ആസിഡ് ആക്രമണ പരാതിയിൽ വൻ ട്വിസ്റ്റ്; പെണ്‍കുട്ടി കൈ പൊള്ളിച്ചത് ടോയ്‍ലറ്റ് ക്ലീനർ ഉപയോഗിച്ച്, ആസൂത്രണം ചെയ്തത് പിതാവെന്ന് പൊലീസ്

Published : Oct 28, 2025, 10:09 AM IST
Delhi fake acid attack case

Synopsis

ദില്ലിയിൽ 20കാരി നൽകിയ ആസിഡ് ആക്രമണ പരാതി നാടകമാണെന്ന് പൊലീസ്. പെൺകുട്ടിയെ കേസിൽ പ്രതി ചേർക്കുമെന്ന് പൊലീസ് പറഞ്ഞു. അച്ഛനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. 

ദില്ലി: ദില്ലിയിലെ 20കാരിയുടെ ആസിഡ് ആക്രമണ പരാതി നാടകമെന്ന് പൊലീസ്. പെൺകുട്ടിയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ വഴിത്തിരിവായി. പ്രതികൾ എന്ന് പെണ്‍കുട്ടി പറഞ്ഞ മൂന്ന് പേരും ആക്രമണം നടന്ന സമയത്ത് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഒരാൾ കരോൾ ബാഗിൽ ആയിരുന്നു എന്നതിന് തെളിവ് ലഭിച്ചു. മറ്റു രണ്ടു പേരും ആക്രമണ സമയത്ത് ആഗ്രയിൽ ആയിരുന്നു. ആക്രമണം നടന്ന സ്ഥലത്ത് നിന്നും ആസിഡിന്‍റെ സാന്നിധ്യം പൊലീസിന് കണ്ടെത്താനായില്ല. പെൺകുട്ടി ടോയ്‍ലറ്റ് ക്ലീനർ ഉപയോഗിച്ചാണ് കയ്യിൽ പൊള്ളൽ ഏൽപ്പിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. പെൺകുട്ടിയെയും കേസിൽ പ്രതി ചേർക്കുമെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടി പറഞ്ഞത്…

കോളജിലേക്ക് പോകുമ്പോൾ ദിവസങ്ങളായി തന്നെ പിന്തുടർന്ന ജിതേന്ദ്ര എന്ന യുവാവും അയാളുടെ രണ്ട് കൂട്ടാളികളായ അർമാൻ, ഇഷാൻ എന്നിവരും ചേർന്ന് ആസിഡ് ഒഴിച്ചു എന്നാണ് ബികോം വിദ്യാർത്ഥിനി നേരത്തെ പറഞ്ഞത്. മുഖത്തേക്ക് ഒഴിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞപ്പോൾ കയ്യിൽ പൊള്ളലേറ്റു എന്നായിരുന്നു മൊഴി. എന്നാൽ പെണ്‍കുട്ടി പ്രതികളെന്ന് ചൂണ്ടിക്കാട്ടിയ മൂന്ന് പേരും സംഭവം നടക്കുമ്പോൾ സ്ഥലത്തില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ അച്ഛൻ അഖീൽ ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്നാണ് എല്ലാം നാടകമായിരുന്നുവെന്ന് പൊലീസ് പറഞ്ഞത്.

അച്ഛൻ അറസ്റ്റിൽ

സംഭവത്തിന് രണ്ടു ദിവസം മുൻപ് പെൺകുട്ടിയുടെ അച്ഛനെതിരെ പ്രതിയെന്ന് പെണ്‍കുട്ടി പറഞ്ഞവരിൽ ഒരാളുടെ ഭാര്യ പൊലീസിൽ ലൈംഗികാതിക്രമ പരാതി നൽകിയിരുന്നു. അഖീൽ ഖാൻ തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നായിരുന്നു പരാതി. 2021 മുതൽ മൂന്ന് വർഷം താൻ അഖീലിന്‍റെ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നുവെന്നും അവിടെ വെച്ച് ബലാൽസംഗം ചെയ്തുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ഫോട്ടോകളും വീഡിയോകളും എടുത്ത് ബ്ലാക്ക് മെയിൽ ചെയ്തെന്നും യുവതിയുടെ പരാതിയിൽ പറഞ്ഞിട്ടുണ്ട്. പ്രതികളെന്ന് യുവതി പറഞ്ഞ മറ്റു രണ്ട് യുവാക്കളുടെ അമ്മയും അഖീൽ ഖാനെതിരെ രംഗത്തെത്തി. അഖീൽ ഖാന്‍റെ ബന്ധുക്കൾ തനിക്ക് നേരെ 2018ൽ ആസിഡ് ആക്രമണം നടത്തിയെന്നാണ് യുവാക്കളുടെ അമ്മ പറഞ്ഞത്. ഇവരും അഖീൽ ഖാനും തമ്മിലുള്ള സ്ഥല തർക്കം കോടതിയുടെ പരിഗണനയിലാണ്. ഇക്കാരണങ്ങളാൽ പക വീട്ടാൻ പെണ്‍കുട്ടിയും അച്ഛനും ചേർന്ന് മൂന്ന് യുവാക്കൾക്കെതിരെ ആസിഡ് ആക്രമണ പരാതി കെട്ടിച്ചമച്ചതാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൃദയഭേദകം! ക്ലോസറ്റിൽ ബ്ലോക്ക്, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒരു കുഞ്ഞു കൈ; ഭോപ്പാലിൽ ആശുപത്രിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
നാവിക സേന ആസ്ഥാനത്തിനടുത്ത് പരിക്കേറ്റ നിലയിൽ കടൽകാക്ക; പരിശോധനയിൽ ശരീരത്തിൽ ജിപിഎസ്, വനംവകുപ്പിന് കൈമാറി