
ടെക്സാസ്: പരുന്ത് കൊത്തിക്കൊണ്ടുപോകവെ താഴെ വീണ പാമ്പ് 64കാരിയെ ആക്രമിച്ചു. തൊട്ടുപിന്നാലെ പരുന്തും വയോധികയെ ആക്രമിച്ചു. ടെക്സാസ് സ്വദേശിയായ പെഗി ജോണ്‍സിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നില്‍ നിന്നിരുന്ന പെഗിയുടെ ദേഹത്തേക്ക് പരുന്ത് റാഞ്ചിയ ജീവനുള്ള പാമ്പ് വീഴുന്നത്. പിന്നാലെ താഴേയ്ക്ക് വീണ ഭക്ഷണം വീണ്ടെടുക്കാനുള്ള ശ്രമവുമായി പരുന്തും എത്തുകയായിരുന്നു.
ടെക്സാസിന് സമീപത്തെ സില്‍സ്ബീയിലാണ് സംഭവം. ലൂസിയാന അതിര്‍ത്തിയോട് ചേര്‍ന്നുള്ളതാണ് ഈ പ്രദേശം. പരുന്ത് റാഞ്ചിക്കൊണ്ടുപോകവെ താഴേയ്ക്ക് വീണ പാമ്പ് പെഗിയ്യുടെ കയ്യില്‍ ചുറ്റുകയായിരുന്നു. ഇതിനിടെ ഇരയെ വീണ്ടെടുക്കാനെത്തിയ പരുന്ത് 64കാരിയുടെ കൈകളും മുഖവും കൊത്തിപ്പറിച്ചു. പാമ്പിനെ കുടഞ്ഞ് എറിയാന്‍ ശ്രമിച്ചതോടെ പാമ്പും 64കാരിയെ ആക്രമിച്ചു. ഏറെ നേരത്തെ ആക്രമണത്തിനൊടുവില്‍ പാമ്പിനെ 64കാരിയുടെ കയ്യില്‍ നിന്ന് തിരിച്ചെടുക്കാന്‍ പരുന്തിന് സാധിച്ചതോടെ വയോധിക രക്ഷപ്പെട്ടത്. പാമ്പിന്‍റെ കടിയേറ്റ് ഒരുമാസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഇവര്‍ വീട്ടിലെത്തിയത്.
ലോകത്താകമാനം ഓരോ വർഷവും അഞ്ച് ലക്ഷത്തോളം ആളുകൾക്ക് പാമ്പ് കടിയേല്‍ക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. പാമ്പ് കടി മരണത്തിനും പക്ഷാഘാതം, വൃക്കതകരാര്‍, കോശനാശം തുടങ്ങിയ സ്ഥിരമായ വൈകല്യത്തിലേക്കും നയിച്ചേക്കാമെന്നും വിദഗ്ധര്‍ പറയുന്നു. പാമ്പ് കടിയേറ്റതാണെന്ന് മനസിലായാൽ സ്വയം ചികിത്സയക്ക് മുതിരാതെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കണം. പാമ്പ് കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തമൊഴുക്കുന്നതും, ചരട് വലിച്ചു കെട്ടുന്നതും, രക്തം വായിൽ വലിച്ചൂറ്റിക്കളയുന്നതുമൊന്നും അശാസ്ത്രീയ രീതികളാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം