
ഹൈദരാബാദ്: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ സമരം നടത്താനായി കഴുതയെ മോഷ്ടിച്ചുവെന്ന കേസില്‍ തെലങ്കാനയില്‍ (Telangana) കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തെലങ്കാനയിലെ നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ (NSU) നേതാവ് വെങ്കിട് ബാലമൂര്‍ ആണ് അറസ്റ്റിലായത്.
ഫെബ്രുവരി 17ന് സംസ്ഥാനത്തെങ്ങും കഴുതയക്ക് മുന്നില്‍ കേക്ക് മുറിച്ച് പ്രതിഷേധം കോണ്‍ഗ്രസ് സംഘടിപ്പിച്ചിരുന്നു. തെലങ്കാന രാഷ്ട്ര സമിതി (TRS) അധ്യക്ഷനും സംസ്ഥാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിന്‍റെ (KCR) ജന്മദിനമായിരുന്നു ഫെബ്രുവരി 17, ഇതിനോട് അനുബന്ധിച്ചായിരുന്നു സമരം.
ബലമൂറിനെ വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ടിആര്‍എസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ ഹൂസൂറബാദില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ കഴുതയ്ക്ക് മുന്നില്‍ കേക്ക് മുറിക്കുന്ന സമരത്തില്‍ കഴുതയുടെ മുഖത്ത് മുഖ്യമന്ത്രി കെസിആറിന്‍റെ മുഖംമൂടി ധരിപ്പിച്ചിരുന്ന ചിത്രം ബലമൂര്‍ ട്വീറ്റ് ചെയ്തിരുന്നു. സദ്വാഹന യൂണിവേഴ്സിറ്റി പരിസരത്താണ് ബാലമൂര്‍ സമരം സംഘടിപ്പിച്ചത്.
അതേ സമയം ഇതേ സമരത്തിന്‍റെ പേരില്‍ ആറോളം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ് എടുത്തതായി റിപ്പോര്‍ട്ടുണ്ട്. 'കര്‍ഷകരുടെ ജീവിതം നശിപ്പിച്ചു, തോഴില്‍ രഹിതരായ യുവാക്കള്‍. പൊള്ളായ വാഗ്ദാനങ്ങളും, നുണ പറഞ്ഞുള്ള അവകാശവാദങ്ങളം'- കഴുതയ്ക്ക് മുന്നില്‍ കേക്ക് മുറിക്കുന്ന ചിത്രത്തിനൊപ്പം ബാലമൂര്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഹുസൂര്‍ബാദ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു വിദ്യാര്‍ത്ഥി നേതാവായ വെങ്കിട് ബലമൂര്‍. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
സർജിക്കൽ സ്ട്രൈക്കിൽ ഏറ്റുമുട്ടി മുഖ്യമന്ത്രിമാർ; തെളിവുചോദിച്ച ചന്ദ്രശേഖർ റാവുവിന് മറുപടിയുമായി ഹിമന്ത ശർമ്മ
ദില്ലി: 2019 സെപ്റ്റംബറിൽ പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ (PoK) ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്കിൽ സംശയം പ്രകടിപ്പിച്ച തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്ത്. ചന്ദ്രശേഖർ റാവുവിന്‍റെ വിഡിയോ പങ്കുവച്ചാണ് ഹിമന്ത ബിശ്വ ശർമ്മയുടെ മറുപടി. 'പുൽവാമ ആക്രമണത്തിന്‍റെ വാർഷികദിനത്തിൽ സർജിക്കൽ സ്‌ട്രൈക്കിനെ ചോദ്യം ചെയ്തുകൊണ്ട് റാവു രംഗത്തെത്തിയത് അംഗികരിക്കാനാകില്ലെന്ന് ശർമ്മ പറഞ്ഞു.
രാജ്യത്തിനായി വിരമൃത്യു ഏറ്റുവാങ്ങിയ രക്തസാക്ഷികളെ അപമാനിക്കുകയാണ് റാവു ചെയ്തത്. 'ഗാന്ധി കുടുംബത്തോടുള്ള വിശ്വസ്തത തെളിയിക്കാനുള്ള ശ്രമമാണിത്. സൈന്യത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണ് ഇതെന്നും ശർമ്മ അഭിപ്രായപ്പെട്ടു. എന്റെ വിശ്വസ്തത സൈന്യത്തോടൊപ്പമാണെന്നും ജീവിതകാലം മുഴുവൻ അതിന്‍റെ പേരിൽ അധിക്ഷേപിച്ചാലും കാര്യമാക്കുന്നില്ലെന്നും അസം മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
സർജിക്കൽ സ്ട്രൈക്ക് വിഷയത്തിൽ കഴിഞ്ഞയാഴ്ച മുതൽ രണ്ട് മുഖ്യമന്ത്രിമാരും തർക്കത്തിലാണ്. കോൺഗ്രസിനും ഇതര പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾക്കുമെതിരെ കഴിഞ്ഞ വെള്ളിയാഴ്ചയും ഹിമന്ദ് ശർമ്മ കടുത്ത വിമർശനം നടത്തിയിരുന്നു. 'രാജ്യത്തിന്റെ അഭിമാനമായിരുന്ന ജനറൽ ബിപിൻ റാവത്തിനെ പോലും മരണശേഷം പ്രതിപക്ഷ നേതാക്കൾ അപമാനിച്ചു. റാവത്തിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ പാകിസ്ഥാനിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത്. ഇതിൽ പോലും സംശയം പ്രകടിപ്പിക്കുന്നവരുടെ മാനസികാവസ്ഥ എന്താണ്. രാഹുൽ ഗാന്ധി നേരത്തെ ഇതിന്‍റെ തെളിവ് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം രാജീവ് ഗാന്ധിയുടെ മകനാണോ അല്ലയോ എന്നതിന് ഞങ്ങൾ എപ്പോഴെങ്കിലും തെളിവ് ചോദിച്ചിട്ടുണ്ടോ? എന്റെ സൈന്യത്തിൽ നിന്ന് തെളിവ് ചോദിക്കാൻ നിങ്ങൾക്ക് എന്തവകാശമാണ്? എന്നും ഹിമന്ദ് ശർമ്മ അന്ന് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ചന്ദ്രശേഖർ റാവു കടുത്ത ഭാഷയിൽ പ്രതികരിച്ച് രംഗത്തെത്തിയത്. രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിന് അസം മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി അധ്യക്ഷൻ ജെ പി നദ്ദയോടും ആവശ്യപ്പെട്ടു. സർജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ട് ബിജെപി തെറ്റായ പ്രചരണം നടത്തുന്നുവെന്നും അതിനാൽ തെളിവ് കാണിക്കണമെന്നും റാവു ആവശ്യപ്പെട്ടിരുന്നു.
കെസിആറിനെതിരായ ശർമ്മയുടെ തിരിച്ചടിയാണ് ഇന്നുണ്ടായത്. 'സർജിക്കൽ സ്‌ട്രൈക്ക് നടത്തിയോ ഇല്ലയോ എന്ന് സൈന്യത്തെ ചോദ്യം ചെയ്യുന്നത് ഏറ്റവും വലിയ കുറ്റമാണെന്ന് ഞാൻ വിശ്വസിക്കുന്നു. കോൺഗ്രസ് നേതാവ് രാഹുലിനെക്കുറിച്ചുള്ള എന്‍റെ പരാമർശത്തിൽ അദ്ദേഹം (തെലങ്കാന മുഖ്യമന്ത്രി കെസിആർ) പ്രകോപിതനായി. യഥാർത്ഥത്തിൽ നമ്മുടെ സൈന്യത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തിൽ അല്ലേ അദ്ദേഹം പ്രകോപിതനാകേണ്ടത്'- ഹിമന്ത ശർമ്മയുടെ ഏറ്റവും പുതിയ ചോദ്യം ഇതാണ്.