
കാൻപൂർ: ജനറൽ കംപാർട്ട്‌മെന്‍റിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് സഹയാത്രികരുമായി വഴക്കിട്ട സഹോദരങ്ങൾ ട്രെയിനിൽ ബോംബ് ഉണ്ടെന്ന് പൊലീസ് വ്യാജ വിവരം നൽകി. യാത്രക്കാർ ട്രെയിനിൽ നിന്ന് ഇറങ്ങിപ്പോകാൻ വേണ്ടിയാണ് ഇവര്‍ ഈ വ്യാജ സന്ദേശം നല്‍കിയത്. എന്നാൽ, ഇവരുടെ പദ്ധതി പാളുകയും ഭീതി പരത്തുക, ട്രെയിൻ വൈകിപ്പിക്കുക എന്നതിലുപരി അവർക്ക് സീറ്റ് ലഭിച്ചില്ലെന്ന് മാത്രമല്ല, ഒടുവിൽ ജയിലിൽ എത്തുകയും ചെയ്തു. ലുധിയാനയിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന ദീപക് ചൗഹാൻ, നോയിഡയിലെ ഒരു ഫാക്ടറിയിൽ ജീവനക്കാരനായ സഹോദരൻ അങ്കിത് എന്നിവരാണ് പ്രതികൾ. ഇരുവരും വ്യാഴാഴ്ച രാത്രി ദില്ലിയിൽ വെച്ച് അമൃത്സറിനും ബിഹാറിലെ കതിഹാറിനും ഇടയിൽ ഓടുന്ന അമ്രപാലി എക്സ്പ്രസിലാണ് യാത്ര ചെയ്തത്.
ഇവർക്ക് സീറ്റ് ലഭിച്ചില്ല. ഏകദേശം നാല് മണിക്കൂറിന് ശേഷം ട്രെയിൻ ഉത്തർപ്രദേശിലെ ഇത്വാ സ്റ്റേഷനിൽ എത്തിയപ്പോൾ സഹയാത്രികരുമായി ഇവർ വഴക്കിട്ടു. യുപിയിലെ ഘട്ടംപൂർ സ്വദേശികളായ ദീപകും അങ്കിതും തുടര്‍ന്ന് സീറ്റ് ലഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിൽ ട്രെയിനിൽ ബോംബ് വെച്ചതായി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡും ഫയർ ബ്രിഗേഡും ഉൾപ്പെടെയുള്ള നിരവധി പൊലീസ് സംഘങ്ങൾ കാൻപൂർ സെൻട്രൽ സ്റ്റേഷനിൽ എത്തി. ട്രെയിൻ നിർത്തിയിടുകയും എല്ലാ യാത്രക്കാരോടും പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും 40 മിനിറ്റോളം ഓരോ കോച്ചിലും വിശദമായ പരിശോധന നടത്തുകയും ചെയ്തു. സംശയാസ്പദമായി ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് ട്രെയിൻ യാത്ര തുടർന്നു. വൻ പൊലീസ് സന്നാഹം കണ്ട ദീപകും അങ്കിതും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു. ട്രെയിനിൽ കയറാതെ കാൻപൂരിലെ ഫെയ്ത്ത്ഫുൾഗഞ്ചിൽ ഒളിക്കാൻ അവർ തീരുമാനിച്ചു.
പൊലീസ് അന്വേഷണം ആരംഭിക്കുകയും കോൾ വന്ന മൊബൈൽ ഫോൺ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, വെള്ളിയാഴ്ച രാവിലെ സഹോദരങ്ങൾ ഫോൺ ഓൺ ചെയ്തതോടെ ഇരുവരേയും ട്രാക്ക് ചെയ്ത് അറസ്റ്റ് ചെയ്തു. ഇവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെങ്കിലും, വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ആന്‍റി ടെററിസ്റ്റ് സ്ക്വാഡും ഇവരെ ചോദ്യം ചെയ്യുന്നുണ്ടെന്ന് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ ആകാംക്ഷ പാണ്ഡെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam