ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യാ സഖ്യത്തിന്‍റെ ജനകീയ കുറ്റവിചാരണ മാറ്റിവെക്കാൻ ആലോചന.

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യാ സഖ്യത്തിൻ്റെ ഇന്നത്തെ ജനകീയ കുറ്റവിചാരണ മാറ്റിവെക്കാൻ ആലോചന. ദില്ലിയിലെ മോശം കാലാവസ്ഥ പരിഗണിച്ചാണ് പരിപാടി മാറ്റിവെക്കാനുള്ള സാധ്യത പരിശോധിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യ നേതാക്കൾ ഉടൻ മാധ്യമങ്ങളെ കാണും. അതിനിടെ, പ്രതിപക്ഷ സമരം പാർലമെൻ്റിനെ അപമാനിക്കുന്ന നടപടിയാണെന്ന് ബിജെപി വിമർശിച്ചു.

വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ രാജാജി മാർഗിലെ പത്താം നമ്പർ വസതിയിൽ പ്രതീകാത്മക പരിപാടി സംഘടിപ്പിക്കാനായിരുന്നു ഇന്ത്യാ സഖ്യം തീരുമാനിച്ചത്. പരിപാടിക്ക് രാഹുൽ ഗാന്ധി അടക്കമുള്ള ഇന്ത്യാ സഖ്യ നേതാക്കൾ വലിയ പ്രചാരണം നൽകിയിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

മുൻ സ്പീക്കർ മീരാ കുമാർ അധ്യക്ഷയാകുന്ന ചടങ്ങിൽ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന പ്രമേയം മല്ലികാർജുൻ ഖാർഗെ അവതരിപ്പിക്കാനായിരുന്നു തീരുമാനം. 30 പേരെ പരിപാടിയിൽ സംസാരിക്കാനും നിശ്ചയിച്ചിരുന്നു. ഇതിൽ 21 പേർ വിവിധ കക്ഷികളിൽ നിന്നുളളവരായിരുന്നു. വോട്ടർ പട്ടിക പരിഷ്ക്കരണത്തിൻ്റെ ഇരകളായി അവതരിപ്പിക്കുന്ന നാലുപേർ അനുഭവം പങ്കുവെക്കുന്ന രീതിയിലായിരുന്നു പരിപാടി. യോഗേന്ദ്ര യാദവടക്കം പൗരവകാശ പ്രവർത്തകരെ പരിപാടിയിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചിരുന്നു.

രാഹുൽ ഗാന്ധി മറുപടി നൽകുന്ന പരിപാടിയിൽ അവസാനം ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. 400 പേരെ ചടങ്ങിലേക്ക് പ്രതീക്ഷിച്ചിരുന്നു. നടപടി സർക്കാരിനുള്ള ശക്തമായ താക്കീതാണെന്നും പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ പാർലമെൻറ് പിരിച്ചുവിട്ട് ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ് നടത്തട്ടേയെന്നും മല്ലികാർജുൻ ഖർഗെ പ്രതികരിച്ചിരുന്നു.

YouTube video player