
വൃക്ക മാറ്റിവയ്ക്കൽ എന്നത് ഒരു ശസ്ത്രക്രിയയാണ്. ഇതിൽ രോഗബാധയുള്ള വൃക്ക മാറ്റി പകരം ആരോഗ്യമുള്ള വൃക്ക വച്ചുപിടിപ്പിക്കുന്നു. ഈ ദാതാവിൽ നിന്ന് വൃക്ക നീക്കം ചെയ്യുകയും സ്വീകർത്താവിൽ വച്ചുപിടിപ്പിക്കുകയും ചെയ്യുന്നു. വൃക്ക മാറ്റിവയ്ക്കൽ ഒരു പുതിയ ജീവിതം നൽകുന്നു. എന്നാൽ പുതിയ അവയവം നന്നായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് വീണ്ടെടുക്കലും ദീർഘകാല പരിചരണവും പ്രധാനമാണ്.
മാറ്റിവയ്ക്കലിന് ശേഷം രോഗികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ഡോംബിവ്‌ലിയിലെ എഐഎംഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റും ട്രാൻസ്പ്ലാൻറ് ഫിസിഷ്യനുമായ ഡോ. സച്ചിൻ ഗുപ്ത പറയുന്നു.
എല്ലാ പ്രായത്തിലുമുള്ള ആളുകളിലും വൃക്ക പ്രശ്നങ്ങൾ സാധാരണമാണ്. വൃക്കയിലെ കല്ലുകൾ, അണുബാധകൾ, വിട്ടുമാറാത്ത വൃക്കരോഗം, വൃക്ക തകരാറ് എന്നിവയാണ് ഏറ്റവും സാധാരണയായി കാണപ്പെടുന്ന അവസ്ഥകൾ. വൃക്ക തകരാറുള്ള ഒരാൾക്ക് വൃക്ക മാറ്റിവയ്ക്കൽ ഒരു പ്രധാന വഴിത്തിരിവാണെന്ന് ഡോ. സച്ചിൻ ഗുപ്ത പറഞ്ഞു.
വൃക്ക മാറ്റിവയ്ക്കലിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മരുന്നുകളുടെ ഉപയോഗം: രോഗപ്രതിരോധ മരുന്നുകൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് എല്ലായ്പ്പോഴും ചികിത്സിക്കുന്ന ഡോക്ടറുടെ മാർഗ്ഗനിർദ്ദേശത്തിലാണ് കഴിക്കേണ്ടത്. നിങ്ങളുടെ ആരോഗ്യത്തിലുണ്ടാകുന്ന എന്തെങ്കിലും മാറ്റങ്ങൾ മടികൂടാതെ ഡോക്ടറെ അറിയിക്കുക.
സമീകൃതാഹാരം: അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള രോഗികൾ ആരോഗ്യകരമായ ഭാരവും രക്തസമ്മർദ്ദവും നിലനിർത്താൻ ഉപ്പ്, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ കുറഞ്ഞ ആരോഗ്യകരമായ സമീകൃതാഹാരം ശീലമാക്കുക. ജങ്ക്, എരിവുള്ള, എണ്ണമയമുള്ള, ടിന്നിലടച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
അണുബാധ നിയന്ത്രണം: ആന്റി-റിജക്ഷൻ മരുന്നുകളിൽ നിന്നുള്ള പ്രതിരോധശേഷി കുറയുന്നതിനാൽ, രോഗികൾക്ക് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. നല്ല ശുചിത്വം പാലിക്കുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക.
ജീവിതശൈലി മാറ്റങ്ങൾ: ലഘുവായ വ്യായാമവും നടത്തവും ശീമാക്കുക. എന്നാൽ ഡോക്ടറുടെ നിർദേശത്തിന് ശേഷം മാത്രം വ്യായാമം ശീലമാക്കുക. പുകവലി, മദ്യം, ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ഓവർ-ദി-കൌണ്ടർ സപ്ലിമെന്റുകൾ എന്നിവ ഒഴിവാക്കുക. ധ്യാനം, വായന, സംഗീതം കേൾക്കൽ തുടങ്ങിയവയിലൂടെ സമ്മർദ്ദം നിയന്ത്രിക്കേണ്ടതും പ്രധാനമാണ്.