മണിപ്പൂരിലെ മാധ്യമ പ്രവര്‍ത്തകന്‍റെയും ഛത്തീസ്ഗഡിലെ കാര്‍ട്ടൂണിസ്റ്റിന്‍റേതടക്കമുള്ള എല്ലാ ഹര്‍ജികളും 27-ന് ഒന്നിച്ച് പരിഗണിക്കാമെന്ന് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ ശശികുമാറിന് കേസിൽ കക്ഷി ചേരാനുള്ള അനുമതിയും സുപ്രീംകോടതി നൽകി.

ദില്ലി: ഇന്ത്യൻ ശിക്ഷാ നിയമത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124 എ വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ട് മാധ്യമപ്രവർത്തകരുടെ ഹർജികളിൽ അറ്റോർണി ജനറലിന്‍റെ നിലപാട് തേടി സുപ്രീംകോടതി. രണ്ടാഴ്ചക്കകം അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ട് എജിക്ക് കോടതി നോട്ടീസ് നൽകി. 

Add Asianetnews as a Preferred SourcegooglePreferred

കേസ് ഇനി വരുന്ന 27-ാം തീയതി സുപ്രീംകോടതി പരിഗണിക്കും. മണിപ്പൂരിലെ മാധ്യമ പ്രവര്‍ത്തകന്‍റെയും ഛത്തീസ്ഗഡിലെ കാര്‍ട്ടൂണിസ്റ്റിന്‍റേതടക്കമുള്ള എല്ലാ ഹര്‍ജികളും 27-ന് ഒന്നിച്ച് പരിഗണിക്കാമെന്ന് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ ശശികുമാറിന് കേസിൽ കക്ഷി ചേരാനുള്ള അനുമതിയും സുപ്രീംകോടതി നൽകി.

ഭരണകൂടത്തെ വിമർശിച്ച് ഫെയ്സ് ബുക്കിൽ കുറിപ്പിട്ടതിന് രാജ്യദ്രോഹക്കുറ്റം നേരിടുന്ന രണ്ട് മാധ്യമ പ്രവർത്തകർ നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ യു.യു ലളിത്, അജയ് രസ്തോഗി എന്നിവരുടെ ബഞ്ച് പരിഗണിക്കുന്നത്.

മണിപ്പൂരിലെ മാധ്യമ പ്രവർത്തകൻ കിഷോർ ചന്ദ്ര വാങ്ഖ്ചെ, ഛത്തീസ്ഘട്ടിലെ കാർട്ടൂണിസ്റ്റ് കനയ്യലാൽ ശുക്ല എന്നിവരാണ് ഹർജിക്കാർ. മണിപ്പൂർ സർവ്വകലാശാലയിലെ പ്രതിസന്ധി പരിഹരിക്കാത്തതിന് അവിടുത്തെ മുഖ്യമന്ത്രിയെ പ്രധാനമന്ത്രിയുടെ ഏജന്‍റ് എന്ന് വിളിച്ചുവെന്നാണ് കിഷോർ ചന്ദ്രക്കെതിരായ കേസ്. പോലീസിന്‍റെ വ്യാജ ഏറ്റുമുട്ടൽ സംബന്ധിച്ച കാർട്ടൂൺ പോസ്റ്റ് ചെയ്തതാണ് കനയ്യ ലാലിനെതിരായ കേസ്. 

ഭരണഘടന ഉറപ്പ് വരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണ് 124 എ വകുപ്പെന്നും, നിയമത്തിലെ വ്യക്തത കുറവ് മൂലം അത് ദുരുപയോഗം ചെയ്യുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.