
ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചൊരു ചേരുവകയാണ് മഞ്ഞൾ. മഞ്ഞളിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ്, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കുന്നു. കറുത്ത പാടുകൾ കുറയ്ക്കാനും, ചർമ്മത്തിന് നിറം നൽകാനും, മുഖക്കുരു എന്നിവ അകറ്റുന്നതിന് മഞ്ഞൾ സഹായകമാണ്. മഞ്ഞളിന് ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും ചർമ്മത്തിലെ അണുബാധകൾ ചികിത്സിക്കാനും സഹായിക്കും. വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മഞ്ഞൾ കൊണ്ടുള്ള ഫേസ് പാക്കുകളെ കുറിച്ചാണ് ഇനി പറയുന്നത്.
മഞ്ഞളും പാലും
ഒരു ടീസ്പൂൺ മഞ്ഞളും 2 ടേബിൾസ്പൂൺ പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. പാലിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളുന്നു, അതേസമയം മഞ്ഞൾ ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
മഞ്ഞളും തേനും
ഒരു ടീസ്പൂൺ മഞ്ഞൾ, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 10–15 മിനിറ്റ് നേരം ഈ പാക്ക് ഇട്ടേക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകുക. മുഖക്കുരു കുറയ്ക്കാനും ചർമ്മത്തിലെ ജലാംശം നിലനിർത്താനും ഈ പാക്ക് മികച്ചതാണ്.
മഞ്ഞളും ചന്ദനവും
മഞ്ഞൾപ്പൊടിയും ചന്ദനപ്പൊടിയും ഒരു ടീസ്പൂൺ വീതം റോസ് വാട്ടറിലോ പാലിലോ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകുക. ഈ പാക്ക് മുഖക്കുരു തടയാൻ സഹായിക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.