ഹൂതി ആക്രമണം: റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

Published : Oct 08, 2026, 07:41 PM IST
Riyadh Flight Cancellation

Synopsis

ഹൂതികളുടെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റിയാദിലേക്കുള്ള വിമാന സ‍ർവീസുകൾ താൽക്കാലികമായി റദ്ദാക്കി. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ കമ്പനികളാണ് സർവീസുകൾ റദ്ദാക്കിയത്.

ദില്ലി: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ റിയാദിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ കമ്പനികളാണ് ഒക്ടോബർ 10 വരെയുള്ള തങ്ങളുടെ റിയാദ് സർവീസുകൾ നിർത്തിവെച്ചതായി പ്രഖ്യാപിച്ചത്. മേഖലയിലെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം മുൻനിർത്തിയാണ് തീരുമാനം.

ആക്രമണ വാർത്തകൾ പുറത്തുവന്നതോടെ ദില്ലിയിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം (AI2243) യാത്ര മധ്യേ അടിയന്തരമായി ദില്ലിയിലേക്ക് തന്നെ തിരിച്ചുവിട്ടു. ഗുജറാത്തിന് മുകളിലൂടെ അറബിക്കടലിലേക്ക് പ്രവേശിക്കാനിരിക്കെയാണ് പൈലറ്റുമാർ വിമാനം യു-ടേൺ അടിച്ച് തിരികെ കൊണ്ടുപോയത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് എയർലൈനുകൾ സർവീസുകൾ പെട്ടെന്ന് നിർത്തിവെച്ചത്.

പെട്ടെന്നുണ്ടായ വിമാനം റദ്ദാക്കൽ മൂലം ബുദ്ധിമുട്ടിലായ യാത്രക്കാർക്കായി വിമാനക്കമ്പനികൾ ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ടിക്കറ്റ് റദ്ദാക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ നൽകാനോ യാത്രക്കാർക്ക് അധിക നിരക്കുകൾ ഇല്ലാതെ തന്നെ മറ്റൊരു തീയതിയിലേക്ക് ടിക്കറ്റുകൾ സൗജന്യമായി മാറ്റി നൽകാനോ തയ്യാറാണെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷാ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഒക്ടോബർ 10ന് ശേഷം സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വക്താക്കൾ അറിയിച്ചു.

സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, തെക്കൻ പ്രവിശ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്ക് നേരെയാണ് ഹൂതികൾ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തിയത്. ആക്രമണങ്ങളിൽ വിദേശ പൗരന്മാർ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

ആക്രമണത്തിന് പിന്നാലെ, മക്കയിലേക്കും മദീനയിലേക്കുമുള്ള ആകാശപാത ഒഴികെ സൗദി അറേബ്യയുടെ വ്യോമാതിർത്തി മുഴുവൻ തങ്ങളുടെ സൈനിക നടപടികളുടെ പരിധിയിലാണെന്നും അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഇവിടെ സർവീസ് നടത്തുന്നതിനെതിരെ അവസാന മുന്നറിയിപ്പ് നൽകുകയാണെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരീ വ്യക്തമാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻഡിഗോക്ക് പിന്നാലെ വിമാനയാത്രാ നിരക്കുകൾ വർദ്ധിപ്പിച്ച് മറ്റ് കമ്പനികളും, ആകാശ എയറും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസിലും നാളെ മുതൽ പ്രാബല്യത്തിൽ
കാൻസർ മരുന്നുകളുടെ വില 70%-ത്തോളം കുറയും; നിർണായക തീരുമാനമെടുത്ത് കേന്ദ്രസർക്കാർ; നടപടി സുപ്രീം കോടതി നിർദേശപ്രകാരം