
ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ചർച്ച വീണ്ടും സജീവമാക്കാൻ ബിജെപി. മണ്ഡല പുനർ നിർണയ ബില്ല് വീണ്ടും കൊണ്ടുവരാനും ആലോചന. ഈ വിഷയങ്ങളിൽ ഡിഎംകെയുമായി സർക്കാർ അനൗദ്യോഗിക ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട് പുറത്തുവന്നു. ടിഎംസിയിൽ പിളർപ്പുണ്ടാകുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. പ്രതിപക്ഷ മുന്നണിയിലെ ഭിന്നത മുതലെടുത്ത് ബിൽ പാസാക്കാനാണ് ബിജെപി ശ്രമം. 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിയമനിർമ്മാണം നടത്താനാണ് നീക്കം.
പശ്ചിമ ബംഗാളിലെ വിജയത്തിന്റെ ആവേശത്തിൽ പ്രാദേശിക പാർട്ടികളെ സഹകരിപ്പിക്കാനാണ് ബിജെപി ശ്രമം. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ഏതെങ്കിലും നീക്കം നടത്തും മുമ്പ് എല്ലാ പാർട്ടികളുമായി കൂടിയാലോചിക്കാനാണ് നീക്കം. 2026 ലെ ഭരണഘടന (നൂറ്റിമുപ്പത്തിയൊന്നാം ഭേദഗതി) ബിൽ പാസാക്കാനുള്ള ശ്രമം ഏപ്രിലിൽ ലോക്‌സഭയിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ലഭിക്കാത്തതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഡീലിമിറ്റേഷൻ ബിൽ തയ്യാറാക്കുകയാണെന്നും സൂചനയുണ്ട്.
ഏപ്രിൽ-മെയ് മാസങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ടിഎംസിക്കും ഡിഎംകെയ്ക്കും കനത്ത തിരിച്ചടിയായിരുന്നു. ടിവികെ സർക്കാറിൽ കോൺഗ്രസ് ചേർന്നതിന് പിന്നാലെ ഡിഎംകെ ഇൻഡ്യാ മുന്നണിയിൽ നിന്നകന്നു. ടിഎംസിയിലാണെങ്കിൽ രൂക്ഷമായ ഭിന്നത നിലനിൽക്കുന്നു. ബിജെപിയുമായി പ്രത്യേക വിഷയങ്ങളിൽ ചർച്ച നടത്താൻ തയ്യാറാണെന്ന് ഡിഎംകെ വൃത്തങ്ങൾ പറഞ്ഞു. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിനുള്ള ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് ബിൽ ഔപചാരികമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും നിലവിൽ, 39 അംഗ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) ബിൽ അവലോകനം ചെയ്തുവരികയാണെന്നും പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam