
ദൈനംദിന പ്രഭാതഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട പഴമാണ് പപ്പായ. പ്രതിരോധശേഷിയും മൊത്തത്തിലുള്ള മെറ്റബോളിസവും വർദ്ധിപ്പിക്കുന്നതിന് പപ്പായ സഹായിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ എ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ പപ്പായ കാഴ്ച മെച്ചപ്പെടുത്തുകയും തിളക്കമുള്ള ചർമ്മത്തിനും സഹായിക്കുന്നു. ഏകദേശം 140-150 ഗ്രാം അളവിലുള്ളതും ഏകദേശം 55-60 കലോറി മാത്രം നൽകുന്നതുമായ ഒരു ബൗൾ പപ്പായ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
പപ്പായ പൾപ്പിൽ വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയിരിക്കുന്നതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ നടത്തിയ പഠനത്തിൽ പറയുന്നു. പാന്റോതെനിക് ആസിഡ്, ഫോളേറ്റ് തുടങ്ങിയ ബി കോംപ്ലക്സ് വിറ്റാമിനുകളും മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും ഭക്ഷ്യ നാരുകളും അടങ്ങിയിരിക്കുന്നു.
ബെൻസിൽ ഐസോത്തിയോസയനേറ്റ്, ഗ്ലൂക്കോസിനോലേറ്റുകൾ, ടോക്കോഫെറോളുകൾ (α, δ), β-ക്രിപ്റ്റോക്സാന്തിൻ, β-കരോട്ടിൻ, കരോട്ടിനോയിഡുകൾ തുടങ്ങിയ ഫിനോളിക് സംയുക്തങ്ങളും പപ്പായ വിത്തുകളിൽ കാണപ്പെടുന്നു. പൾപ്പിലും ഇലകളും വിത്തുകളും ഉൾപ്പെടെയുള്ള പപ്പായയുടെ മറ്റ് ഭാഗങ്ങളിലും ആന്റിഓക്‌സിഡന്റ്, ആന്റി-ഹൈപ്പർടെൻസിവ്, ഹൈപ്പോഗ്ലൈസമിക്, ഹൈപ്പോലിപിഡെമിക് പ്രവർത്തനങ്ങൾ എന്നിവയാൽ സമ്പന്നമാണെന്നും ഇത് പൊണ്ണത്തടിയും അനുബന്ധ ഉപാപചയ വൈകല്യങ്ങളും തടയുന്നതിനും ചികിത്സിക്കുന്നതിനും സഹായിക്കുന്നതായി ഗവേഷകർ പറയുന്നു.
പപ്പായയിൽ വിറ്റാമിനുകളുടെയും ബയോആക്ടീവ് സംയുക്തങ്ങളുടെയും ലിപിഡിക് ഘടനയുടെയും ഗണ്യമായ സാന്ദ്രത അടങ്ങിയിരിക്കുന്നതായും ഓക്‌സിഡേറ്റീവ് സ്ട്രെസ്സിൽ നിന്നും സംരക്ഷിക്കുകയും, അമിതവണ്ണം മൂലമുണ്ടാകുന്ന ഘടകങ്ങളായ ഹൈപ്പർ കൊളസ്‌ട്രോളീമിയയെ തടയുകയും ചെയ്യുന്നു.
പപ്പൈൻ എന്ന പ്രകൃതിദത്ത എൻസൈമും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വയറു വീർക്കൽ, മലബന്ധം, മന്ദഗതിയിലുള്ള ദഹനം തുടങ്ങിയ പ്രശ്നങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും രാവിലെ ഒരു ബൗൾ പപ്പായ കഴിക്കുന്നത് വിശപ്പ് ഒഴിവാക്കാൻ സഹായിക്കും. പപ്പായയിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. ഇത് വിശപ്പ് നിയന്ത്രിക്കാനും കൂടുതൽ നേരം വയറു നിറഞ്ഞിരിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.