'നിതീഷിന്റെ മുന്നണി മാറ്റം സ്ത്രീകൾ കാമുകൻമാരെ മാറ്റുന്നത് പോലെ', ബിജെപി നേതാവിന്റെ പ്രസംഗം വിവാദത്തിൽ

By Web TeamFirst Published Aug 19, 2022, 11:12 AM IST
Highlights

''ഞാൻ കുറച്ച് നാൾ വിദേശത്തായിരുന്നു, അവിടെ വച്ച് ചിലരെല്ലാം പറഞ്ഞു, അവിടുത്തെ സ്ത്രീകൾ എപ്പോൾ വേണമെങ്കിലും കാമുകൻമാരെ മാറ്റും. ബിഹാര്‍ മുഖ്യമന്ത്രി ഇതുപോലെയാണ്...''

ദില്ലി : ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാസ് വിജയ വര്‍ഗ്ഗീയ. 'സ്ത്രീകൾ കാമുകൻമാരെ മാറ്റുന്നത് പോലെയാണ് നിതീഷ് കുമാര്‍ മുന്നണി മാറുന്നത്' എന്ന  കൈലാസ് വിജയ വര്‍ഗ്ഗീയയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദമാവുകയാണ്. ദിവസങ്ങൾക്ക് മുമ്പ് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ മുന്നണി വിട്ടിരുന്നു. പിന്നാലെ ലാലു പ്രസാദ് യാദവിനൊപ്പം ചേര്‍ന്ന നിതീഷ് കുമാര്‍ തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തിരുന്നു. 

നേരത്തേ ലാലു പ്രസാദ് യാദവുമായി ചേര്‍ന്ന് മഹാഗത്ബന്ധൻ ആരംഭിച്ച നിതീഷ് എന്നാൽ അത് വിട്ടാണ് ബിജെപിയിൽ ചേര്‍ന്നത്. അതും അവസാനിപ്പിച്ചാണ് ഇപ്പോഴത്തെ തിരിച്ചുപോക്ക്. 'എപ്പോൾ വേണമെങ്കിലും കാമുകൻമാരെ മാറ്റുന്ന വിദേശ വനിതകള്‍ പോലെ' എന്നാണ് നിതീഷ് കുമാറിനെക്കുറിച്ച് വിജയ വര്‍ഗ്ഗീയ പറഞ്ഞതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

''ഞാൻ കുറച്ച് നാൾ വിദേശത്തായിരുന്നു, അവിടെ വച്ച് ചിലരെല്ലാം പറഞ്ഞു, അവിടുത്തെ സ്ത്രീകൾ എപ്പോൾ വേണമെങ്കിലും കാമുകൻമാരെ മാറ്റും. ബിഹാര്‍ മുഖ്യമന്ത്രി ഇതുപോലെയാണ്. നമുക്ക് ഒരിക്കലും അറിയാൻ പറ്റില്ല, അദ്ദേഹം ആരുടെ കൈ പിടിക്കുമെന്നും വിടുമെന്നും''. - കൈലാഷ് വിജയ വര്‍ഗ്ഗീയ പറഞ്ഞു.  വിജയ വര്‍ഗ്ഗീയയുടെ പ്രസംഗത്തിനെതിരെ കോൺഗ്രസ് വക്താവ് രൺദീപ് സുര്‍ജെവാല രംഗത്തെത്തി. “ബിജെപി ജനറൽ സെക്രട്ടറി സ്ത്രീകളോട് കാണിക്കുന്ന ബഹുമാനത്തിന് ഉദ്ദാഹരണമാണ് ഇത്“ - വിജയ വര്‍ഗ്ഗീയയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവച്ച് സുര്‍ജ്ജേവാല കുറിച്ചു.  

भाजपा के राष्ट्रीय महासचिव द्वारा नारी सम्मान का नया नमूना 👇 pic.twitter.com/DEGr5ojM5r

— Randeep Singh Surjewala (@rssurjewala)

കോൺഗ്രസും സംസ്ഥാനത്തെ പ്രാദേശിക പാര്‍ട്ടികളും ആര്‍ജെഡിക്കും ജെഡിയുവിനുമൊപ്പമുണ്ട്. ഇടത് പാര്‍ട്ടികൾ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കുകയാണ്. 12 എംഎൽഎ മാരുള്ള സിപിഐ എംഎൽ, രണ്ട് വീതം എംഎൽഎമാരുള്ള സിപിഐ, സിപിഎം പാര്‍ട്ടികൾ സഖ്യത്തിന്റെ ഭാഗമായി മന്ത്രിസഭയിൽ ചേരാതെ, സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കാനാണ് തീരുമാനിച്ചത്. സര്‍ക്കാരിന്റെ നയ രൂപീകരണങ്ങളിൽ സമ്മ‍ര്‍ദ്ദം ചെലുത്തി നിലപാടെടുപ്പിക്കാൻ സാധിക്കുന്ന തരത്തിൽ അംഗബലം ഇല്ലെന്നതാണ് സഖ്യത്തെ പുറത്ത് നിന്ന് പിന്തുണക്കാനുള്ള കാരണമായി ഇടത് പാര്‍ട്ടികൾ പറയുന്നത്.

Read More : ബീഹാറില്‍ ആരുടേയും കൂട്ട് വേണ്ട, ലോക്സഭ തെരഞ്ഞെടുപ്പ് ഒറ്റക്ക് നേരിടും,35 സീറ്റില്‍ വിജയസാധ്യതയെന്ന് ബിജെപി

click me!