
ദില്ലി: മേഘാലയയില്‍ (Meghalaya) ബിജെപി (BJP) ഉള്‍പ്പെട്ട സഖ്യസര്‍ക്കാറില്‍ ചേര്‍ന്ന് കോണ്‍ഗ്രസ് (Congress). നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നയിക്കുന്ന എംഡിഎ (MDA) സര്‍ക്കാറിലാണ് കോണ്‍ഗ്രസ് അംഗമായത്. കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാര്‍ മുഖ്യമന്ത്രി കൊണ്‍റാഡ് കെ സാങ്മയെ കണ്ട് പിന്തുണ അറിയിച്ചുള്ള കത്ത് കൈമാറി.
''അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സര്‍ക്കാറിന്റെ ഭാഗമാകാന്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും ശക്തിപ്പെടുത്തുന്നതിന് എംഡിഎ (മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ്) സര്‍ക്കാറിനെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സംസ്ഥാനത്തെ പൗരന്മാരുടെ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് മുന്നോട്ട് പോകും''-കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് അംപരീന്‍ ലിങ്‌ദോ മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി.
മേഘാലയയില്‍ രണ്ട് അംഗങ്ങളുള്ള ബിജെപി നേരത്തെ സര്‍ക്കാറിന്റെ ഭാഗമാണ്. മേഘാലയയില്‍ 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷമാണ് സര്‍ക്കാറില്‍ അംഗമാകാന്‍ മറ്റ് എംഎല്‍എമാര്‍ തീരുമാനിച്ചത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് രണ്ടാം തവണയാണ് ബിജെപി ഘടകകക്ഷിയായ സര്‍ക്കാരില്‍ കോണ്‍ഗ്രസ് അംഗമാകുന്നത്. 2015ല്‍ നാഗാലാന്‍ഡില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി ഘടകകക്ഷിയായിരുന്ന നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരില്‍ അംഗമായിരുന്നു. അധികാരമോഹം തലക്കുപിടിച്ചാണ് കോണ്‍ഗ്രസ് സര്‍ക്കാറില്‍ ചേര്‍ന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. സര്‍ക്കാറില്‍ ചേര്‍ന്ന അഞ്ച് എംഎല്‍എമാരും ഇപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമാണെന്ന് ലിങ്‌ദോ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam