
ബദൗന്‍: ഒന്നിച്ച് കുളിക്കാനിറങ്ങിയ എം ബി ബി എസ് വിദ്യാർഥികളിൽ മുന്ന് പേർ മുങ്ങി മരിച്ചതിന്‍റെ വേദനയിലാണ് ഗംഗാനദി തീരം. ബദൗൻ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ അഞ്ച് എം ബി ബി എസ് വിദ്യാർത്ഥികളാണ് ഗംഗാനദിയിൽ ഒന്നിച്ച് കുളിക്കാനിറങ്ങിയത്. ആദ്യം ഒരാൾ നദിയിൽ മുങ്ങുകയായിരുന്നു. ഈ വിദ്യാർഥിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ കൂടെയുണ്ടായിരുന്ന വിദ്യാർഥികളും മുങ്ങുകയായിരുന്നു. ഇവരിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. രക്ഷാപ്രവർത്തനത്തിൽ രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായി. ജയ് മൗര്യ ( 26 ), പവന്‍ പ്രകാശ് ( 24 ), നവീന്‍ സെങ്കര്‍ ( 22 ) എന്നീ എം ബി ബി എസ് വിദ്യാർഥികളാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. പ്രമോദ് യാദവ്, അങ്കുഷ് ഗെലോട്ട് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
ആദ്യം മുങ്ങിയ വിദ്യാർഥിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് കൂടെയുണ്ടായിരുന്നവരും മുങ്ങിയതെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. വിദ്യാർഥികൾ മുങ്ങിയതറിഞ്ഞ് നാട്ടുകാരും മത്സ്യതൊഴിലാളികളും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. രക്ഷാപ്രവർത്തനത്തിൽ രണ്ട് പേരുടെ ജീവൻ രക്ഷിക്കാൻ മാത്രമേ സാധിച്ചുള്ളു. മുന്ന് പേർ ആഴമേറിയ ഭാഗത്ത് മുങ്ങിപ്പോയതോടെ ഇവരെ കണ്ടെത്താനായിരുന്നില്ല. ദേശീയ ദുരന്തനിവാരണ സേന (എൻ ഡി ആർ എഫ്) സംഘവും വിവരമറിഞ്ഞ് തിരച്ചിലിനെത്തിയിരുന്നു. എന്നാൽ ഏറെനേരം തിരച്ചിൽ നടത്തിയിട്ടും ഇവരെ കണ്ടെത്താൻ സാധിച്ചില്ല. എട്ട് മണിക്കൂർ തിരച്ചിലിന് ഒടുവിൽ, മുങ്ങിയ സ്ഥലത്ത് നിന്നും 500 മീറ്റര്‍ അകലെ എൻ ഡി ആർ എഫ് സംഘം മൂന്ന് വിദ്യാർഥികളുടെയും മൃതശരീരം കണ്ടെടുക്കുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി അയച്ചുവെന്നും ജില്ല മജിസ്‌ട്രേറ്റ് അറിയിച്ചു.
മഹാശിവരാത്രിയോടനുബന്ധിച്ചാണ് ബദൗൻ ഗവൺമെന്‍റ് മെഡിക്കൽ കോളേജിലെ അഞ്ച് എം ബി ബി എസ് വിദ്യാർത്ഥികൾ ഗംഗാനദിയിൽ കുളിക്കാനിറങ്ങിയത്. മരിച്ച വിദ്യാര്‍ഥികള്‍ 2019 ബാച്ചിലുള്ളവരാണെന്ന് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ധര്‍മേന്ദ്ര ഗുപ്‌ത വ്യക്തമാക്കി.