
ദില്ലി: ദില്ലിയിൽ കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തിനിടെ പ്രവർത്തന് മർദനമേറ്റ സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നേതൃത്വം. അക്രമികൾക്കെതിരെ ദില്ലി പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയും സിജെപി വക്താവ് സൗരവ് ദാസും ആവശ്യപ്പെട്ടു. അക്രമികൾക്കെതിരെ വധശ്രമം, എസ്എസി/എസ്ടി വകുപ്പുകൾ ചുമത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. നേരിട്ടും ഓൺലൈനിലൂടെയും നടത്തുന്ന ആക്രമണങ്ങൾക്കും ഭീഷണികൾക്കുമെതിരെ ദില്ലി പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും നേതാക്കൾ പരാതിപ്പെട്ടു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സിജെപി നടത്തുന്ന പ്രതിഷേധത്തിനിടെ, ചൊവ്വാഴ്ച രാത്രിയിലാണ് പ്രവർത്തകന് ഗുരുതര പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ, മർദനമേറ്റയാളുടെ മകൾ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു. മനുവാദികൾ തന്നെ റോഡിൽ വളഞ്ഞുവെന്നും തന്നെ സംരക്ഷിക്കാനെത്തിയ പിതാവിൻ്റെ തലയ്ക്ക് ഇരുമ്പ് കമ്പികൊണ്ട് അടിച്ചുവെന്നും ഗുരുതര പരിക്കേറ്റുവെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
പ്രതിഷേധത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനാണ് അക്രമികളുടെ ശ്രമമെന്ന് സൗരവ് ദാസ് പറഞ്ഞു. മർദനമേറ്റയാളുടെ തലയോട്ടിക്ക് ഗുരുതര പരിക്കേറ്റതായും എന്നാൽ പൊലീസ് നേരിയ പരിക്ക് മാത്രമാണെന്ന് രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
Delhi Police have taken zero preventive action regarding physical attacks and online threats. CJP demands full accountability for the incident from the day before yesterday under the SC/ST Act & Attempt to Murder charges to prove such serious violence won't be tolerated. pic.twitter.com/aPvuKzyK2L
— Cockroach is Back (@Cockroachisback) June 25, 2026
ആക്രമണത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും അധികൃതർ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് അഭിജിത്ത് ദീപ്കെ ആവശ്യപ്പെട്ടു. 15 പേർ ഉൾപ്പെട്ട സംഭവത്തിൽ പൊലീസ് ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും ദീപ്കെ ചൂണ്ടിക്കാട്ടി. അതേസമയം ജന്തർ മന്തറിൽ തുടരുന്ന സിജെപി പ്രതിഷേധം ആറാം ദിവസത്തിലേക്ക് കടന്നു. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിജെപി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam