തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയിൽ വൻ സംഘർഷം, തെരുവിൽ ഏറ്റുമുട്ടൽ; എഐസിസി അംഗം ആശുപത്രിയിൽ

By Web TeamFirst Published Jan 18, 2023, 7:19 PM IST
Highlights

ഉച്ചയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിലായി തുടങ്ങിയ അസ്വാരസ്യങ്ങളാണ് വലിയ സംഘർഷത്തിലേക്ക് നീങ്ങിയത്

അഗർത്തല: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുര സംഘർഷ ഭരിതം. കോൺഗ്രസ് - ബി ജെ പി പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടിയതോടെ വൻ തോതിലുള്ള സംഘർഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. നിരവധി വാഹനങ്ങ‌ൾ കത്തിച്ച പ്രവർത്തകർ വലിയ തോതിൽ അക്രമാസക്തരുമായി. കോൺഗ്രസ് - ബി ജെ പി സംഘർഷത്തിൽ എ ഐ സി സി അംഗവും ത്രിപുരയുടെ ചുമതലയുമുള്ള അജോയ് കുമാറിനടക്കം പരിക്കേറ്റു. അജോയ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിലായി തുടങ്ങിയ അസ്വാരസ്യങ്ങളാണ് വലിയ സംഘർഷത്തിലേക്ക് നീങ്ങിയത്.

ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് കടക്കാനിരിക്കെ കോൺഗ്രസിന് തിരിച്ചടി; കത്വ കേസ് അഭിഭാഷക പാർട്ടി വിട്ടു

അതേസമയം ത്രിപുരയിൽ ഫെബ്രുവരി 16 ന് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഇന്ന് ഉച്ചയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച്. മേഘാലയ, നാഗാലാന്‍റ് എന്നീ സംസ്ഥാനങ്ങൾക്കൊപ്പം മാര്‍ച്ച് 2 നാകും വോട്ടെണ്ണലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നിട്ടുണ്ട്.

ത്രിപുരയില്‍ ബി ജെ പിക്കെതിരെ സി പി എം - കോണ്‍ഗ്രസ് ധാരണയായതോടെ മത്സരം ശക്തമാകും. വിശാല പ്രതിപക്ഷ ഐക്യത്തിലേക്ക് പ്രത്യുദ് ദേബ് ബർമന്‍റെ തിപ്ര മോത പാര്‍ട്ടിയെ കൂടി കൊണ്ടു വരാനാണ് സി പി എം - കോണ്‍ഗ്രസ് പാർട്ടികൾ ശ്രമിക്കുന്നത്. മോദി പ്രഭാവവും സംസ്ഥാന സർക്കാരിന്‍റെ വികസനവും വോട്ടാക്കി ഭരണ തുടര്‍ച്ച നേടാനായി ത്രിപുരയില്‍ റാലികളുമായി ബി ജെ പി സജീവമാണ്. ബിപ്ലബ് ദേവിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയെ ആക്കിയതിലൂടെ ഭരണവിരുദ്ധ വികാരവും ആഭ്യന്തരപ്രശ്നവും പരിഹരിക്കാനായെന്നും ബി ജെ പി കരുതുന്നു. എന്നാൽ കോൺഗ്രസ് സഹകരണത്തോടെ ഭരണം തിരിച്ചുപിടിക്കാം എന്ന പ്രതീക്ഷയിലാണ് സി പി എം.

click me!