വെള്ളിയാഴ്ച രാത്രി മുതലാണ് ബിജു കുര്യനെ കാണാതായതെന്ന് കാട്ടി എംബസിയിലും ഇസ്രായേൽ പൊലീസിലും പരാതി നൽകിയ ശേഷമാണ് 27 അംഗ സംഘത്തെ നയിച്ച കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് മടങ്ങിയത്

1ഇസ്രായേലിലേക്ക് കൃഷി പഠിക്കാൻ പോയ കണ്ണൂർ സ്വദേശി എവിടെ?

കേരളത്തിൽ നിന്നും ഇസ്രായേലിലേക്ക് കൃഷി വകുപ്പിന്‍റെ നേതൃത്വത്തിൽ പോയ പഠന സംഘത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി ബിജു കുര്യനെ കാണാനില്ലെന്ന വാർത്തയാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. വെള്ളിയാഴ്ച രാത്രി മുതലാണ് ബിജു കുര്യനെ കാണാതായതെന്ന് കാട്ടി എംബസിയിലും ഇസ്രായേൽ പൊലീസിലും പരാതി നൽകിയ ശേഷമാണ് 27 അംഗ സംഘത്തെ നയിച്ച കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് മടങ്ങിയത്. എന്നാൽ പിന്നീട് ബിജു കുര്യൻ കുടുംബവുമായി ബന്ധപ്പെട്ടു. സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കണ്ടെന്നും ബിജു ഭാര്യയോട് പറഞ്ഞെന്നും അവർ അറിയിച്ചു. എന്നാൽ സംഭവം വലിയ വിവാദമായിട്ടുണ്ട്.

2'ഇസ്രായേലിലേക്ക് അയച്ചത് നല്ല ഉദ്ദേശത്തോടെ, ബിജു കുര്യൻ മുങ്ങിയത് ആസൂത്രിതമായി': മന്ത്രി പ്രസാദ്

കൃഷി വകുപ്പിന്‍റെ നേതൃത്വത്തിൽ ഇസ്രായേലിലേക്ക് സന്ദർശനത്തിന് പോയ കർഷകരുടെ സംഘത്തിൽപ്പെട്ടയാൾ മുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി കൃഷിമന്ത്രി പി പ്രസാദ് പിന്നീട് രംഗത്തെത്തി. നല്ല ഉദ്ദേശത്തോടെയാണ് കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചതെന്നും വിശദമായ പരിശോധനക്ക് ശേഷമാണ് സംഘത്തിലേക്ക് കർഷകരെ തെരഞ്ഞെടുത്തതെന്നും പി പ്രസാദ് പറഞ്ഞു. ഇന്നു രാവിലെയെങ്കിലും ഇയാൾ സംഘത്തോടൊപ്പം ചേരും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. രണ്ട് പെൺകുട്ടികളുടെ അച്ഛൻ കൂടിയാണ് ഇയാൾ. വളരെ ആസൂത്രിതമായാണ് ഇയാൾ മുങ്ങിയതെന്നാണ് മനസ്സിലാക്കുന്നത്. ഇയാൾക്ക് എന്തെങ്കിലും അപകടമുണ്ടായതായി അറിവില്ല. ഇസ്രയേലിൽ പോയ സംഘം കേരളത്തിൽ തിരിച്ചെത്തിയ ശേഷം കേരളത്തിൽ സ്വീകരിക്കേണ്ട നിയമനടപടികൾ ആലോചിക്കുമെന്നും പി പ്രസാദ് വ്യക്തമാക്കി.

3 ധനഞെരുക്കം മറികടക്കാൻ കടമെടുപ്പ്; 2000 കോടി കടമെടുത്ത് ഒരു മാസത്തെ പെൻഷന്‍ വിതരണം

ധനഞെരുക്കം മറികടക്കാൻ സാമൂഹ്യ സുരക്ഷ പെൻഷൻ കമ്പനി വഴി പണം കടമെടുക്കാൻ സംസ്ഥാന സര്‍ക്കാര്‍. 2000 കോടി കടമെടുത്ത് ഒരു മാസത്തെ പെൻഷന് വിതരണം ചെയ്യാനും ബാക്കി തുക നിത്യ ചെലവുകൾക്ക് മാറ്റി വയ്ക്കാനുമാണ് സര്‍ക്കാരിന്‍റെ തീരുമാനം. ഡിസംബര്‍ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച ഉത്തരവും ഉടനിറങ്ങും. കടമെടുപ്പ് പരിധിക്ക് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നിത്യ ചെലവിന് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണ് സംസ്ഥാന ധനവകുപ്പിന് ഉള്ളത്. ക്ഷേമ പെൻഷൻ രണ്ട് മാസത്തെ കുടിശികയായി. ശമ്പള വിതരണവും വായ്പാ തിരിച്ചടവും അടക്കം പ്രതിസന്ധികൾ പലത് ഉള്ള സാഹചര്യത്തിലാണ് 2000 കോടി സഹകരണ മേഖലയിൽ നിന്ന് വായ്പയെടുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. 

4മുഖ്യമന്ത്രിക്ക് സുരക്ഷ: വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്ക് അഴിപ്പിച്ചു; കെഎസ്‍യു നേതാക്കൾക്ക് കരുതൽ കസ്റ്റഡി

മുഖ്യമന്ത്രിയുടെ കനത്ത സുരക്ഷ ഇന്നും ത‍ുടരുകയാണ്. കറുത്ത വസ്ത്രങ്ങളണിഞ്ഞവരെ തടഞ്ഞിരുന്ന പൊലീസ് ഇന്ന് കോഴിക്കോട് കോളജില്‍ വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്ക്ക് അഴിപ്പിക്കുകയും ചെയ്തു. ഗവണ്‍മെന്‍റ് ആര്‍ട്‍സ് കോളജില്‍ മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ രണ്ട് വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്കാണ് പൊലീസ് അഴിപ്പിച്ചത്. ഗവണ്‍മെന്‍റ് ആര്‍ട്സ് കോളജില്‍ ജൈവ വൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനെ ചെയ്യാനായി മുഖ്യമന്ത്രി എത്തും മുമ്പായിരുന്നു പൊലീസ് വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ് അഴിപ്പിച്ചത്. എന്നാല്‍ കറുത്ത മാസ്കിനോ വസ്ത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും പ്രതിഷേധത്തിന്‍റെ രീതിയില്‍ ഇവ അണിഞ്ഞ് വരരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തതെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. പൊലീസിന്‍റെ നിര്‍ദ്ദേശാനുസരണമാണ് നിര്‍ദ്ദേശം നല്‍കിയതെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. കോഴിക്കോട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിനെത്തിയ രണ്ട് കെഎസ്‍യു നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലെടുക്കുകയും ചെയ്തു. കെഎസ്‍യു ജില്ലാ വൈസ് പ്രസിഡണ്ട് വിടി സൂരജ്, ബ്ളോക്ക് പ്രസിഡണ്ട് രാഗിന്‍ എന്നിവരെയാണ് ഗസ്റ്റ് ഗൗസിന് സമീപം വച്ച് പൊലീസ് പിടികൂടിയത്.

5'മന്ത്രി ആന്റണി രാജുവിന്റെ നിലപാട് ഇടതുവിരുദ്ധം', ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയണം': സിഐടിയു

കെഎസ് ആർ ടിസിയിലെ ശമ്പള വിവാദത്തിൽ ഗതാഗത വകുപ്പ് മന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി സിഐടിയു രംഗത്തെത്തിയതാണ് ഇന്നത്തെ മറ്റൊരു പ്രധാനവാർത്ത. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നിലപാട് ഇടതുവിരുദ്ധമാണെന്ന് സിഐടിയു വൈസ് പ്രസിഡന്റ്‌ എകെ ബാലൻ കുറ്റപ്പെടുത്തി. തൊഴിലാളികളെ ഒരു സംഘടനയിലേക്ക് എത്തിക്കാൻ മാനേജ്‌മെന്റ് ശ്രമിക്കുകയാണ്. വകുപ്പ് മന്ത്രിക്ക് ഇത് തിരിച്ചറിയാൻ കഴിയണമെന്ന് ബാലൻ പറഞ്ഞു. ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിന് പിന്നിൽ മാനേജ്‌മെന്റിനു മറ്റെന്തോ അജണ്ടയുണ്ട്. ഒരു വിഭാഗം ഉദ്യോഗസ്ഥർ മന്ത്രിമാരെ സോപ്പിട്ടു കാര്യം കാണുന്നു. ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിയണമെന്നും എകെ ബാലൻ തുറന്നടിച്ചു.

6 'ക്രൈസ്തവർക്കെതിരെ പലയിടത്തും അക്രമങ്ങൾ നടക്കുന്നു, മതസ്വാതന്ത്രവും ജീവിക്കാനുള്ള അവകാശവും ഹനിക്കപ്പെടുന്നു'

രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നുവെന്ന് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര കുറ്റപ്പെടുത്തി. ക്രൈസ്തവർക്കെതിരെ പലയിടത്തും അക്രമങ്ങൾ നടക്കുന്നു.ഭരണഘടന നൽകുന്ന മത സ്വാതന്ത്രവും ജീവിക്കാനുള്ള അവകാശവും ഹനിക്കപ്പെടുന്നു.ആക്രമണങ്ങൾക്കെതിരെ പരാതി നൽകിയിട്ടും കൃത്യമായ നടപടിയെടുക്കാത്ത സാഹചര്യം ആണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ക്രൈസ്തവർക്ക് എതിരെ മാത്രമല്ല മറ്റു മത വിഭാഗങ്ങൾക്ക് എതിരെയും ആക്രമണം നടക്കുന്നു.കഴിക്കുന്ന ഭക്ഷണത്തിന്‍റെയോ വസ്ത്രത്തിന്‍റെയോ പേരിൽ ഒരാള്‍ പീഡിപ്പിക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

7'ബിജെപി ദേശീയ സെക്രട്ടറിയുടെ അനുയായി കോൺഗ്രസിൽ'; ഇനിയും നേതാക്കൾ വരുമെന്ന് ഡി കെ ശിവകുമാർ

ബിജെപി ദേശീയ സെക്രട്ടറി സി ടി രവിയുടെ അടുത്ത അനുയായി എച്ച് ഡി തിമ്മയ്യ കോൺഗ്രസിൽ ചേർന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ചിക്കമഗളുരുവിലെ ലിംഗായത്ത് നേതാവായ തിമ്മയ്യ അതൃപ്തി പരസ്യമാക്കി പാർട്ടി വിട്ടത്. ഇനിയും നിരവധി ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക് എത്തുമെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു. ബിജെപി ചിക്കമഗളൂരു സിറ്റി യൂണിറ്റ് അംഗവും ലിംഗായത്ത് നേതാവുമായ എച്ച് ഡി തിമ്മയ്യ 18 വർഷം പാർട്ടിയിൽ പ്രവർത്തിച്ചിട്ടും ഒരു അംഗീകാരവും കിട്ടാത്തതിലെ അതൃപ്തി മൂലമാണ് പാർട്ടി വിട്ടത്. ചിക്കമഗളൂരുവിൽ നിന്ന് മാത്രം മാത്രം 13 ബിജെപി നേതാക്കൾ കോൺഗ്രസ് സീറ്റിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും, കൂടുതൽ ബിജെപി നേതാക്കൾ പാർട്ടിയിലെത്തുമെന്നും ഡി കെ ശിവകുമാർ വെളിപ്പെടുത്തി.

8ലോക്സഭ തെരഞ്ഞെടുപ്പിനുള്ള റോഡ് മാപ്പൊരുക്കാന്‍ കോണ്‍ഗ്രസ്, പ്രതിപക്ഷ സഖ്യം ലക്ഷ്യം, പ്ലീനറിയില്‍ പ്രമേയം വരും

പ്രതിപക്ഷ സഖ്യ പ്രഖ്യാപനത്തിന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം തീരുമാനമെടുത്തേക്കുമെന്ന വാ‍ർത്തയും ഇന്ന് പുറത്തുവന്നിരുന്നു. ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിനുളള രാഷ്ട്രീയ പ്രമേയം അടുത്തയാഴ്ച ചേരുന്ന പ്ലീനറിയില്‍ അവതരിപ്പിക്കും. 2024 ലോക് സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ റോഡ് മാപ്പാകും റായ്പൂര്‍ പ്ലീനറി സമ്മേളനം. ഒറ്റയ്ക്ക് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടന ശേഷിയില്ലെന്ന് തിരിച്ചറിഞ്ഞാണ് സമാനമനസ്കരുമായി കൈകോര്‍ക്കാനുള്ള തീരുമാനം. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ഈ നീക്കത്തിന് നാന്ദിയാകുകയും ചെയ്തു. 21 പ്രതിപക്ഷ പാര്‍ട്ടികളെ യാത്രയുടെ സമാപനസമ്മേളനത്തിലേക്ക് ക്ഷണിച്ചെങ്കിലും കൈകോര്‍ക്കാന്‍ സന്നദ്ധമാണെന്ന സന്ദേശവുമായി എട്ട് പാര്‍ട്ടികളെത്തിയിരുന്നു. പിന്തിരിഞ്ഞു നില്‍ക്കുന്ന പാര്‍ട്ടികളുമായി കോണ്‍ഗ്രസിന്‍റെ കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ ചര്‍ച്ച നടത്തി സഖ്യത്തിനുള്ള വഴി തെളിക്കാനാണ് നീക്കം.

9ജഡേജയ്ക്ക് പത്ത് വിക്കറ്റ്! മൂന്നാംപക്കം ഓസീസിനെ തീര്‍ത്തു; ദില്ലി ടെസ്റ്റില്‍ ഇന്ത്യയുടെ ജയം ആറ് വിക്കറ്റിന്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം നേടിയെന്നതാണ് കായികലോകത്തെ വാർത്ത. 115 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അത് നേടി. ഇതോടെ നാല് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. സ്‌കോര്‍ ഓസ്‌ട്രേലിയ 263 & 113. ഇന്ത്യ 262 & 118/4. ഏഴ് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിനെ തകര്‍ത്തത്. അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ടെസ്റ്റില്‍ ഒന്നാകെ ജഡേജ 10 വിക്കറ്റ് വീഴ്ത്തി. 43 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ ടോപ് സ്‌കോറര്‍. മര്‍നസ് ലബുഷെയ്ന്‍ 35 റണ്‍സെടുത്തു. ഓസീസ് നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചിരുന്നില്ല.

10സന്തോഷ് ട്രോഫി: നിലവിലെ ചാമ്പ്യന്‍മാരായ കേരളം പുറത്ത്

സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളം പുറത്തായതാണ് കായികലോകത്തെ മറ്റൊരു പ്രധാനവാർത്ത. അവസാന ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ പഞ്ചാബിനോട് സമനില വഴങ്ങിയതാണ് ചാമ്പ്യന്‍മാര്‍ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ പഞ്ചാബിനെതിരെ കേരളത്തിന് ജയം അനാവാര്യമായിരുന്നു. പഞ്ചാബും കര്‍ണാടകയും ഗ്രൂപ്പ് എയില്‍ നിന്ന് സെമിയിലെത്തി. ആതിഥേയരായ ഒഡിഷയെ 2-2ന് സമനില പിടിച്ചാണ് കര്‍ണാടക സെമിക്ക് യോഗ്യരായത്.

YouTube video player