ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിഷേധക്കാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിച്ചുള്ള വിധിയിൽ സുപ്രീംകോടതി നൽകിയ പുതിയ വിശദീകരണത്തെ സ്വാഗതം ചെയ്ത് സിജെപി. ഇത് രാജ്യത്തെ യുവജനങ്ങളുടെ വലിയ വിജയമാണെന്ന് സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു.
ദില്ലി: വിദ്യാർത്ഥികൾക്കും പ്രതിഷേധക്കാർക്കും എതിരെയുള്ള എഫ്‌ഐആറുകൾ പിൻവലിക്കുന്ന കാര്യത്തിൽ സുപ്രീംകോടതി നൽകിയ പുതിയ വിശദീകരണം രാജ്യത്തെ യുവജനങ്ങളുടെ വലിയ വിജയമാണെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) മുഖ്യ വക്താവ് സൗരവ് ദാസ്. നിയമപരമായ നടപടികളിലൂടെ എഫ്‌ഐആറുകൾ പിൻവലിക്കുകയോ ക്ലോസ് ചെയ്യുകയോ അല്ലെങ്കിൽ ക്ലോഷർ റിപ്പോർട്ടുകൾ ഫയൽ ചെയ്യുകയോ ചെയ്യാൻ ദില്ലി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ പുതിയ നിരീക്ഷണങ്ങളെ സ്വാഗതം ചെയ്തു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൗരവ് ദാസ്.
"ഇന്ന്, ഈ രാജ്യത്തെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഭിച്ച മറ്റൊരു വലിയ വിജയമാണിത്. ദില്ലി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് സാധ്യമായ ഏത് നിയമ മാർഗത്തിലൂടെയും എഫ്‌ഐആറുകൾ പിൻവലിക്കാനോ അവസാനിപ്പിക്കാനോ കഴിയുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നു"- സൗരവ് ദാസ് പറഞ്ഞു.
മുൻ ഉത്തരവിൽ പറഞ്ഞിരുന്ന ക്രിമിനൽ പശ്ചാത്തലം എന്ന പരാമർശം, കൊലപാതകം, ബലാത്സംഗം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് മാത്രമേ ബാധകമാകൂ എന്നും കോടതി വിശദീകരിച്ചു. ഈ വിശദീകരണം സാധാരണ വിദ്യാർത്ഥികൾക്കും പ്രതിഷേധക്കാർക്കും മുൻപ് രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കു പോലും ഭാവിയിൽ നിയമപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. അതുകൊണ്ട് തന്നെ സാധാരണ വിദ്യാർത്ഥികൾക്കും പ്രതിഷേധക്കാർക്കും ഇതൊരു വലിയ വിജയമാണ്. അവർക്കെതിരായ എല്ലാ എഫ്‌ഐആറുകളും ഇനി റദ്ദാക്കപ്പെടും. ഇത് വളരെ വലിയൊരു വിജയമാണെന്നും സൗരവ് ദാസ് പറഞ്ഞു.
ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിഷേധക്കാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിച്ചുകൊണ്ടുള്ള ജൂലൈ 28ലെ ഉത്തരവ്, ഗുരുതരവും ഹീനവുമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് മാത്രം ബാധകമാക്കാനാണ് ഉദ്ദേശിച്ചതെന്നായിരുന്നു സുപ്രീംകോടതി തിങ്കളാഴ്ച വിശദീകരിച്ചത്. 'ക്രിമിനൽ പശ്ചാത്തലം' എന്ന പ്രയോഗം ആ പരിമിതമായ അർത്ഥത്തിൽ മനസ്സിലാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

