
കൊച്ചി: ഏഷ്യയിൽ ആദ്യമായി നാനോസ്കോപ്പിക് എസിഎൽ, മെനിസ്‌കസ് ശസ്ത്രക്രിയ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. നാനോസ്കോപ്പ് ഓപ്പറേറ്റീവ് ആർത്രോസ്കോപ്പി സംവിധാനത്തിലൂടെ നാനോസ്കോപ്പിക് എ.സി.എൽ റീകൺസ്ട്രക്ഷനും മെനിസ്കൽ റിപ്പയറുമാണ് ആശുപത്രിയിൽ വിജയകരമായി നടത്തിയത്. കായികതാരങ്ങൾ ഉൾപ്പെടെ സന്ധി സംബന്ധമായ പരിക്കുകളേറ്റവരെ ചികിത്സിക്കുന്നതിൽ ഇത് സഹായകരമാകും.
മെനിസ്കൽ, എസിഎൽ പരിക്ക് പോലുള്ള കാൽമുട്ട് പ്രശ്നങ്ങൾ വളരെ കൃത്യതയോടെ കാണാനും ചികിത്സിക്കാനും നാനോസ്കോപ്പ് സംവിധാനം ഡോക്ടർമാരെ സഹായിക്കും. വലിയ മുറിവുകൾ ആവശ്യമുള്ള പരമ്പരാഗത ആർത്രോസ്കോപ്പിയിൽ നിന്ന് വ്യത്യസ്തമായി, സൂചിയുടെ മാത്രം വലുപ്പത്തിലുള്ള ഒരു ദ്വാരത്തിലൂടെയാണ് ശസ്ത്രക്രിയ നടത്തുന്നത്. അതിനാൽ ശരീരത്തിലെ കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ കുറക്കാനാകും. ശസ്ത്രക്രിയയ്ക്ക് ശേഷം വേദന കുറവായിരിക്കും. സാധാരണ ജീവിതത്തിലേക്ക് അതിവേഗം മടങ്ങാനാകും എന്നതും സവിശേഷതയാണ്.
വിപിഎസ് ലേക്‌ഷോറിലെ കാൽമുട്ട് ശസ്ത്രക്രിയ വിഭാഗം കൺസൾട്ടന്റ് സർജനായ ഡോ. ജോർജ് ജേക്കബാണ് നാനോസ്കോപ്പിക് എസിഎൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒടിവ് ശസ്ത്രക്രിയ നടത്തുമ്പോൾ സന്ധികളുടെ പ്രതലങ്ങൾ വ്യക്തമായി കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരേസമയം സന്ധിയുടെ ഇരുഭാഗങ്ങളും കാണാനാകുന്നതിനാൽ ശസ്ത്രക്രിയയെ കൂടുതൽ കൃത്യമാക്കുന്നുവെന്ന് ഓർത്തോപീഡിക്സ് മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു.