
ചണ്ഡീഗഡ്: ഇന്ത്യയിലെ ഏറ്റവും വിലയേറിയ നമ്പർ പ്ലേറ്റ് ആയ 'HR88B8888' ലേലത്തിൽ പിടിച്ച ശേഷം പണം അടയ്ക്കുന്നതിൽ പരാജയപ്പെട്ട സുധീർ കുമാറിന്‍റെ ആസ്തികൾ അന്വേഷിക്കാൻ ഹരിയാന സർക്കാർ ഉത്തരവിട്ടു. റോമുലസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്ടറായ സുധീർ കുമാറിന്‍റെ ആസ്തികളും വരുമാനവും വിശദമായി അന്വേഷിക്കാൻ ഗതാഗത വകുപ്പിന് നിർദ്ദേശം നൽകിയിരിക്കുന്നത് ഹരിയാന ഗതാഗത മന്ത്രി അനിൽ വിജ് ആണ്. 'വിഐപി നമ്പർ പ്ലേറ്റുകൾ ഞങ്ങൾ ലേലം ചെയ്യുന്നു. '8888' എന്ന നമ്പറിനായി നിരവധി പേർ ലേലം വിളിച്ചു.
എന്നാൽ, ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം നേടിയ ശേഷം സുധീർ കുമാർ പണം നൽകിയില്ല' വിജ് മാധ്യമങ്ങളോട് പറഞ്ഞു. വിഐപി നമ്പർ പ്ലേറ്റിന് ലേലം വിളിച്ച തുകയായ 1.17 കോടി രൂപയുടെ ആസ്തി സുധീർ കുമാറിനുണ്ടോ എന്ന് പരിശോധിക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക ശേഷിയില്ലാത്തവർ ലേലത്തിൽ പങ്കെടുത്ത് നമ്പർ പ്ലേറ്റിന്‍റെ വില വർദ്ധിപ്പിക്കുന്നത് തടയുന്നതിനാണ് ഈ നടപടി. ലേലത്തിൽ പങ്കെടുക്കുന്നത് ഒരു ഹോബിയല്ല, അതൊരു ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
നവംബർ 26നാണ് 'HR88B8888' എന്ന നമ്പർ പ്ലേറ്റ് 1.17 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ രജിസ്ട്രേഷൻ നമ്പറായി തലക്കെട്ടുകളിൽ ഇടം നേടിയത്. 50,000 രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഈ നമ്പറിനായി 45 അപേക്ഷകളാണ് ലഭിച്ചത്. ലേലത്തുക അടയ്‌ക്കാനുള്ള അവസാന തീയതി കഴിഞ്ഞിട്ടും സുധീർ കുമാറിന് അത് സാധിച്ചില്ല. ഇതിന്‍റെ കാരണം വ്യക്തമല്ല. ശനിയാഴ്ച രാത്രി രണ്ട് തവണ തുക അടയ്ക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ കാരണം പരാജയപ്പെട്ടുവെന്ന് സുധീർ കുമാർ ഞായറാഴ്ച പറഞ്ഞിരുന്നു. ഒരു നമ്പർ പ്ലേറ്റിനായി ഇത്രയും വലിയ തുക ചെലവഴിക്കുന്നതിന് തന്‍റെ കുടുംബം എതിരാണെന്നും അദ്ദേഹം വെളിപ്പെടുത്തി. 'കുടുംബവുമായി ചർച്ചകൾ നടക്കുന്നുണ്ട്. ഒരു നമ്പർ പ്ലേറ്റിനായി ഇത്രയും വലിയ തുക ചെലവഴിക്കുന്നത് വിവേകമല്ലെന്ന് വീട്ടിലെ മുതിർന്നവർ പറയുന്നു, എന്നാൽ ഞാൻ ഇതിന് അനുകൂലമാണ്. തിങ്കളാഴ്ചയോടെ ഞങ്ങൾ അന്തിമ തീരുമാനം എടുക്കും' എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈ നമ്പർ പ്ലേറ്റ് വീണ്ടും ലേലം ചെയ്യാനാണ് തീരുമാനം.
'HR88B8888' പ്രത്യേകത എന്ത്?
'HR88B8888' എന്ന നമ്പർ പ്ലേറ്റിന് ആവശ്യക്കാർ ഏറെയാണ്. ഇതിലെ എച്ച് ആർ ഹരിയാന സംസ്ഥാനത്തെ സൂചിപ്പിക്കുന്നു. 88 എന്നത് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിനെയോ ജില്ലയെയോ സൂചിപ്പിക്കുന്നു. പിന്നാലെ വരുന്ന സീരീസ് കോഡ് (ഇംഗ്ലീഷ് അക്ഷരം 'B' വലിയക്ഷരത്തിൽ എഴുതുമ്പോൾ എട്ട് പോലെ തോന്നിക്കുന്നത് ആകർഷകമാണ്). 8888: വാഹനത്തിന് നൽകിയിട്ടുള്ള നാലക്ക രജിസ്ട്രേഷൻ നമ്പറാണ്. 'ബി' എന്ന അക്ഷരം എട്ട് പോലെ തോന്നിക്കുന്നത് കാരണം, ഈ നമ്പർ പ്ലേറ്റ് തുടർച്ചയായ എട്ടുകളുടെ ഒരു നിര പോലെ ദൃശ്യമാകുന്നു എന്നതാണ് ഇതിന്‍റെ പ്രധാന ആകർഷണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam