
കൊൽക്കത്ത: ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കാൻ ബിഎസ്എഫിന് 142.79 ഏക്കർ ഭൂമി കൈമാറി പശ്ചിമ ബംഗാൾ സർക്കാർ. ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കാനും വേലികൾ നിർമിക്കാനുമാണ് സ്ഥലം കൈമാറിയത്. ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഭൂമി കൈമാറ്റം. മെയ് 11ന് ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് അതിർത്തിയിൽ വേലി നിർമാണത്തിനും മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികൾക്കുമായി 45 ദിവസത്തിനകം 600 ഏക്കർ ഭൂമി കൈമാറാൻ സർക്കാർ തീരുമാനിച്ചത്.
സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ ഭൂമിയാണ് ബിഎസ്എഫിന് കൈമാറിയത്. കൂച്ച്ബിഹാർ ജില്ലയിലെ 22.92 ഏക്കറാണ് കൈമാറിയത്. ജൽപൈഗുരിയിൽനിന്ന് 35.16 ഏക്കറും ഡാർജീലിങ്ങിൽനിന്ന് 8.81 ഏക്കറും ഉത്തർ ദിനജ്പുരിൽനിന്ന് 2.84 ഏക്കറും ദക്ഷിണ ദിനജ്പുരിൽനിന്ന് 20.17 ഏക്കറും കൈമാറി. കൂടാതെ, മാൾഡയിൽനിന്ന് 10.9 ഏക്കറും മുർഷിദാബാദിൽനിന്ന് 38.8 ഏക്കറും നദിയയിൽനിന്ന് 0.55 ഏക്കറും നോർത്ത് പർഗാനാസിൽനിന്ന് 2.6 ഏക്കറും കൈമാറിയിട്ടുണ്ട്.
അതിർത്തി വേലികൾ ശക്തമാക്കി ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം തടയുക അടക്കമുള്ള ലക്ഷ്യങ്ങളോടെ ആണ് സംസ്ഥാനം ബിഎസ്എഫിന് ഭൂമി കൈമാറിയത്. ആദ്യഘട്ടത്തിൽ ബംഗാൾ സർക്കാർ കൈമാറിയ ഭൂമിയിൽ ബിഎസ്എഫ് വേലി നിർമാണം ആരംഭിച്ചിരുന്നു. സിലിഗുരിയിലെ ഫാൻസിഡേവയിലാണ് നിർമാണപ്രവൃത്തി ആരംഭിച്ചത്. ഇതിൽ സന്തോഷം പ്രകടിപ്പിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. മുൻപ് ഒരു സുരക്ഷയുമില്ലാത്ത അതിർത്തി മേഖലയായിരുന്നു ഇതെന്നും കന്നുകാലികളെ മേയ്ക്കാൻ പോലും പറ്റാത്ത സാഹചര്യമായിരുന്നുവെന്നും അതിർത്തിയിൽ താമസിക്കുന്നവർ പ്രതികരിച്ചിരുന്നു.
പശ്ചിമ ബംഗാൾ 2,217 കിലോമീറ്ററാണ് ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്നത്. നിലവിൽ 1,600 കിലോമീറ്റർ അതിർത്തിയിൽ വേലി നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. 600 ഓളം കിലോമീറ്ററിൽ വേലിയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam