
ദില്ലി: ദില്ലിയിൽ തന്‍റെ മുൻ ലിവ്- ഇൻ പങ്കാളിയേയും, കൂടെ താമസിച്ചിരുന്ന കൂട്ടുകാരിയുടെ ആറു മാസം പ്രായമായ കുഞ്ഞിനെയും യുവാവ് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. തന്‍റെ കാമുകിയുടെ സുഹൃത്തിന്‍റെ ഭർത്താവിനോടുള്ള വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതിയായ യുവാവ് പൊലീസിന് മൊഴി നൽകി. ഉത്തരാഖണ്ഡ് സ്വദേശിനിയായ സോനൽ ആര്യയെ (22) ആണ് കാമുകനായിരുന്ന നിഖിൽ കുമാർ (23) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ആര്യയുടെ സുഹൃത്തായ രാഷ്മികയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും നിഖിൽ കൊലപ്പെടുത്തി.
ഡൽഹിയിലെ മജ്‌നു കാടിലയിലാണ് ക്രൂര സംഭവം നടന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സുഹൃത്തായ രാഷ്മിയ്ക്കും ദുർഗേഷിനുമൊപ്പമാണ് കൊല്ലപ്പെട്ട ആര്യ താമസിച്ചിരുന്നത്. ആര്യ ഗർഭിണിയായിരുന്നെന്നും, കൂട്ടുകാരിയുടെ ഭർത്താവായ ദുർഗേഷിന്റെ സഹായത്തോടെയാണ് ഗർഛിദ്രം നടത്തിയതെന്നുമാണ് നിഖിൽ പറയുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അവരുടെ ആറ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും നിഖിൽ പൊലീസിനോട് വെളിപ്പെടുത്തി. സംഭവത്തിന് ശേഷം ഒളിവിൽ പോയ നിഖിലിനെ ഉത്തരാഖണ്ഡിലെ ഹൽഡ്‌വാനിയിൽനിന്നുമാണ് പൊലീസ് പിടികൂടിയത്.
തന്റെ കുഞ്ഞിനെ ഇല്ലാതാക്കിയതിലുള്ള പ്രതികാരമാണ് ദർഗേഷിന്റെ ആറ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നാണ് നിഖിലിന്‍റെ മൊഴി. ദുർഗേഷിന്റെ മൊബൈൽ കടയിൽനിന്ന് വാങ്ങിയ ബ്ലേഡ് കൊണ്ടാണ് ആര്യയുടെ കഴുത്തറുത്തതെന്നും നിഖിൽ പറഞ്ഞു. 2023ലാണ് ആര്യയും നിഖിലും പരിചയത്തിലാകുന്നത്. 2024ൽ ആര്യ ഗർഭിണിയായിരുന്നു. എന്നാൽ കുഞ്ഞിനെ ഉത്തരാഖണ്ഡിലെ ഒരാൾക്ക് വിറ്റെന്നും തുടർന്ന് വസീറാബാദിൽ നിഖിലും ആര്യയും ഒരുമിച്ച് താമസം തുടങ്ങിയെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
നിഖിൽ ആര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നു. നിഖിലിന്റെ ഉപദ്രവം സഹിക്കാനാകാതെയാണ് ഈ വർഷം ജനുവരിയിൽ ആര്യ കൂട്ടുകാരിയുടെ വീട്ടിലേക്ക് മാറിയതെന്നാണ് വിവരം. നിസാര കാര്യങ്ങൾക്ക് പോലും നിഖിൽ ആര്യയെ ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്നും, ജൂൺ 24ന് നിഖിലിനെതിരെ ആര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. ഫുഡ് ഡെലിവറി ഏജന്‍റായി ജോലി ചെയ്യുന്നയാളാണ് നിഖില്‍. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam