Asianet News MalayalamAsianet News Malayalam

ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് കടക്കാനിരിക്കെ കോൺഗ്രസിന് തിരിച്ചടി; കത്വ കേസ് അഭിഭാഷക പാർട്ടി വിട്ടു

മുന്‍ മന്ത്രി ചൗധരി ലാല്‍ സിംഗിനെ ഭാരത് ജോഡോ യാത്രയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ദീപിക രജാവത്തിന്‍റെ രാജി തീരുമാനം.

Deepika Rajawat resigns from Congress ahead of Bharat Jodo Yatra enters kashmir
Author
First Published Jan 18, 2023, 4:00 PM IST

ജമ്മു: കത്വകേസിലെ അഭിഭാഷകയും, ജമ്മുകശ്മീരിലെ കോണ്‍ഗ്രസ് വക്താവുമായ ദീപിക രജാവത്ത് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് നാളെ കടക്കാനിരിക്കെ, ദീപിക രജാവത്തിന്‍റെ രാജി കോൺഗ്രസിന് വലിയ ക്ഷീണമായി. മുന്‍ മന്ത്രി ചൗധരി ലാല്‍ സിംഗിനെ ഭാരത് ജോഡോ യാത്രയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ദീപിക രജാവത്ത് രാജി വയ്ക്കാൻ തീരുമാനിച്ചത്. ഏറെ കോളിളക്കമുണ്ടാക്കിയ കത്വ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിട്ടയാളാണ് ചൗധരി ലാല്‍ സിംഗ്. ക്വത്വ പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം നിന്ന തനിക്ക്, ചൗധരി ലാല്‍ സിംഗിനൊപ്പം വേദി പങ്കിടാനാവില്ലെന്നറിയിച്ചാണ് ട്വിറ്ററിലൂടെ ദീപിക രാജി പ്രഖ്യാപിച്ചത്.

നമ്മൾ കഠിനാധ്വാനം ചെയ്യുന്നു, വാർത്തകളിലാകെ ചിലരുടെ 'സിനിമ ബഹിഷ്കരണം', അത് വേണ്ട; കടുപ്പിച്ച് പ്രധാനമന്ത്രി

അതേസമയം പഞ്ചാബിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ മന്‍പ്രീത് സിംഗ് ബാദലും ഇന്ന് പാർട്ടി വിട്ടിരുന്നു. മന്‍പ്രീത് സിംഗ് കോൺഗ്രസ് വിട്ട് ബി ജെ പിയിലാണ് ചേര്‍ന്നത്. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പഞ്ചാബ് വിട്ടതിന് തൊട്ട് പിന്നാലെയാണ് മന്‍പ്രീത് സിംഗ് ബി ജെ പിയിലെത്തിയത്. പഞ്ചാബ് കോണ്‍ഗ്രസിലെ കടുത്ത  വിഭാഗീയതയെ തുടർന്നാണ് ബാദല്‍ പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിന്‍റെ പോക്കില്‍ നിരാശയുണ്ടെന്നും വിഭാഗീയത ആളിക്കത്തിക്കാനാണ് ദേശീയ നേതൃത്വം ശ്രമിക്കുന്നതെന്നും ബി ജെ പി അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം പ്രതികരിച്ചിരുന്നു. ബി ജെ പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കോൺഗ്രസിനെതിരെ കടുത്ത ഭാഷയിലാണ് മന്‍പ്രീത് സിംഗ് പ്രതികരിച്ചത്.

അതിനിടെ ഭാരത് ജോ‍ഡോ യാത്രയുടെ സമാപനത്തിൽ പങ്കെടുക്കുമെന്ന് സി പി ഐ വ്യക്തമാക്കി. സി പി ഐ നേതാവും എം പിയുമായ ബിനോയ് വിശ്വം ഇക്കാര്യം ഇന്ന് സ്ഥിരീകരിച്ചു. ഇന്ത്യ എന്ന ആശയത്തന്‍റെ രക്ഷക്ക് വേണ്ടിയുള്ള നീക്കമാണ് ഭാരത് ജോ‍ഡോ യാത്രയെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നതെന്നും മല്ലികാർജ്ജുന്‍ ഖാർഗെയും രാഹുല്‍ഗാന്ധിയും അയച്ച കത്ത് പരിഗണിച്ചാണ് തീരുമാനമെന്നും ബിനോയ് വിശ്വം ദില്ലിയില്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios