നിരാഹാര സമരം അവസാനിപ്പിക്കാൻ സോനം വാങ്ചുക്ക് കേന്ദ്രത്തിന് മുന്നിൽ നിബന്ധനകൾ വെച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ രാജി, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സഹായധനം നൽകുക എന്നീ ഉറപ്പുകൾ പാലിച്ചാൽ സമരം നിർത്താമെന്ന് അദ്ദേഹം കത്തിലൂടെ അറിയിച്ചു
ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ അവകാശങ്ങൾക്കായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന് മുന്നിൽ നിബന്ധന വച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക്. കേന്ദ്ര സർക്കാർ നൽകിയ 2 ഉറപ്പുകൾ പാലിച്ചാൽ സമരം അവസാനിപ്പിക്കാമെന്ന് സോനം കത്തയച്ചു. നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്നും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റുന്ന കാര്യം ആലോചിക്കാമെന്നും സർക്കാർ അറിയിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സഹായധനം നൽകുന്നത് പരിഗണിക്കാമെന്ന വാഗ്ദാനവും സർക്കാർ നൽകിയിരുന്നു. ഈ രണ്ട് കാര്യങ്ങളും അടിയന്തരമായി നടപ്പാക്കിയാൽ നിരാഹാര സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്നാണ് വാങ്ചുക്ക് കത്തിലൂടെ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.
നിരാഹാരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് ദീപ്കെ
അതേസമയം ധർമ്മേന്ദ്ര പ്രധാന്‍റെ രാജിക്കും വിദ്യാർഥികളുടെ അവകാശങ്ങൾക്കുമായി സമരം ചെയ്യുന്ന സോനം വാങ്ചുക്കിനോട് നിരാഹാര സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് സി ജെ പി നേതൃത്വം രംഗത്തെത്തി. ആരോഗ്യം മോശമാകുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന അദ്ദേഹത്തിന്റെ ജീവൻ പരമപ്രധാനമാണെന്നും, ഈ പോരാട്ടത്തിൽ രാജ്യത്തിന് അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമുണ്ടെന്നും സി ജെ പി നേതാവ് അഭിജിത് ദീപ്കെ പ്രതികരിച്ചു. വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച നേതാക്കൾ, ധർമ്മേന്ദ്ര പ്രധാന്‍റെ രാജി കേന്ദ്രം ചോദിച്ച് വാങ്ങണമെന്നും ആവശ്യപ്പെട്ടു. ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്നും അഭിജിത് ദീപ്കെ വ്യക്തമാക്കി.
കേന്ദ്രം - സി ജെ പി ചർച്ചക്ക് സാധ്യത മങ്ങുന്നു
അതേസമയം സി ജെ പി - കേന്ദ്രസർക്കാർ ചർച്ചക്ക് സാധ്യത മങ്ങുന്നുവെന്നാണ് വ്യക്തമാകുന്നത്. ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചക്ക് പോകില്ലെന്ന് സി ജെ പി വക്താക്കൾ അറിയിച്ചു. കഴിഞ്ഞ തവണ ചർച്ചയ്ക്ക് പോയപ്പോൾ പൊലീസ് സമരക്കാരെ ആക്രമിച്ചു. അത് ആവർത്തിക്കാൻ അനുവദിക്കില്ല. ചർച്ചയ്ക്ക് സാധ്യത ഇല്ലെന്നും സി ജെ പി നേതാവ് സൗരവ് ദാസ് വ്യക്തമാക്കി. ചർച്ചക്കായി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് വേദിയും പ്രതിഷേധക്കാർ നിർദേശിച്ചു. എന്നാൽ കേന്ദ്രം ഇതിന് തയാറാകുന്നില്ല. നിഷ്പക്ഷമായ വേദിയിൽ മാത്രമേ തങ്ങൾ ചർച്ചക്ക് എത്തു എന്നും അദ്ദേഹം സൗരവ് ദാസ് കൂട്ടിച്ചേർത്തു.

