ബെംഗളൂരുവിൽ ഓൺലൈൻ ഡെലിവറിക്കിടെ ഫ്ലാറ്റിൽ വെച്ച് യുവതിയോട് ലൈംഗികാതിക്രമം കാണിച്ച ഡെലിവറി ഏജന്‍റ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ഓൺലൈൻ ഡെലിവറിക്കിടെ ഫ്ലാറ്റിൽ വെച്ച് യുവതിയോട് ലൈംഗികാതിക്രമം കാണിച്ച ഡെലിവറി ഏജന്‍റ് അറസ്റ്റിൽ. വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി നഗ്നത കാണിച്ചു എന്ന് കാട്ടി യുവതി സാമൂഹിക മാധ്യമമായ ഇൻസ്‌റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പൊലീസിന്‍റെ നടപടി. സംഭവത്തിൽ മാറത്തഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ബെംഗളൂരു മാറത്തഹള്ളി പൊലീസ് സ്റ്റേഷന്‍റെ പരിധിയിൽ കഴിഞ്ഞ ദിവസം നടന്ന ഈ സംഭവത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫ്ലിപ്കാർട്ടിൽ നിന്ന് ഉൽപ്പന്നം ഓർഡർ ചെയ്ത യുവതിക്ക് ഡെലിവറി ചെയ്യാനാണ് ഏജന്‍റ് ഫ്ലാറ്റിലെത്തിയത്. ഡെലിവറിക്ക് ശേഷം ഇയാൾ യുവതിയോട് വാഷ് റൂം ഉപയോഗിക്കാൻ അനുമതി ചോദിച്ചു. വീട്ടിൽ ഒറ്റയ്ക്കായിരുന്നതിനാൽ യുവതി അനുമതി നിഷേധിച്ചു. എന്നാൽ ഇതു വകവയ്ക്കാതെ ഡെലിവറി ഏജന്‍റ് വീട്ടിനുള്ളിൽ പ്രവേശിക്കുകയും യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തുകയുമായിരുന്നു. അപകട സാധ്യത മുന്നിൽക്കണ്ട് യുവതി ദൃശ്യങ്ങളെല്ലാം ഫോൺ ഉപയോഗിച്ച് പകർത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിന് പിന്നാലെയാണ് ഇവർ ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ മാറത്തഹള്ളി പൊലീസ് വിഷയത്തിൽ ഇടപെട്ടു. യുവാവിനെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. flipkart ഡെലിവറി ഏജന്റ് ആയ വിജയ് മല്ലികാർജുൻ കാമത്താണ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. ഇയാൾക്കെതിരെ ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. യുവതിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

YouTube video player