
ദിവസവും കട്ടൻ കാപ്പി കുടിക്കുന്നത് കരളിലെ കൊഴുപ്പ് അലിയിക്കുന്നതിന് സഹായിക്കുന്നതായി പഠനം പറയുന്നു. കഫീൻ, ക്ലോറോജെനിക് ആസിഡ് (CGA), ട്രൈഗോനെലിൻ, ഡൈറ്റെർപീനുകൾ, മെലനോയിഡുകൾ എന്നിവ കാപ്പിയിലെ പ്രധാനപ്പെട്ട സംയുക്തങ്ങളാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കുന്നു.
എന്നിരുന്നാലും, കാപ്പിയുടെ എല്ലാ ഗുണങ്ങളും ലഭിക്കണമെങ്കിൽ നിങ്ങൾ എങ്ങനെ കാപ്പി കുടിക്കുന്നു എന്നത് പ്രധാനമാണ്. ധാരാളം മധുരപലഹാരങ്ങളോ പഞ്ചസാരയോ പാലോ ചേർത്ത് കാപ്പി കുടിക്കുന്നത് നല്ലതല്ല. പാലൊഴിക്കാതെ കട്ടന് കാപ്പിയായിട്ട് കുടിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് ഡോ. ശുഭം വാത്സ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ബ്ലാക്ക് കോഫി യഥാർത്ഥത്തിൽ കരളിന് ഒരു ഔഷധമാണ്. പാലും പഞ്ചസാരയും ഇല്ലാതെ, കരളിലെ കൊഴുപ്പ് അലിയിക്കുന്നതിനും ദീർഘകാല നാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്ന പ്രകൃതിദത്ത പാനീയങ്ങളിൽ ഒന്നാണ് കാപ്പി എന്നും അവർ പറയുന്നു.
കരളിലെ കൊഴുപ്പ് അലിയിക്കാൻ കഴിയുന്ന ഒരേയൊരു പദാർത്ഥം പാലും പഞ്ചസാരയും ചേർക്കാത്ത കട്ടൻ കാപ്പിയാണെന്നും അവർ പറയുന്നു. ദിവസവും കപ്പ് കാപ്പി കുടിക്കുന്നത് കരളിലെ എല്ലാ കൊഴുപ്പും അലിയിക്കും. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും, മെറ്റബോളിസം വർദ്ധിപ്പിക്കും, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് നിയന്ത്രണത്തിലാക്കുമെന്നും ഡോ. ശുഭം വാത്സ്യ പറഞ്ഞു.
പ്രതിദിനം ഒന്ന് മുതൽ മൂന്ന് കപ്പ് വരെ മിതമായ കഫീൻ ഉപഭോഗം ഹൃദയാരോഗ്യത്തിന് സുരക്ഷിതമാണെന്നും ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും 2023-ൽ ദി ഓക്‌സ്‌നർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കാപ്പി കുടിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നതായി യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.