കഴിഞ്ഞ ദിവസം രാത്രിയിൽ ബി.ജെ.പി ജില്ലാ സെക്രട്ടറിയായ സ്മിതേഷ് ബൈക്ക് തടഞ്ഞ് നിർത്തി മർദ്ദിച്ചു എന്നാണ് ഇൻകം ടാക്സ് അസിസ്റ്റന്റായ രമേശ് ബാബുവിന്റെ പരാതി. 

ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭ കൗൺസിലറുമായ സ്മിതേഷ് സർക്കാർ ജീവനക്കാരനെ മർദ്ദിച്ചതായി പരാതി. ഇൻകംടാക്സ് അസിസ്റ്റന്റ് രമേശിനാണ് മർദ്ദനമേറ്റത്. രമേശിന്‍റെ പരാതിയില്‍ പാലക്കാട് നോർത്ത് പൊലീസ് കേസ് എടുത്തു. കഴിഞ്ഞ ദിവസം രാത്രിയിൽ ബി.ജെ.പി ജില്ലാ സെക്രട്ടറിയായ സ്മിതേഷ് ബൈക്ക് തടഞ്ഞ് നിർത്തി മർദ്ദിച്ചു എന്നാണ് ഇൻകം ടാക്സ് അസിസ്റ്റന്റായ രമേശ് ബാബുവിന്റെ പരാതി. 

ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷം മുഖത്തും ചെവിയിലും അടിച്ചു. കഴുത്തിലെ സ്വർണ്ണ മാല പൊട്ടിച്ച് വലിച്ചെറിഞ്ഞു എന്നും രമേശ് ബാബു ആരോപിക്കുന്നു. സ്മിതേഷും സംഘവും പറയുന്നത് അനുസരിക്കാത്തതിനും, വിവിധ പിരിവുകൾക്കായി ആവശ്യപെടുന്ന പണം നൽകാത്തതിനുമാണ് മർദ്ദനമെന്നാണ് ആരോപണം. എന്നാൽ രമേശ് ബാബുവും സുഹൃത്തുക്കളും പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് സ്മിതേഷ് പറയുന്നത്. പാലക്കാട് നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നിറമൺകരയിൽ നടുറോഡിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നവംബര്‍ രണ്ടാം വാരം മര്‍ദ്ദനമേറ്റിരുന്നു. കൃഷിവകുപ്പിലെ ജീവനക്കാരനായ പ്രദീപിനാണ് മര്‍ദ്ദനമേറ്റത്. ട്രാഫിക് സിഗ്നലിൽ ഹോണ്‍ മുഴക്കിയെന്നാരോപിച്ചാണ് കൃഷിവകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ ബൈക്ക് യാത്രക്കാരായ അഷ്കറും അനീഷും മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ മുഖവുമായി കരമന സ്റ്റേഷനിൽ എത്തിയപ്പോൾ ചികിത്സാരേഖകളുമായി എത്തണമെന്ന് പറഞ്ഞ് പ്രദീപിനെ പൊലീസുകാര്‍ മടക്കി അയച്ചിരുന്നു. ചികിത്സാരേഖകളും മര്‍ദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കിയിട്ടും മൊഴി എടുക്കാതെയാണ് തിരിച്ചയച്ചത്. മര്‍ദന ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയായതോടെയാണ് പൊലീസ് വിഷയത്തില്‍ ഇടപെട്ടത്.

വയനാട് മേപ്പാടിയില്‍ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച കേസിലെ പ്രതിക്ക് കോഴിക്കോട്ട് ക്രൂര മര്‍ദ്ദനം ഏറ്റിരുന്നു. കോഴിക്കോട് പേരാമ്പ്ര സ്വദേശി അഭിനവിനാണ് വീടിന് സമീപത്ത് വെച്ച് മർദ്ദനമേറ്റത്. ആണി തറച്ച പട്ടികകൊണ്ടാണ് ക്രൂരമായി മര്‍ദ്ദിച്ചത്. എസ്എഫ്ഐ പ്രവ‍ര്‍ത്തകരുടെ സംഘമാണ് ആക്രമിച്ചതെന്ന് അഭിനവ് ആരോപിച്ചു.