ചെങ്കണ്ണ് ; ഈ 9 ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Published : Aug 18, 2023, 03:29 PM ISTUpdated : Aug 18, 2023, 03:44 PM IST
 ചെങ്കണ്ണ് ; ഈ 9 ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Synopsis

ചെങ്കണ്ണ് പിടിപെടുന്നവരുടെ എണ്ണം കൂടിവരികയാണ്. ചെങ്കണ്ണ് ബാധിച്ചാൽ എന്തൊക്കെ ശ്രദ്ധിക്കണം, പ്രതിരോധ മാർഗ്ഗങ്ങൾ എന്തൊക്കെയാണ് എന്നതിനെ സംബന്ധിച്ച് വാണിയമ്പലത്തുള്ള മെഡികെയർ ഹോമിയോപ്പതിക്ക് സ്പെഷ്യാലിറ്റി മെഡിക്കൽ സെൻ്ററിലെ ചീഫ് കൺസൾട്ടന്റ് ഡോ.മുഹമ്മദ് അസ്ലം എഴുതിയ ലേഖനം.

വിവിധ ഭാഗങ്ങളിൽ ചെങ്കണ്ണ് രോഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ എന്താണ് ചെങ്കണ്ണ്, എന്തൊക്കെ ശ്രദ്ധിക്കണം, പ്രതിരോധ മാർഗ്ഗങ്ങൾ എന്തൊക്കെയുണ്ട് എന്ന് നമുക്ക് നോക്കാം. കണ്ണിന്റെ ഏറ്റവും പുറമേയുള്ള നേർത്ത വെളുത്ത ഭാ​ഗമാണ് കൺജങ്ടൈവ. ഇതിനുണ്ടാകുന്ന അണുബാധയും നീർക്കെട്ടുമാണ് കൺജങ്ടിവൈറ്റിസ്. ഇത് ഒരു സാംക്രമിക രോഗമാണ് ചെങ്കണ്ണ് അഥവാ പിങ്ക് ഐ മദ്രാസ് ഐ എന്നൊക്കെയാണ് ഇതിനെ വിളിക്കപ്പെടുന്നത്.

സാധാരണ വൈറൽ കൺജൻക്റ്റിവൈറ്റിസ് ആണ് കൂടുതലായി കണ്ടുവരാറുള്ളത്. വേഗത്തിൽ മാറി പോകുന്ന അസുഖമാണെങ്കിലും ശ്രദ്ധിച്ചിലെങ്കിൽ ഗുരുതരമാകാനും കാഴ്ചയെ സാരമായി ബാധിക്കാനും വരെ കാരണമായേക്കാവുന്ന ഒരസുഖമാണിത്.

 ചെങ്കണ്ണ് ലക്ഷണങ്ങൾ... 

▪️ കണ്ണിൽ നിന്ന് നീരൊലിപ്പ്
▪️ കണ്ണിൽ ചൊറിച്ചിൽ
▪️ കരട് മറിയുന്ന പോലെയുള്ള അസ്വസ്ഥത
▪️ കണ്ണിന് ചുവപ്പ് നിറം
▪️ തലവേദന, ജലദോഷം പനി
▪️ കൺപോളകൾക്ക് വീക്കവും തടിപ്പും
▪️ പീള കെട്ടൽ
▪️ പ്രകാശം അടിക്കുമ്പോൾ കണ്ണിന് വേദന, അസ്വസ്ഥത
▪️ ചില ആളുകൾക്ക് കണ്ണിൽ നിന്ന് രക്തം ,പഴുപ്പ് വരിക

 ചെങ്കണ്ണ് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്... 

▪️ വീട്ടിൽ ചെങ്കണ്ണ് രോഗിയുണ്ടെങ്കിൽ കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക. അവർ ഉപയോഗിക്കുന്ന തോർത്ത്, ബെഡ്ഷീറ്റ്, കണ്ണട, ടവൽ മൊബൈൽ ഫോൺ, പാത്രങ്ങൾ ഷെയർ ചെയ്ത് ഉപയോഗിക്കാതിരിക്കുക. രോഗി തൊടുന്ന ഭാഗങ്ങളിലും രോഗാണുക്കൾ ഉണ്ടാവും.
▪️ രോ​ഗം ബാധിച്ച കണ്ണിലെ ദ്രവത്തിൽ വെെറസ് സാന്നിധ്യമുണ്ടായിരിക്കും. ഇതുമായുള്ള സമ്പർക്കമാണ് രോ​ഗം പകരാൻ ഇടയാക്കുന്നത്. രോ​ഗമുള്ള കണ്ണിൽ തൊട്ട കെെ ഉപയോ​ഗിച്ച് രോ​ഗമില്ലാത്ത കണ്ണിൽ തൊടുമ്പോൾ രോ​ഗം പകരും. ഇതുമാത്രമല്ല, രോ​ഗമുള്ള വ്യക്തി ഉപയോ​ഗിക്കുന്ന വസ്തുക്കളിലെല്ലാം തന്നെ അണുക്കളുടെ സാന്നിധ്യമുണ്ടായിരിക്കും. അതിനാൽ ഈ വസ്തുക്കൾ മറ്റൊരാൾ ഉപയോ​ഗിക്കുമ്പോൾ അവരിലേക്കും രോ​ഗം പകരും.

 രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... 

▪️ രോഗമുള്ള വ്യക്തി രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ തന്നെ മറ്റുള്ളവരിൽ നിന്ന് മാറി നിൽക്കാൻ ശ്രദ്ധിക്കണം.  വളെരെ പെട്ടെന്ന് തന്നെ പകരുന്ന രോഗമായതിനാൽ ശ്രദ്ധിച്ചിലെങ്കിൽ  കൂടെ ജോലി ചെയ്യുന്നവർക്കും  വീട്ടിലും ഉള്ള മുഴുവൻ പേർക്കും അസുഖങ്ങൾ പിടിപെടാം.
▪️ കണ്ണിൽ മരുന്ന് ഒഴിക്കുന്നത് രോഗി തന്നെ സ്വയം ചെയ്യുന്നതാണ് നല്ലത്. 
ഇനി പരസഹായം ആവശ്യമെങ്കിൽ മരുന്ന് ഒഴിക്കുന്നയാൾ മുൻപും ശേഷവും നന്നായി സോപ്പുപയോഗിച്ച് കൈകൾ കഴുകണം.
▪️ കണ്ണ് തിരുമ്മരുത്.
▪️ കണ്ണിന് നല്ല വിശ്രമം അനുവദിക്കണം, ടി.വി, മൊബൈൽ, വായന ,ഒഴിവാക്കി കണ്ണിന് നല്ല വിശ്രമം കൊടുക്കുകയും തണുത്ത വെള്ളം ഉപയോഗിച്ച് ഇടക്കിടെ കഴുകുകയും വേണം. കണ്ണ് ഇടക്കിടെ ചിമ്മുന്നതും നിങ്ങളുടെ കണ്ണിലെ ഈർപ്പം സന്തുലിതമാക്കാൻ “20-20 ബ്ലിങ്ക് റൂൾ” പിന്തുടരുക. ഓരോ 20 മിനിറ്റിനു ശേഷവും 20 സെക്കൻഡ് അകലേക്ക് നോക്കുക, രണ്ടുതവണ കണ്ണുചിമ്മുക. കണ്ണുനീരിനെ കണ്ണുകളുമായി സമ്പർക്കം പുലർത്താനും ചുവന്ന നിറം കുറയ്ക്കാനും ഇത് സഹായിക്കും.
▪️ വെയിൽ കൊള്ളുന്നത്, അടുപ്പിലെ ചൂട് അടിക്കുന്നത് തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്. പുറത്തേക്ക് പോവുമ്പോൾ സൺഗ്ലാസ് ഉപയോഗിക്കാവുന്നതാണ്.
▪️ കുളങ്ങൾ, വുളു എടുക്കുന്ന ഹൗളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മുഖം കഴുകാതിരിക്കുക.
▪️ സ്വയം ചികിൽസ ഒഴിവാക്കേണ്ടതാണ്. കണ്ണിൽ മരുന്ന് ഉപയോഗിക്കുന്നത് ഡോക്ടറുടെ നിർദ്ദേശം പ്രകാരം മാത്രം ഒഴിക്കുക.
▪️ ധാരാളം വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കുക.
▪️ കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിക്കുന്നവർ ചെങ്കണ്ണ് സമയത്ത് ഉപയോഗിക്കരുത്.

 തെറ്റിദ്ധാരണകൾ...

▪️ കണ്ണിൽ നോക്കിയാൽ രോഗം പകരുമെന്ന് കുറേ ആളുകൾ വിശ്വസിക്കുന്നു. അത് തെറ്റാണ്.കണ്ണിൽ നോക്കിയാൽ രോഗം പകരില്ല.
▪️ കറുത്ത കണ്ണs ഉപയോഗിച്ചാൽ രോഗം പകരില്ല എന്നൊരു വിശ്വാസമുണ്ട്. കണ്ണട ഉപയോ​ഗിച്ചാലും കണ്ണ് തൊടുകയോ തിരുമ്മുകയോ ചെയ്യുമ്പോൾ രോ​ഗാണുക്കൾ കെെകളിലാകും. ഈ കെെകൾ ഉപയോ​ഗിച്ച് രോ​ഗി തൊടുന്ന ഇടങ്ങളിലെല്ലാം രോ​ഗാണുക്കൾ വ്യാപിക്കും.

കണ്ണ് പഴുത്ത് തുറക്കാൻ കഴിയുന്നില്ല എന്ത് ചെയ്യും?

വേദന സഹിച്ച് വലിച്ച് തുറക്കരുത്,അൽപ്പം തിളപ്പിച്ചാറിയ ചൂടുവെളളം എടുത്ത് അതിൽ ഒരു തുണിക്കഷ്ണം മുക്കിപ്പിഴിഞ്ഞ് ആ തുണി ഉപയോ​ഗിച്ച് സാവധാനം കണ്ണ് തുടച്ചുകൊടുത്താൽ മതി. അപ്പോൾ പീളകെട്ടിയത് അലിഞ്ഞ് കണ്ണ് പതുക്കെ തുറക്കാനാകും. ഇതിന് ശേഷം കെെകൾ നന്നായി സോപ്പിട്ട് കഴുകിയാൽ മതി.

പഴുപ്പ് വരുന്നതും ചുവപ്പും എങ്ങനെ കുറക്കാം?

 ▪️ കോൾഡ് കംപ്രസ്: കണ്ണുകൾക്ക് മുകളിൽ  തണുത്ത തുണിയോ ഐസ് പായ്ക്കോ വയ്ക്കുന്നത് വീക്കം, ചുവപ്പ് എന്നിവ ഒഴിവാക്കാൻ സഹായിക്കും. ഇത് നിങ്ങളുടെ കണ്ണുകൾക്ക് സുഖവും ശാന്തതയും നൽകും. നിങ്ങൾക്ക് ശുദ്ധമായ കോട്ടൺ പഞ്ഞി തണുത്ത വെള്ളത്തിൽ മുക്കിവച്ച ശേഷം, ഇത് കണ്ണിന് മീതെ പ്രയോഗിക്കാം

 ചികിത്സ :

സാധാരണ വൈറൽ രോഗങ്ങളിലേത് പോലെ തന്നെ ചെങ്കണ്ണ് (വൈറൽ കൺജറ്റിവൈറ്റിസ് ) രോഗത്തിന് ഹോമിയോപ്പതിയിൽ പ്രത്യേക പ്രതിരോധ ഔഷധങ്ങളും ചികിൽസയും ലഭ്യമാണ്. രോഗ തീവ്രതാ, രോഗലക്ഷണങ്ങൾ അനുസരിച്ച് കണ്ണിൽ ഒഴിക്കാവുന്ന വിവിധ തുള്ളിമരുന്നുകളും ചികിൽസാ ഔഷധങ്ങളും ഫലപ്രദമായി ഉപയോഗിച്ച് വരുന്നു. തുടക്കത്തിൽ തന്നെ ഹോമിയോപ്പതി ഔഷധങ്ങൾ ഉപയോഗിച്ചാൽ രോഗം തീവ്രമാകുന്നത് തടയാനും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് രോഗശമനം സാധ്യമാകുന്നതും കാണാറുണ്ട്.

അർജൻറ്റം നൈട്രിക്കം, അകോണൈറ്റ്, ആർണിക്ക, യൂഫ്രേഷിയ, സിനറേറിയ, ഹമാമിലിസ് തുടങ്ങിയ വിവിധ മരുന്നുകൾ രോഗലക്ഷണങ്ങൾ അനുസരിച്ച് നൽകാറുണ്ട്. ചികിൽസക്കും പ്രതിരോധ ഔഷധങ്ങൾക്കും അടുത്തുള്ള അംഗീഗൃത യോഗ്യതയുള്ള ഹോമിയോപ്പതി ഡോക്ടർമാരെ സമീപിക്കാവുന്നതാണ്.

Read more വൈറൽ മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ എട്ട് മാർഗ്ഗങ്ങൾ

 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം