
മഹാരാഷ്ട്ര: വമ്പൻ ഹിറ്റായ ധൂം സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഹൈവേയിൽ ഓടുന്ന ട്രക്കിന് മുകളിൽ കയറി മോഷണം. മഹാരാഷ്ട്രയിലെ രത്നാപൂർ ഗ്രാമത്തിന് സമീപം സോളാപൂർ-ധൂലെ ഹൈവേയിൽ ഓടുന്ന ട്രക്കിന് മുകളിൽ കയറി മോഷണം നടത്തുന്ന സംഘത്തിലെ രണ്ട് പേരുടെയാണ് ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. പട്ടാപ്പകൽ ആണ് ഈ മോഷണം.
വാഹനം ഓടുന്നതിനിടെ സംഘത്തിലെ ചിലർ ട്രക്കിന്‍റെ മുകളിൽ കയറി സാധനങ്ങൾ മോഷ്ടിക്കുന്നതും, മോഷ്ടിച്ച സാധനങ്ങൾ പിന്നാലെ വരുന്ന ബൈക്ക് യാത്രികർക്ക് കൈമാറുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ ധാരശിവിലെ ലോക്കൽ ക്രൈം ബ്രാഞ്ച് നടപടിയെടുക്കുകയും സംഘത്തിലെ ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
എന്താണ് മോഷ്ടിക്കപ്പെട്ടതെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, സമാനമായ മോഷണങ്ങളെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും കരുതുന്നു. ഈ സംഭവം കൂടാതെ, സംസ്ഥാനത്തെ യെർമാല പ്രദേശത്തും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ രാത്രിയിൽ ട്രക്ക് ഡ്രൈവർമാരെ തടഞ്ഞുനിർത്തി ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.