
ഭോപ്പാൽ: തെരഞ്ഞെടുപ്പിന് തൊട്ടുമ്പ് 30 നേതാക്കളെ പുറത്താക്കി കോൺഗ്രസ്. ഇവരെ ആറുവർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒഴിവാക്കിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പാർട്ടി തീരുമാനിച്ച ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച നേതാക്കളെയാണ് പുറത്താക്കിയത്. പാർട്ടി അധ്യക്ഷൻ കമൽനാഥിന്റെ നിർദേശ പ്രകാരമാണ് നേതാക്കളെ പുറത്താക്കിയതെന്ന് വൈസ് പ്രസിഡന്റ് രാജീവ് സിങ് പറഞ്ഞു. പുറത്താക്കിയ നേതാക്കൾ സ്വതന്ത്രരരോ അല്ലെങ്കിൽ എഎപി, എസ്പി, ബിഎസ്പി പാർട്ടി സ്ഥാനാർഥിളായോ മത്സരിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുൻ എംപി പ്രേംചന്ദ് ഗുഡ്ഡു, മുൻ എംഎൽഎമാരായ അന്തർ സിങ് ദർബാർ, യാദവേന്ദ്ര സിങ്, പാർട്ടി സംസ്ഥാന വക്താവ് അജയ് സിങ് യാദവ് തുടങ്ങിയവരെയാണ് പുറത്താക്കിയത്. നവംബർ 17നാണ് മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ്. ശിവരാജ് സിങ് ചൗഹാൻ നേതൃത്വം നൽകുന്ന ബിജെപി സർക്കാറിനെ താഴെയിറക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍
ഇന്ത്യ സഖ്യത്തിലെ സഹകരണത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കോണ്‍ഗ്രസിന്‍റെ ശ്രദ്ധ തെരഞ്ഞെടുപ്പില്‍ മാത്രമാണെന്നും, ഇന്ത്യ സഖ്യം സ്തംഭിച്ച നിലയിലായെന്നും നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി. നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനങ്ങളിലെ സഖ്യ സാധ്യതകള്‍ പാളിയ പശ്ചാത്തലത്തിലാണ് നിതീഷിന്‍റെ വിമര്‍ശനം.
നിതിഷിന്‍റെ വിമര്‍ശനത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. അതേ സമയം സഖ്യം പൊളിയുമെന്ന് നേരത്തെ തന്നെ ബിജെപി പ്രവചിച്ചിരുന്നുവെന്നും, സ്വാര്‍ത്ഥ താല്‍പര്യങ്ങളുള്ളവരാണ് സഖ്യത്തിലെ കക്ഷികളെന്നും അമിത് ഷാ പരിഹസിച്ചു. അതേസമയം, പ്രതിപക്ഷ സഖ്യത്തിനെതിരായ ഹർജി നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടികാണിച്ച് കഴിഞ്ഞദിവസം ഇന്ത്യ സഖ്യം ദില്ലി ഹൈക്കോടതിയേ സമീപിച്ചു. ഹർജി തള്ളണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam