
ഭോപ്പാൽ: മേഘാലയയിൽ ഹണിമൂണ്‍ ആഘോഷിക്കാൻ പോയി കാണാതായ ദമ്പതികളിൽ ബിസിനസുകാരനായ നവവരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് പിന്നാലെ കാണാതായ ഭാര്യക്കായി അന്വേഷണം തുടരുന്നു. ഇൻഡോർ സ്വദേശികളായ രാജ രഘുവംശിയേയും ഭാര്യ സോനമിനേയും മെയ് 23 നാണ് മേഘാലയയിൽ നിന്നും കാണാതാവുന്നത്. പിന്നീട് 11 ദിവസങ്ങൾക്ക് ശേഷം തിങ്കളാഴ്ച രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇതിനിടെ കാണാതാവുന്നതിന് മുമ്പ് മരുമകൾ സോന തന്‍റെ ഭർതൃമാതാവുമായി വാട്ട്സാപ്പിൽ ഓഡിയ സന്ദേശത്തിലൂടെ സംസാരിച്ചതെന്ന് കരുതുന്ന ഓഡിയോ പുറത്ത് വന്നിട്ടുണ്ട്.
ഹണിമൂണിനിടെ വാടകയ്‌ക്കെടുത്ത സ്‌കൂട്ടറിൽ മൗലഖിയാത് ഗ്രാമത്തിലെത്തിയ ദമ്പതികൾ മലയിടുക്കിലൂടെ യാത്ര നടത്തിയിരുന്നു. ഇതിനിടെ സോനം അമ്മായിയമ്മയുമായി വാട്ട്സ്ആപ്പിൽ ചാറ്റ് ചെയ്തിരുന്നതായാണ് പുറത്ത് വരുന്ന വിവരം. വ്രതമെടുക്കുന്നതിനെപ്പറ്റി സംസാരിക്കുകയും ഇതിനിടെ എന്താണ് നീ കിതക്കുന്നതെന്ന് ഭാര്യാമാതാവ് ചോദിക്കുന്നതും പുറത്തുവന്ന ശബ്ദ സന്ദേശത്തിൽ ഉണ്ട്. യാത്രക്കിടെ താൻ വ്രതം എടുത്തുവെന്ന് സോനം പറയുന്നുണ്ട്. ഭക്ഷണം കഴിക്കാൻ ഭാര്യാമാതാവ് പറഞ്ഞതിന് ആ സമയത്ത് താൻ ട്രെക്കിംഗ് നടത്തുകയായിരുന്നെന്ന് പറഞ്ഞ സോനം, "കാട്ടിൽ ഒന്നും ലഭിക്കില്ല" എന്ന് പറയുന്നതും ഓഡിയോയിൽ ഉണ്ട്.
അതേസമയം ഓഡിയോ ക്ലിപ്പിന്റെ ആധികാരികത പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മരിച്ച നിലയിൽ കണ്ടെത്തിയ 30കാരനായ രാജ രഘുവംശി വ്യവസായിയാണ്. മെയ് 11 ന് വിവാഹിതരായ രാജവും സോനവും മെയ് 20 നാണ് ഗുവാഹത്തിയിലേക്ക് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. മെയ് 23ന് ചിറാപുഞ്ചിയിൽ എത്തിയപ്പോൾ ദമ്പതികൾ വീട്ടിൽ വിളിച്ച് സംസാരിച്ചിരുന്നു. പിന്നീട് ഒരു വിവരവും ഇല്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ദമ്പതികളെ തട്ടിക്കൊണ്ടുപോയതാവാമെന്ന സംശയം ബന്ധുക്കൾ ഉന്നയിച്ചിരുന്നു. പ്രദേശത്തെ ഹോട്ടൽ ജീവനക്കാർക്കും ഇരുചക്ര വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നവർക്കും പങ്കുണ്ടാവാമെന്ന സംശയവും കുടുംബം പങ്കുവച്ചു. എന്നാൽ എന്താണ് സംഭവിച്ചതെന്ന വ്യക്തമായ സൂചനകൾ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.
പൊലീസ് പറയുന്നതനുസരിച്ച്, ദമ്പതികൾ മെയ് 22 ന് മൗലഖിയാത് ഗ്രാമത്തിൽ എത്തി. തുടർന്ന് രാത്രി അവിടെ താമസിച്ച നോൻഗ്രിയാത്തിലേക്ക് പോയി. പിറ്റേന്ന് രാവിലെ അവർ ഹോംസ്റ്റേ വിട്ടു. മെയ് 24 ന്, ഷില്ലോങ്ങിൽ നിന്ന് ചിറാപുഞ്ചി എന്നറിയപ്പെടുന്ന സൊഹ്രയിലേക്കുള്ള റോഡരികിലെ ഒരു കഫേയ്ക്ക് പുറത്ത് നിന്നാണ് അവരുടെ സ്കൂട്ടർ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നോൻഗ്രിയാത് ഗ്രാമത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ഒരു മലയിടുക്കിൽ നിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. വലതുകൈയിലെ 'രാജ' എന്നെഴുതിയ ടാറ്റൂവിൽ നിന്നാണ് സഹോദരൻ മൃതദേഹം തിരിച്ചറിഞ്ഞത്. ഒരു സ്ത്രീയുടെ വെള്ള ഷർട്ട്, മരുന്നിന്റെ ഒരു സ്ട്രിപ്പ്, മൊബൈൽ ഫോണിന്റെ എൽസിഡി സ്ക്രീനിന്റെ ഒരു ഭാഗം, ഒരു സ്മാർട്ട് വാച്ച് എന്നിവയും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam