
ദില്ലി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള കോക്റോച്ച് ജനത പാർട്ടി (സിജെപി) യുടെ സമരം ഇന്ന് മൂന്നാം ദിവസം. പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് ഇന്നലെ രാത്രി വൈകിയും ദില്ലിയിലെ ജന്തർ മന്തറിൽ സമരം നടന്നു. പ്രതിഷേധത്തെ പിന്തുണക്കുന്ന ഇടത് വിദ്യാർത്ഥി സംഘടനകൾക്കൊപ്പം സിജെപി നേതാക്കൾ യോഗം ചേർന്നു. തുടർ സമര പരിപാടികൾ ഇന്ന് പ്രഖ്യാപിച്ചേക്കും.
അതേസമയം കോക്റോച്ച് ജനത പാർട്ടിയുടെ ആഹ്വാനം സംഘടനകൾ ഏറ്റെടുത്തിട്ടില്ല. കർഷക സംഘടനകളോടടക്കം ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കാളികളാകാൻ സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ ആവശ്യപ്പെട്ടിരുന്നു. പ്രതീക്ഷിച്ച പങ്കാളിത്തം പ്രതിഷേധത്തിന് കിട്ടുന്നില്ലെന്ന് വിലയിരുത്തലുണ്ട്. തുടർനീക്കങ്ങളിൽ സിജെപിയിലും അനിശ്ചിതത്വം ഉണ്ട്. പ്രതിഷേധത്തെ കേന്ദ്ര സർക്കാർ അവഗണിക്കുമ്പോൾ എത്ര വേണമെങ്കിലും പ്രതിഷേധിച്ചോട്ടെയെന്ന നിലപാടിലാണ് ദില്ലി പൊലീസും.
അതിനിടെ, പ്രതിഷേധ സ്ഥലത്തെ ജലലഭ്യത തടസ്സപ്പെടുത്തരുതെന്ന് അഭിജിത്ത് ദീപ്കെ ദില്ലി പൊലീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പൊലീസ് പ്രതിഷേധ സ്ഥലത്തെ തെരുവിളക്കുകൾ അണച്ചുവെന്നും ഭക്ഷണവും വെള്ളവും കൊണ്ടുവരുന്നത് നിയന്ത്രിച്ചുവെന്നും സിജെപി ആരോപിച്ചിരുന്നു. പ്രതിഷേധക്കാർക്ക് ഭക്ഷണവും വെള്ളവും നൽകുന്നവരുടെ ആധാർ, മേൽവിലാസ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നതായും സിജെപി ആരോപിച്ചിട്ടുണ്ട്. പ്രതിഷേധത്തിൻ്റെ ഭാഗമാകാൻ എത്തുന്നവരെ തടയരുതെന്ന് സിജെപി പൊലീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ജൂൺ ആറിന് ജന്തർ മന്തറിൽ നടത്തിയ ആദ്യ പ്രതിഷേധത്തിന് പിന്നാലെയാണ് സിജെപി പ്രവർത്തകർ വീണ്ടും ജന്തർ മന്തർ പ്രതിഷേധ വേദിയാക്കിയത്. ഇതിനിടെ, മുംബൈ, ബെംഗളൂരു, നാഗ്പുർ അടക്കം വിവിധ നഗരങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച ആണ് ജന്തർ മന്തറിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് സിജെപി പ്രവർത്തകർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam