
യുവതിയുടെ വയറ്റിൽ നിന്ന് ഒരു അടി നീളമുള്ള മുടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കഠിനമായ വയറുവേദനയും തുടർച്ചയായ ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൾട്രാസൗണ്ട്, സിടി സ്കാൻ എന്നിവയുൾപ്പെടെയുള്ള പ്രാഥമിക രോഗനിർണയ പരിശോധനകളിൽ അവരുടെ വയറ്റിൽ അസാധാരണമായ ഒരു മുഴ കണ്ടെത്തി. തുടർന്നുള്ള ശസ്ത്രക്രിയയിൽ അതൊരു വലിയ മുടിക്കെട്ടാണെന്ന് സ്ഥിരീകരിച്ചു.
യുവതി വർഷങ്ങളായി സ്വന്തം മുടി കഴിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോക്ടർമാർ പറയുന്നു. ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയ്ക്ക് ഡോ. രാഹുൽ മൃഗ്പുരിയും ഡോ. അജയും നേതൃത്വം നൽകി. ഡോ. ശ്യാംലി, ഡോ. പങ്കജ്, നഴ്സിംഗ് സ്റ്റാഫ് അംഗങ്ങളായ ചന്ദ്ര ജ്യോതി, ഡിംപിൾ എന്നിവരും ശസ്ത്രക്രിയയിൽ ഉണ്ടായിരുന്നു. രോഗി അപകടനില തരണം ചെയ്തിരിക്കുകയാണെന്നും അവരെ നിരീക്ഷിച്ച് വരികയാണെന്നും ഡോക്ടർ പറഞ്ഞു.
ഈ അവസ്ഥയെ ട്രൈക്കോബെസോവർ ( trichobezoar) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രോമമോ മറ്റ് ദഹിക്കാത്ത വസ്തുക്കളോ ആമാശയത്തിൽ അടിഞ്ഞുകൂടുന്ന അപൂർവ രോഗാവസ്ഥയാണിത്. മാനസികാരോഗ്യത്തോടുള്ള അവഗണനയുടെ ഫലമായാണ് ഈ പ്രശ്നം ഉണ്ടായതെന്ന് സീനിയർ മെഡിക്കൽ സൂപ്രണ്ട് ഡോ. രജനീഷ് ശർമ്മ പറയുന്നു. സമൂഹത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മ ഇത്തരം സങ്കീർണ്ണമായ സാഹചര്യങ്ങളിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം പറയുന്നു.
2025 ഫെബ്രുവരിയിൽ ഇതേ പോലൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം കേസുകൾ തടയുന്നതിന് സമയബന്ധിതമായ ചികിത്സയും മാനസികാരോഗ്യ അവസ്ഥകൾ ശരിയായി തിരിച്ചറിയുന്നതും നിർണായകമാണെന്നും ഡോക്ടർമാർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam