
ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ യമുനാ നദിയിൽ കുളിക്കാനിറങ്ങിയ ആറ് പെൺകുട്ടികൾ മുങ്ങിമരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ചൂടിൽ നിന്ന് രക്ഷപ്പെടാൻ നദിയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. സിക്കന്ദ്ര പോലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം നടന്നത്. വയലിൽ ജോലി ചെയ്ത ശേഷം പെൺകുട്ടികൾ നദിയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.
കനത്ത ചൂടിൽ ആശ്വാസത്തിനായാണ് ഇവർ വെള്ളത്തിൽ ഇറങ്ങിയതെന്നാണ് വിവരം. ആദ്യം തീരത്ത് കളിക്കുകയും വീഡിയോ എടുക്കുകയും ചെയ്യുന്നതാണ് ആദ്യം കണ്ടതെന്നും പിന്നീട് റീലെടുക്കാൻ ആഴത്തിലേക്ക് പോയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നുവെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവം നടന്നയുടൻ നാട്ടുകാരും അധികൃതരും ചേർന്ന് തെരച്ചിൽ ആരംഭിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച ആറ് പെൺകുട്ടികളും ഒരേ കൂട്ടുകുടുംബത്തിൽപ്പെട്ടവരും സമീപ ഗ്രാമവാസികളുമായിരുന്നു.
'നദിക്കരയിൽ അവർ ജോലി ചെയ്തിരുന്ന ഒരു കൃഷിയിടമുണ്ട്. അമിതമായ ചൂട് കാരണം, ചൂട് മാറ്റാൻ അവർ വെള്ളത്തിൽ ഇറങ്ങി. അത്തരമൊരു ദുരന്തം സംഭവിക്കുമെന്ന് ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചില്ല' എന്ന് മരിച്ച പെൺകുട്ടിയുടെ ബന്ധു പറഞ്ഞു. മൃതദേഹങ്ങൾ കണ്ടെത്തി പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മാറ്റി. ആറ് പെൺകുട്ടികളും മുങ്ങിമരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ദുരന്ത ബാധിത കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയിട്ടുണ്ട്. ദുരന്തത്തിൻ്റെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam