
ഹൈദരാബാദ്: തെലങ്കാനയിൽ വീണ്ടും ബസിന് തീപിടിച്ചു. ജീവനക്കാരുടെ സമയോചിത ഇടപെടലിൽ യാത്രക്കാർ രക്ഷപ്പെട്ടു. ബസിൽ ഉണ്ടായിരുന്നത് 29 യാത്രക്കാരാണ്. ഹൈദരാബാദ്- വിജയവാഡ ദേശീയപാതയിലാണ് അപകടമുണ്ടായത്. സ്വകാര്യ എസി ട്രാവൽസ് ബസിനാണ് തീ പിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു.
ദേശീയപാത 65-ൽ തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലാണ് അപകടമുണ്ടായത്. വിഹാരി ട്രാവൽസ് എന്ന സ്വകാര്യ സ്ലീപ്പർ ബസിനാണ് ഇന്ന് പുലർച്ചെ തീപിടിച്ചത്. ഹൈദരാബാദിലെ ബിഎച്ച്ഇഎൽ എന്ന സ്ഥലത്തു നിന്ന് നെല്ലൂരിലേക്ക് പോവുകയായിരുന്നു ബസ്. പുലർച്ചെ 1.30 ഓടെയാണ് സംഭവമെന്ന് ചിറ്റ്യാല പൊലീസ് പറഞ്ഞു. ഡ്രൈവറും കണ്ടക്ടറും ചേർന്ന് എല്ലാ യാത്രക്കാരെയും പുറത്തിറക്കി.
"ബസിനുള്ളിൽ പെട്ടെന്ന് തീ പടർന്നുപിടിക്കുകയായിരുന്നു. അപകട വിവരം ലഭിച്ച ഉടൻ തന്നെ ഞങ്ങളുടെ സംഘം ഫയർ ഫോഴ്സ് സംഘത്തോടൊപ്പം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി"- പൊലീസ് പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
ഏതാനും ദിവസം മുൻപ് ആന്ധ്രയിലെ കർണൂലിൽ വോൾവോ ബസിന് തീപിടിച്ച് 20 പേരാണ് മരിച്ചത്. ഹൈദരാബാദിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ വോൾവോ ബസാണ് അപകടത്തിൽപ്പെട്ടത്. തീപിടിത്തത്തിൽ ബസ് പൂർണമായി കത്തി നശിച്ചു. കര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. കാവേരി ട്രാവൽസ് എന്ന വോൾവോ ബസിനാണ് കത്തിപിടിച്ചത്. രണ്ട് ഡ്രൈവർമാർ അടക്കം 42 പേരുമായി ഹൈദരാബാദിലേക്ക് പോവുകയായിരുന്ന വോൾവോ ബസിലേക്ക്, അതിവേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇന്ധന ടാങ്കിലേക്ക് ബൈക്ക് ഇടിച്ചുകയറിയതും വലിയ ശബ്ദത്തോടെ തീ പിടിച്ചു. യാത്രക്കാരിൽ മിക്കവരും ഉറക്കത്തിൽ ആയിരുന്നു. ഷോർട് സർക്യൂട്ട് കാരണം ബസിന്റെ വാതിൽ അടഞ്ഞുപോയതിനാൽ യാത്രക്കാർ ഉള്ളിൽ കുടുങ്ങിയതോടെയാണ് വലിയ ദുരന്തമുണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam