
നാഡികളുടെ പ്രവർത്തനം നിലനിർത്തുന്നതിലും ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്ന ഒരു പോഷകമാണ് വിറ്റാമിൻ ബി 12. തലച്ചോറിന്റെ സങ്കോചം തടയുന്നതിനും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ഈ പോഷകം വളരെ പ്രധാനമാണ്.
ബി 12 ന്റെ കുറവ് ക്ഷീണം, മാനസികാവസ്ഥയിലെ അസ്വസ്ഥതകൾ, ഏകാഗ്രതക്കുറവ് അല്ലെങ്കിൽ ഓർമ്മക്കുറവ് പോലുള്ള നാഡീസംബന്ധമായ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
മുട്ട
മുട്ടയിൽ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന പോഷകമായ കോളിൻ അടങ്ങിയിട്ടുണ്ട്. ദിവസവും ഒന്നോ രണ്ടോ വേവിച്ച മുട്ട കഴിക്കുന്നത് ഓർമ്മശക്തി കൂട്ടുന്നു.
മത്സ്യം
സാൽമൺ, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ബി12, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ഒരുമിച്ച് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും പ്രായവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തകർച്ചയുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.
പാലുൽപ്പന്നങ്ങൾ
പാലുൽപ്പന്നങ്ങളിൽ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്. പാലോ തൈരോ പതിവായി കഴിക്കുന്നത് ബി12 ന്റെ കുറവ് തടയാനും ജാഗ്രതയും മാനസികാവസ്ഥയുടെ സ്ഥിരതയും മെച്ചപ്പെടുത്താനും സഹായിക്കും.
ചിക്കൻ
കോഴിയിറച്ചിയും മറ്റ് മാംസങ്ങളിലും പ്രോട്ടീൻ നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് മികച്ചതാക്കുന്നു. അവ എളുപ്പത്തിൽ ദഹിക്കുകയും ദിവസം മുഴുവൻ ഊർജ്ജ നില നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
ധാന്യങ്ങൾ
ധാന്യങ്ങളിൽ വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. ധാന്യങ്ങൾ ഭക്ഷണത്തിൽ നാരുകളും തലച്ചോറിന് ആരോഗ്യകരമായ മറ്റ് പോഷകങ്ങളും നൽകുന്നു.
പനീർ
പനീറിലും വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ പനീർ കഴിക്കുന്നത് മാനകിരോഗ്യത്തിന് സഹായിക്കുന്നു.
കക്ക, മുത്തുച്ചിപ്പി
കക്ക, മുത്തുച്ചിപ്പി എന്നിവയിലും ബി 12 അടങ്ങിയിട്ടുണ്ട്. കൂടാതെ സിങ്ക്, ഇരുമ്പ് തുടങ്ങിയ മറ്റ് പോഷകങ്ങളും ഇവ നൽകുന്നു. ഇവ ഉൾപ്പെടുത്തുന്നത് തലച്ചോറിന്റെയും നാഡികളുടെയും ആരോഗ്യത്തെ വളരെയധികം സഹായിക്കും.