തുടർച്ചയായ നടുവേദന കിഡ്‌നി സ്റ്റോണിൻ്റെ ലക്ഷണമാകാം; വിദഗ്ധർ പറയുന്നു

Published : Aug 06, 2026, 01:46 PM IST
kidney stones

Synopsis

കിഡ്‌നി സ്റ്റോൺ ഉണ്ടാകുമ്പോൾ പെട്ടെന്ന് ഉണ്ടാകുന്ന കഠിനമായ വേദനയെക്കുറിച്ചാണ് എല്ലാവരും ചിന്തിക്കാറുള്ളത്. എന്നാൽ തുടക്കത്തിൽ ഇത് അടിവയറ്റിലോ, മുതുകിന്റെ താഴെ ഭാഗത്തോ, വാരിയെല്ലുകൾക്ക് താഴെയോ അനുഭവപ്പെടുന്ന ഒരു ചെറു വേദന മാത്രമായിരിക്കാം ഉണ്ടാവുക

വെള്ളം കുടിക്കാതിരിക്കുന്നത്, തെറ്റായ ഭക്ഷണശീലങ്ങൾ, വ്യായാമമില്ലാത്ത ജീവിതശൈലി, അമിതവണ്ണം എന്നിവ മൂലം ചെറുപ്പക്കാരിൽ പോലും കിഡ്നി സ്റ്റോൺ രൂപപ്പെടുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. തുടക്കത്തിൽ കാര്യമായ ലക്ഷണങ്ങൾ കാണിക്കാറില്ലെങ്കിലും, ശരീരം നൽകുന്ന ചെറിയ സൂചനകൾ പോലും അവഗണിക്കുന്നത് ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. കിഡ്‌നി സ്റ്റോണിൻ്റെ പ്രധാന ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും എന്തൊക്കെയാണെന്ന് അറിയാം.

തുടർച്ചയായ വേദന

കിഡ്‌നി സ്റ്റോൺ ഉണ്ടാകുമ്പോൾ പെട്ടെന്ന് ഉണ്ടാകുന്ന കഠിനമായ വേദനയെക്കുറിച്ചാണ് എല്ലാവരും ചിന്തിക്കാറുള്ളത്. എന്നാൽ തുടക്കത്തിൽ ഇത് അടിവയറ്റിലോ, മുതുകിന്റെ താഴെ ഭാഗത്തോ, വാരിയെല്ലുകൾക്ക് താഴെയോ അനുഭവപ്പെടുന്ന ഒരു ചെറു വേദന മാത്രമായിരിക്കാം ഉണ്ടാവുക. കല്ല് മൂത്രവാഹിനിയിലേക്ക് നീങ്ങുമ്പോൾ, വേദന പെട്ടെന്ന് ശക്തമാകുകയും അടിവയറ്റിലേക്കോ തുടകളുടെ ഇടുക്കിലേക്കോ പടരുകയും ചെയ്യാം.

മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം

മൂത്രത്തിന് ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറം കാണപ്പെടുന്നത് കിഡ്‌നി സ്റ്റോണിൻ്റെ സൂചനയാകാം. ചിലരിൽ ലബോറട്ടറി പരിശോധനയിലൂടെ മാത്രമേ മൂത്രത്തിൽ രക്തമുള്ളത് കണ്ടെത്താൻ സാധിക്കൂ.

യൂറിനറി ഇൻഫെക്ഷന് സമാനമായ ലക്ഷണങ്ങൾ

കല്ല് മൂത്രസഞ്ചിയുടെ സമീപത്താണെങ്കിൽ മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം. പലപ്പോഴും ഇത് സാധാരണ മൂത്രതടസ്സ അണുബാധയാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ സ്റ്റോൺ മൂലം മൂത്രതടസ്സം വരികയും അതോടൊപ്പം പനിയും തണുപ്പും, ഛർദ്ദിയും അനുഭവപ്പെടുകയാണെങ്കിൽ നിസ്സാരമായി കാണരുത്.

നേരത്തെയുള്ള രോഗനിർണ്ണയം പ്രധാനം

ചെറിയ സ്റ്റോണുകൾ ആഴ്ചകളോളമോ മാസങ്ങളോളമോ യാതൊരു ലക്ഷണവും കാണിക്കാതെ ശരീരത്തിൽ തുടരാം. എങ്കിലും കുടുംബത്തിൽ കിഡ്‌നി സ്റ്റോൺ ഉള്ളവർ, ശരീരത്തിൽ ഇടയ്ക്കിടെ നിർജ്ജലീകരണം ഉണ്ടാകുന്നവർ, പ്രമേഹവും അമിതവണ്ണവുമുള്ളവർ, കൂടുതൽ ഉപ്പും പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങളും കഴിക്കുന്നവർ എന്നിവർ തുടർച്ചയായി അനുഭവപ്പെടുന്ന നടുവേദനയോ മൂത്രതടസ്സമോ നിസ്സാരമായി കാണരുത്.

പ്രതിരോധ മാർഗ്ഗങ്ങൾ

ധാരാളം വെള്ളം കുടിക്കുക- കിഡ്‌നി സ്റ്റോൺ രൂപപ്പെടാതിരിക്കാൻ ഏറ്റവും പ്രധാനം ശരീരത്തിൽ ആവശ്യത്തിന് വെള്ളം ഉണ്ടാകുക എന്നതാണ്.

ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക- ഭക്ഷണത്തിൽ അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് കല്ല് ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.

ആരോഗ്യകരമായ ഭക്ഷണക്രമം- പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും അമിതവണ്ണം, മെറ്റബോളിക് പ്രശ്നങ്ങൾ എന്നിവ നിയന്ത്രിക്കുകയും ചെയ്യുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രതിരോധശേഷി കൂട്ടാൻ പതിവായി കുടിക്കേണ്ട ആറ് ചായകൾ
ബ്ലഡ് ക്യാൻസർ ; ശരീരം കാണിക്കുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ