ബുൾഡോസറിന് മുന്നിൽ കയറി നിന്ന് ബൃന്ദ കാരാട്ട്, ജഹാംഗീർപുരിയിലെ ചേരികൾ ഒഴിപ്പിക്കുന്നത് തടഞ്ഞു - വീഡിയോ

By Web TeamFirst Published Apr 20, 2022, 5:53 PM IST
Highlights

രാവിലെ പത്ത് മണിയോടെയാണ് ഒമ്പത് ബുൾഡോസറുകളുമായി ഒഴിപ്പിക്കലിന് മുനിസിപ്പൽ അധികൃതർ എത്തിയത്.സുരക്ഷ ഒരുക്കാൻ വൻ പൊലീസ് സന്നാഹവും പ്രദേശത്ത് വിനൃസിച്ചു

ദില്ലി: ഹനുമാൻ ജയന്തിക്കിടെ സംഘർഷമുണ്ടായ  ദില്ലി ജഹാംഗീർപുരിയിൽ (Jahangirpuri) ചേരികൾ ഒഴിപ്പിക്കുന്ന മുനിസിപ്പിൽ കോർപ്പറേഷന്റെ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ബുൾഡോസർ തടഞ്ഞ് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് (Brinda Karat). ബുൽഡോസറിനു മുന്നിലേക്ക് നേരിട്ട് ചെന്ന് നിന്ന് ബൃന്ദ കാരാട്ട് ഒഴിപ്പിക്കൽ തടയുകയായിരുന്നു. ഒഴിപ്പിക്കൽ നിർത്തിവയ്ക്കണമെന്ന സുപ്രീം കോടതി (Supreme Court) ഉത്തരവിന്റെ പകർപ്പുമായാണ് ബൃന്ദ കാരാട്ട് സംഭവ സ്ഥലത്തെത്തിയത്. 

രാവിലെ പത്ത് മണിയോടെയാണ് ഒമ്പത് ബുൾഡോസറുകളുമായി ഒഴിപ്പിക്കലിന് മുനിസിപ്പൽ അധികൃതർ എത്തിയത്.സുരക്ഷ ഒരുക്കാൻ വൻ പൊലീസ് സന്നാഹവും പ്രദേശത്ത് വിനൃസിച്ചു. കൌശൽ ചൌക്കിൽ റോഡിനോട് ചേർന്നുള്ള വലിയ രണ്ട് കടകളാണ് ആദ്യം പൊളിച്ചത്. പിന്നാലെ ഇതിനോട് ചേർന്നുള്ള ചെറിയ കടകളും പൊളിച്ചു. നാട്ടുകാർ പുറത്തേക്ക് വരാതെയിരിക്കാൻ എല്ലാം ഗലികളും പൂട്ടി പൊലീസ് കാവൽ ഏർപ്പെടുത്തി. ഇതിനിടെ പൊളിക്കൽ നിർത്തിവെച്ച് തൽസ്ഥിതി തുടരണമെന്ന സുപ്രീം കോടതി വാക്കാൽ നിർദ്ദേശിച്ചു. എന്നാൽ കോടതി ഉത്തരവ് നേരിട്ട് ലഭിക്കും വരെ പൊളിക്കൽ തുടരുമെന്നായിരുന്നു കോർപ്പറേഷൻ മേയർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്

പൊളിക്കൽ  തുടർന്ന അധികൃതർ സമീപത്തുള്ള മസ്ജീദിന്റെ റോഡിലേക്കുള്ള ഗേറ്റും പൊളിച്ചു. ഇത് അനധികൃത നിർമ്മാണമെന്നാണ് എംസിഡി വിശദീകരണം. ഇതിനിടെ സ്ഥലത്ത് എത്തിയ സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ബുൾഡോസർ തടഞ്ഞു. ഉത്തരവിന്റെ പകർപ്പുമായിട്ടാണ് ബൃന്ദ എത്തിയത്. നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും പ്രതിഷേധം ഉയർത്തി. കേസിൽ വീണ്ടും ഇടപെട്ട സുപ്രീംകോടതി പൊളിക്കൽ നിറുത്തിവയ്ക്കാത്തതിൽ അതൃപ്തി അറിയിച്ചു.  മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണർക്ക് രേഖാമൂലം നിദ്ദേശം എത്തിയതോടെ  ഒരു മണിക്ക്  നടപടികൾ നിർത്തി. ഒഴിപ്പിക്കലിനെതിരായ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.

നാല് കടകൾ ഉൾപ്പെടെ മുപ്പതിലധികം അനധികൃത നിർമ്മാണങ്ങൾ പൊളിച്ചെന്നാണ് കോർപ്പറേഷന്റെ കണക്ക്. അനധികൃതമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ മുൻസിപ്പൽ കോർപ്പറേഷന് കത്ത് നൽകിയിരുന്നു  പിന്നാലെയാണ് ബിജെപി ഭരിക്കുന്ന കോർപ്പറേഷൻ  പൊളിച്ചു മാറ്റൽ നടപടി തുടങ്ങിയത്. 

"

click me!