്ങൾ നേരെയാക്കുന്നതിനായി ഒരുമിച്ചാണ് ഇവ ചെയ്യാറ്.

നട്ടെല്ല് പുനക്രമീകരിക്കുന്നതിനായി അസ്ഥികൾ മുറിച്ച് പുനക്രമീകരിക്കുന്നതാണ് ഓസ്റ്റിയോട്ടമി. മെറ്റൽ ഇംപ്ലാന്റുകൾ ഉപയോഗിച്ച് അസ്ഥികളെ ബലപ്പെടുത്തുകയാണ് ഇന്റേണൽ ഫിക്സേഷനിലൂടെ ചെയ്യുന്നത്. രോഗിയുടെ അസ്ഥികൾക്ക് ബലം കുറവായതിനാൽ സാധാരണ സ്‌ക്രൂകൾ ഉപയോഗിക്കുവാൻ സാധിക്കുമായിരുന്നില്ല. 

പകരം, സിമന്റ് ഓഗ്മെന്റഡ് ഫിക്സേഷനാണ് മെഡിക്കൽ സംഘം തെരഞ്ഞെടുത്തത്. ദുർബലമായ അസ്ഥികളുടെ ഉറപ്പും സ്ഥിരതയും മെച്ചപ്പെടുത്തുന്നതിനായി സ്‌ക്രൂകളിൽ ബോൺ സിമന്റ് ഇഞ്ചക്ട് ചെയ്യുന്ന നൂതന രീതിയാണിത്.

വിജയകരമായ ശസ്ത്രക്രിയ്ക്ക് ശേഷം തൊട്ടടുത്ത ദിവസം തന്നെ രോഗിയ്ക്ക് എഴുന്നേറ്റ് നിൽക്കുവാനും നടക്കുവാനും സാധിച്ചു. ശരീരത്തിന്റെ ഘടനയും ചലന ശേഷിയും സാധാരണ നിലയിലാകുകയും സാധാരണ ജീവിതത്തിലേക്ക് മടങ്ങുവാനും രോഗിയ്ക്ക് കഴിഞ്ഞു. 8 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിൽ അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജേക്കബ് ജോൺ തിയോഫിലസും ഭാഗമായി.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൃദയത്തെ തകരാറിലാക്കുന്ന 5 ദൈനംദിന ശീലങ്ങൾ
പുരുഷന്മാര്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, പ്രോസ്റ്റേറ്റ് ക്യാൻസറാകാം