
കൊൽക്കത്ത: അയോധ്യയിൽ നിന്ന് 856 കിലോമീറ്റർ അകലെ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ബാബ്റി മസ്‌ജിദ്, രാമക്ഷേത്ര മാതൃകകളിൽ പുതിയ ആരാധനാലയങ്ങൾ നിർമ്മിക്കാനുള്ള പദ്ധതികൾക്ക് രണ്ട് വിഭാഗങ്ങൾ തുടക്കം കുറിച്ചു. ഇത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് പുതിയ വിവാദത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ഡിസംബർ ആറിന് മുസ്ലിം ആരാധനാലയത്തിനുള്ള തറക്കല്ലിടുമെന്ന പോസ്റ്ററുകൾക്ക് പിന്നിൽ ഭരത്‌പൂറിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീറാണ്. ഇതേ ജില്ലയിൽ അയോധ്യ മാതൃകയിൽ രാമക്ഷേത്രം നിർമിക്കാൻ രണ്ട് ഹിന്ദു സംഘടനകൾ ട്രസ്റ്റുകൾ രൂപീകരിച്ചതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.
ഒരു കാലത്ത് ഇടതുപക്ഷത്തിൻ്റെ ഉറച്ച കോട്ടയായിരുന്ന പശ്ചിമ ബംഗാളിൽ ഇപ്പോൾ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് നടക്കുന്നത്. ഇതിൻ്റെ കൂടെ പശ്ചാത്തലത്തിലാണ് പുതിയ വിവാദം ശക്തമാകുന്നത്. സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് പുതിയ വിവാദം. സംഭവത്തിൻ്റെ പ്രഭവ കേന്ദ്രമായ മുർഷിദാബാദ് ജില്ല ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ല കൂടിയാണ്.
ബാബ്റി മസ്‌ജിദ് തകർക്കപ്പെട്ടതിൻ്റെ വാർഷിക ദിനമായ ഡിസംബർ ആറിന് മുസ്ലിം ആരാധനാലയത്തിന് തറക്കല്ലിടുമെന്ന് വ്യക്തമാക്കി പലയിടത്തായി പോസ്റ്ററുകളും ബാനറുകളും പതിച്ചിട്ടുണ്ട്. ബാബ്റി മസ്‌ജിദിന് സമാനമായ പള്ളി നിർമിക്കുമെന്നാണ് പോസ്റ്ററിലെ ചിത്രങ്ങളും സൂചിപ്പിക്കുന്നത്. ഡിസംബർ നാലിന് മുഖ്യമന്ത്രി മമത ബാനർജി മുർഷിദാബാദ് സന്ദർശിക്കുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്ന എംഎൽഎ ഹുമയൂൺ കബീർ വെസ്റ്റ് ബംഗാൾ ഇസ്ലാമിക് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറി കൂടിയാണ്.
എസ്ഐആറുമായി ബന്ധപ്പെട്ട് മുർഷിദാബാദ് ജില്ലയിൽ വലിയ വിവാദം നടക്കുന്നതിനിടെയാണ് ഈ സംഭവം. 2002 ലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ ജില്ലയിലെ വോട്ടർമാരുടെ എണ്ണത്തിൽ 87.65 ശതമാനമാണ് വർധനവുണ്ടായത്. ഉത്തർ ദിനാജ്പൂർ (105.49%), മാൾഡ (94.58%), സൗത്ത് -24 പർഗാനാസ് (83.30%), ജൽപൈഗുരി (82.3%), കൂച്ച് ബെഹാർ (76.52%), നോർത്ത് -24 പർഗാനാസ് (72.18%), നാദിയ (71.46%), ദക്ഷിണ ദിനാജ്പൂർ (70.94%) എന്നിവിടങ്ങളിലും വോട്ടർമാരുടെ എണ്ണം ഉയർന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam