
എല്ലാ വർഷവും മെയ് 16 ന് ദേശീയ ഡെങ്കിപ്പനി ദിനം ആചരിക്കുന്നു. കൊതുകുകൾ വഴി പകരുന്ന ഒരു വൈറൽ അണുബാധയാണ് ഡെങ്കി. ഈഡിസ് കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കൊതുകുകളിൽ നിന്ന് മനുഷ്യരിലേക്ക് ഇത് പടരുന്നു.
കടുത്ത പനി, തലവേദന, ശരീരവേദന, സന്ധികളിലും പേശികളിലും വേദന, ഓക്കാനം, ചൊറിച്ചിൽ എന്നിവയാണ് ഡെങ്കിപ്പനിയുടെ സാധാരണ ലക്ഷണങ്ങൾ. ഡെങ്കിപ്പനി ബാധിച്ച മിക്ക ആളുകളും 1-2 ആഴ്ചകൾക്കുള്ളിൽ സുഖം പ്രാപിക്കുന്നു. എന്നിരുന്നാലും, കഠിനമായ കേസുകളിൽ, ഡെങ്കിപ്പനി മാരകമായേക്കാം.
കൊതുകുകടി തടയുന്നത് ഡെങ്കിപ്പനി പടരുന്നത് നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ്. "നേരത്തെ തന്നെ നടപടിയെടുക്കൂ, ഡെങ്കിപ്പനി തടയൂ: വൃത്തിയുള്ള പരിസ്ഥിതി, ആരോഗ്യകരമായ ജീവിതം" എന്നതാണ് ഈ വർഷത്തെ ഡെങ്കിപ്പനി ദിനത്തിന്റെ പ്രമേയം എന്നത്.
കഠിനമായ ഡെങ്കിപ്പനിയെ ഡെങ്കി ഹെമറാജിക് പനി എന്നും വിളിക്കുന്നു. ഇത് ചില ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകുകയും ജീവന് ഭീഷണിയാകുകയും ചെയ്യും. കഠിനമായ ഡെങ്കിപ്പനിയിൽ, ഒരു വ്യക്തിയുടെ രക്തക്കുഴലുകൾ തകരാറിലാകുകയും പ്ലേറ്റ്‌ലെറ്റുകളും ക്രമാതീതമായി കുറയുന്നതിലേക്ക് നയിക്കും. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നത് ആന്തരിക രക്തസ്രാവത്തിന് കാരണമാകുന്നു.
ലക്ഷണങ്ങൾ
കഠിനമായ വയറുവേദന
വിളറിയതും തണുത്തതുമായ ചർമ്മം
ബലഹീനത
മോണയിൽ രക്തസ്രാവം
ഛർദ്ദി
ക്ഷീണം
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീടിന്റെ പരിസരങ്ങളിൽ അലക്ഷ്യമായി കിടക്കുന്ന കുപ്പി, പാട്ട, ചിരട്ട, പ്ലാസ്റ്റിക് മാലിന്യങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ മാറ്റുക. വെള്ളം സൂക്ഷിക്കുന്ന സംഭരണികൾ എല്ലാം തന്നെ അടച്ചുവയ്ക്കണം. കുഞ്ഞുങ്ങളെ നിർബന്ധമായും കൊതുകുവലയ്ക്കുള്ളിൽ തന്നെ കിടത്താൻ ശ്രമിക്കുക. കൊതുക് കടിയിൽ നിന്ന് രക്ഷനേടാൻ കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക. കൊതുകു തിരികൾ, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങൾ എന്നിവയെല്ലാം കൊതുക് കടിയിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നൽകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam