
ബെംഗളൂരു: ജോലിസ്ഥലങ്ങളിൽ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ഒരു യുവതി നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പേര് വെളിപ്പെടുത്താൻ താൽപ്പര്യപ്പെടാത്ത ഒരു ഉദ്യോഗസ്ഥയാണ് തൻ്റെ മാനേജർ ദേഷ്യപ്പെട്ട് മൗസ് തന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ സംഭവം വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം ബെംഗളൂരുവിൽ നടന്ന 'ടെക് റോസ്റ്റ് ഷോ'യിലാണ് തനിക്ക് നേരിട്ട ദുരനുഭവം യുവതി തുറന്നുപറഞ്ഞത്. ഈ സംഭവത്തെക്കുറിച്ച് അവർ സംസാരിക്കുന്ന വീഡിയോ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു. പിന്നാലെയാണ് ജോലിസ്ഥലത്തെ മോശം അനുഭവങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു.
'ടെക് റോസ്റ്റ് ഷോ'യിലെ സദസ്സിൽ പങ്കെടുത്ത പ്രൊഡക്റ്റ് ഡിസൈനറായ ഇവരോട് ജോലിയിലെ ഏറ്റവും മോശം അനുഭവം എന്തായിരുന്നുവെന്ന് ചോദിച്ചപ്പോഴാണ് സംഭവം വെളിപ്പെടുത്തിയത്. തൻ്റെ മുൻ കമ്പനിയിൽ വെച്ചാണ് ദുരനുഭവമുണ്ടായതെന്നാണ് യുവതി പറയുന്നത്. ജോലിയുടെ അവസാന ദിവസം മാനേജർ ഒരു ജോലി ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് ആശയക്കുഴപ്പം ഉണ്ടാകുകയും മറ്റൊരു കാര്യം ചെയ്യുകയുമുണ്ടായി. ഇത് വ്യക്തമായ മാനേജർ ദേഷ്യപ്പെട്ട് കമ്പ്യൂട്ടർ മൗസ് മുഖത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. മുംബൈയിൽ ജോലി ചെയ്യുന്ന സമയത്താണ് ഈ സംഭവം നടന്നതെന്നും യുവതി പറയുന്നുണ്ട്.
"ഈ സംഭവം തനിക്ക് കടുത്ത മാനസികാഘാതമുണ്ടാക്കിയെന്നും യുവതി പറയുന്നു. അതിനുശേഷം ഏത് കമ്പനിയിൽ ജോലിക്ക് ചേരുമ്പോഴും, എന്നോട് ദേഷ്യപ്പെട്ട് സംസാരിക്കാതെ പ്രശ്നങ്ങൾ സ്നേഹത്തോടെയും അനുകമ്പയോടെയും കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും യുവതി പറയുന്നു.
തൻ്റെ മാനേജർക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയാറുണ്ടായിരുന്നില്ലെന്നും, തന്നോട് മാത്രമല്ല മറ്റ് ജീവനക്കാരോടും ഇങ്ങനെ പെരുമാറിയിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. എൻ്റെ മുന്നിൽ വെച്ചും ഞാൻ രാജിവെച്ച് പോയതിന് ശേഷവും പലരോടും അയാൾ ഇങ്ങനെ ദേഷ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
ജോലിസ്ഥലത്തെ മോശം അനുഭവങ്ങൾ
ഡിസൈൻ ഇൻഡസ്ട്രിയിൽ ഇത്തരം മോശം പ്രവൃത്തികൾ സാധാരണമാണെന്ന് യുവതി പറഞ്ഞു. "ഡിസൈൻ ഇൻഡസ്ട്രിയിൽ ഇങ്ങനെയുള്ള മോശം തൊഴിൽ സംസ്കാരം സാധാരണമാണ്, കുറഞ്ഞ ശമ്പളവും ഇതിന് കാരണമാകും. ഈ സംഭവം വായിക്കുന്നത് ഇങ്ങനെയുള്ള പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ ആളുകൾക്ക് കൂടുതൽ ധൈര്യം നൽകുമെന്ന് ഞാൻ കരുതുന്നു, കാരണം ഇത് വളരെ സാധാരണമാണ്, എന്നാൽ പലപ്പോഴും ആരും ഇതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല," അവർ കൂട്ടിച്ചേർത്തു.