ഡികെയുടെ തന്ത്രം, വൻ തിരിച്ചടിയേറ്റതിന്‍റെ അങ്കലാപ്പിൽ ബിജെപി; ഒരാളോടും പൊറുക്കില്ലെന്ന് പ്രതികരണം, കടുത്ത നടപടികൾ വരുമെന്ന് സംസ്ഥാന അധ്യക്ഷൻ

Published : Jun 19, 2026, 04:25 PM IST
bjp congress

Synopsis

കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഏഴിൽ അഞ്ച് സീറ്റുകളും നേടി കോൺഗ്രസ് വൻ വിജയം സ്വന്തമാക്കി. ബിജെപി-ജെഡിഎസ് സഖ്യത്തിലെ കൂട്ടായ ക്രോസ് വോട്ടിംഗ് കോൺഗ്രസിന്‍റെ അപ്രതീക്ഷിത വിജയത്തിന് വഴിയൊരുക്കുകയും പ്രതിപക്ഷ സഖ്യത്തിലെ ഭിന്നതകൾ മറനീക്കി പുറത്തുകൊണ്ടുവരികയും ചെയ്തു.

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപി-ജെഡിഎസ് പ്രതിപക്ഷ സഖ്യത്തിന് കനത്ത തിരിച്ചടി നൽകിയാണ് ഭരണകക്ഷിയായ കോൺഗ്രസിന് വൻ വിജയം നേടിയത്. ആകെയുള്ള ഏഴ് സീറ്റുകളിൽ അഞ്ചും കോൺഗ്രസ് തൂത്തുവാരിയപ്പോൾ ബിജെപിക്ക് രണ്ട് സീറ്റുകൾ മാത്രമാണ് നേടാനായത്. ബിജെപി, ജെഡിഎസ് ക്യാമ്പുകളിൽ നിന്ന് ഉണ്ടായ കൂട്ടായ ക്രോസ് വോട്ടിംഗാണ് കോൺഗ്രസിന്‍റെ അപ്രതീക്ഷിത അഞ്ചാം സീറ്റ് വിജയത്തിന് വഴിയൊരുക്കിയത്. ഇതോടെ പ്രതിപക്ഷ സഖ്യത്തിനുള്ളിലെ ആഭ്യന്തര ഭിന്നതകൾ പരസ്യമായിരിക്കുകയാണ്.

മാറി വോട്ട് ചെയ്ത എംഎൽഎമാർക്കെതിരെ കർശന അച്ചടക്ക നടപടിയുണ്ടാകുമെന്ന് ബിജെപി മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ തങ്ങൾക്ക് ലഭിക്കേണ്ട 140 വോട്ടുകളേക്കാൾ 11 വോട്ടുകൾ അധികം നേടി ആകെ 151 വോട്ടുകളോടെയാണ് കോൺഗ്രസ് അഞ്ച് സീറ്റുകളിലും വിജയം ഉറപ്പിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥികളായ തിപ്പണ്ണപ്പ കംക്നൂർ, പി വി മോഹൻ, ബി കെ ഹരിപ്രസാദ്, ശിവണ്ണ ബി എസ്, വിനയ് കാർത്തിക് പ്രകാശ് എന്നിവർ ഉജ്ജ്വല വിജയം നേടിയപ്പോൾ, ബിജെപിയുടെ ലിംഗരാജ് പാട്ടീൽ, രഘു ആർ എന്നിവർ ബാക്കി രണ്ട് സീറ്റുകൾ സ്വന്തമാക്കി.

എന്നാൽ ബിജെപിയുടെ പിന്തുണയോടെ ഒരു സീറ്റിൽ മത്സരിച്ച ജെഡിഎസ് (ജനതാദൾ-സെക്കുലർ) സ്ഥാനാർത്ഥി ഗോവിന്ദരാജു ദയനീയമായി പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ ക്യാമ്പിൽ വൻ രാഷ്ട്രീയ കൊടുങ്കാറ്റാണ് ഉയർന്നിരിക്കുന്നത്. തങ്ങളുടെ പാർട്ടിയിൽ നിന്നും സഖ്യകക്ഷിയിൽ നിന്നും ആരെല്ലാമാണ് മാറി വോട്ട് ചെയ്തതെന്ന് കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കർണാടക ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര വ്യക്തമാക്കി.

"ഇന്നലെ ആരാണ് ക്രോസ് വോട്ട് ചെയ്തതെന്നതിനെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ എന്‍റെ പക്കലുണ്ട്. ജെഡിഎസിന്‍റെ ആറോ ഏഴോ എംഎൽഎമാരും ബിജെപിയിൽ നിന്ന് കുറഞ്ഞത് 5-6 എംഎൽഎമാരും മാറി വോട്ട് ചെയ്തിട്ടുണ്ട്. പാർട്ടി ലൈൻ ലംഘിച്ച് വോട്ട് ചെയ്ത സ്വന്തം എംഎൽഎമാരോട് യാതൊരു വിട്ടുവീഴ്ചയുമില്ല," വിജയേന്ദ്ര കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തിരിച്ചടി നേരിട്ടെങ്കിലും ആത്മവിശ്വാസം കൈവിടാതെയായിരുന്നു ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയുടെ പ്രതികരണം. ബിജെപിയുടെ കണക്കുകൾ തള്ളിയ അദ്ദേഹം തങ്ങളുടെ പാർട്ടിയിലെ നാല് പേർ മാത്രമാണ് മാറി വോട്ട് ചെയ്തതെന്ന് അവകാശപ്പെട്ടു. "ആ നാല് പേർ ആരൊക്കെയാണെന്ന് എനിക്കറിയാം. അവർ പാർട്ടി വിടുന്നതിനെക്കുറിച്ച് ചർച്ച ചെയ്തതായും വിവരമുണ്ട്. പോകാൻ താല്പര്യമുള്ളവർക്ക് പോകാം," കുമാരസ്വാമി പറഞ്ഞു.

അമിതമായി ആരെയും വിശ്വസിക്കരുതെന്ന വലിയൊരു പാഠമാണ് ഈ തെരഞ്ഞെടുപ്പ് നൽകുന്നതെന്നും, വരാനിരിക്കുന്ന ബെംഗളൂരു കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പുതിയ യുവതലമുറയെ (ജെൻ സി) അണിനിരത്തി പാർട്ടി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രി ഡി കെ ശിവകുമാറിനും കർണാടക കോൺഗ്രസ് നേതൃത്വത്തിനും ഈ വിജയം വലിയൊരു രാഷ്ട്രീയ ഊർജ്ജമാണ് നൽകിയിരിക്കുന്നത്. സ്വന്തം എംഎൽഎമാരെ ചോർച്ചയില്ലാതെ നിലനിർത്താൻ സാധിച്ചതിനൊപ്പം എതിർപക്ഷത്തുനിന്ന് വോട്ടുകൾ ചോർത്താനും കഴിഞ്ഞത് ഡി കെ ശിവകുമാറിന്‍റെ തന്ത്രപരമായ വിജയമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

4,000 രൂപയ്ക്ക് നീറ്റ് പുനപരീക്ഷ ചോദ്യപ്പേപ്പർ! ടെല​ഗ്രാമിൽ വ്യാജൻ; 19കാരൻ അറസ്റ്റിൽ
മേക്കേദാട്ടു ഡാമിനെതിരെ പ്രമേയം പാസ്സാക്കി തമിഴ്നാട്, പിന്തുണച്ച് കോണ്‍ഗ്രസ് എംഎൽഎമാർ; പദ്ധതിക്കായി രംഗത്തുള്ളത് കർണാടകയിലെ കോണ്‍ഗ്രസ് സർക്കാർ!