
ദില്ലി: ദില്ലിയിൽ ഒരിടവേളയ്ക്ക് ശേഷം യമുന നദിയെച്ചൊല്ലി രാഷ്ട്രീയ വാഗ്വാദം സജീവമാകുന്നു. ബിജെപി സർക്കാർ അധികാരമേറ്റ ശേഷം യമുന നദിയിൽ മലിനീകരണം കുറഞ്ഞു എന്ന അവകാശവാദവുമായി നദിയിൽ മുങ്ങിക്കുളിച്ചും വെള്ളം കുടിച്ചു കാണിച്ചും ബിജെപി എംപി മനോജ് തിവാരി.
വ്യാഴാഴ്ച സോണിയ വിഹാർ ഘട്ടിൽ എത്തിയാണ് മനോജ് തിവാരി യമുനയിൽ മുങ്ങിക്കുളിച്ചതും നദിയിലെ വെള്ളം കുടിച്ചതും. പിന്നാലെ, രാഹുൽ ഗാന്ധിയെയും അരവിന്ദ് കെജ്രിവാളിനെയും യമുനയിൽ മുങ്ങിക്കുളിക്കാൻ മനോജ് തിവാരി ക്ഷണിച്ചു. ജനങ്ങൾക്ക് ഒരിക്കൽ കൂടി യമുനയിൽ ഛത് പൂജ ആഘോഷങ്ങൾ നടത്താമെന്നും ഈസ്റ്റ് ദില്ലി എംപിയായ മനോജ് തിവാരി പറഞ്ഞു. എന്നാൽ മനോജ് തിവാരി മുങ്ങിക്കുളിച്ചത് യമുനയുടെ വൃത്തിയുള്ള ഭാഗത്താണെന്ന് പറഞ്ഞ എഎപി, കാളിന്ദി കുഞ്ച് ഘട്ടിൽ നിന്ന് വെള്ളം കുടിക്കാൻ തയ്യാറാണോ എന്നും വെല്ലുവിളിച്ചു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
യമുനയുടെ ഓരങ്ങളിലെ ദേശാടനപക്ഷികളുടെ സാന്നിധ്യം നദിയുടെ സ്ഥിതി മെച്ചപ്പെട്ടുവെന്ന സൂചന നൽകുന്നതാണെന്നും മനോജ് തിവാരി പറഞ്ഞു. നദി വൃത്തിയില്ലാതെ കിടക്കുകയായിരുന്നെങ്കിൽ ഇത്തരം പക്ഷികൾ ഇവിടെ വരില്ലായിരുന്നു. നദിയിൽ മുതലകളും കാണും. ശുദ്ധമായ വെള്ളത്തിൽ മാത്രമേ മുതലകൾ ഉണ്ടാകൂ എന്നും മനോജ് തിവാരി പറഞ്ഞു.
केजरीवाल जी और राहुल गांधी जी, यह रील नहीं, हकीकत है।
यह दिल्ली की ही यमुना जी हैं। आज मैंने यहाँ स्नान भी किया और आचमन भी किया।
केजरीवाल जी राहुल गांधी जी आप कब आ रहे हो डुबकी लगाने?
@ArvindKejriwal @RahulGandhi https://t.co/cjrvQNUCqN
— Manoj Tiwari (@ManojTiwariMP) October 29, 2026
നദി മലിനമാകുന്നതിൽ ഹരിയാനയെ കുറ്റപ്പെടുത്താനാണ് എഎപി സർക്കാർ ശ്രമിച്ചത്. ബിജെപി അധികാരമേറ്റ് ഒന്നര വർഷത്തിനുള്ളിൽ നദിയുടെ പകുതിയും വൃത്തിയാക്കിയെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ബാക്കിയുള്ള പ്രവൃത്തി പൂർത്തിയാക്കുമെന്നും മനോജ് തിവാരി പറഞ്ഞു. കഴിഞ്ഞ 27 വർഷംകൊണ്ട് കോൺഗ്രസിനും എഎപിക്കും ചെയ്യാൻ പറ്റാത്തതാണ് ബിജെപി സർക്കാർ രണ്ട് വർഷംകൊണ്ട് ചെയ്തതെന്നും ബിജെപി ദില്ലി ഘടകം എക്സിലൂടെ പ്രതികരിച്ചു. യമുനയിൽ മുങ്ങിക്കുളിക്കാനും ബിജെപി കെജ്രിവാളിനെ വെല്ലുവിളിച്ചു.
അതേസമയം ബിജെപിക്ക് ദില്ലിയെക്കുറിച്ച് ഒന്നും അറിയില്ലെന്നും മനോജ് തിവാരി മുങ്ങിക്കുളിച്ച ഭാഗം എപ്പോഴും താരതമ്യേന വൃത്തിയുള്ളതാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണെന്നും ദില്ലി എഎപി അധ്യക്ഷൻ സൗരവ് ഭരദ്വജ് പറഞ്ഞു. എഎപി സർക്കാരിന്റെ കാലത്ത് ഇത് കൂടുതൽ വൃത്തിയുള്ളതായിരുന്നു. കാളിന്ദി കുഞ്ച് ഘാട്ടിൽ വന്ന് വെള്ളം കുടിക്കാൻ മനോജ് തിവാരിയെയും ജലവിഭവ മന്ത്രി പർവേശ് വർമ്മയെയും വെല്ലുവിളിക്കുന്നു. കഴിഞ്ഞ വർഷവും അവർ ഈ വെല്ലുവിളിയിൽ നിന്ന് ഓടിയൊളിച്ചതാണ്. ഈ വർഷവും അവർ ഓടിയൊളിക്കുക തന്നെ ചെയ്യുമെന്നും സൗരവ് ഭരദ്വാജ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam