
ദില്ലി: സർവകക്ഷി പ്രതിനിധി സംഘത്തിന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട് ശശി തരൂർ പാർട്ടിയുടെ അനുമതി തേടിയിട്ടില്ലെന്ന് കോൺഗ്രസ്. കേന്ദ്ര സർക്കാരിൻ്റെ ക്ഷണത്തെ കുറിച്ച് സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും കോൺഗ്രസ് വ്യക്തമാക്കി. പാർട്ടി നൽകിയ പേരുകൾ അവഗണിച്ച കേന്ദ്ര സർക്കാർ നടപടിയിൽ കോൺഗ്രസ് പ്രതിഷേധമറിയിച്ചു. വിഷയത്തിൽ മനീഷ് തിവാരിയും അമർ സിംഗും പ്രതികരണമറിയിച്ചിട്ടില്ല.
അതേ സമയം, പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടന സംഘത്തിലേക്ക് കോണ്‍ഗ്രസ് ശശി തരൂരിനെ നിര്‍ദേശിച്ചില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് സമൂഹ മാധ്യമത്തില്‍ പാര്‍ട്ടി കൊടുത്ത ലിസ്റ്റ് പുറത്ത് വിട്ടത്. ആനന്ദ് ശർമ, ഗൗരവ് ഗൊഗോയ്, ഡോ.സയിദ് നസീർ ഹുസൈൻ, രാജാ ബ്രാർ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. എന്നാല്‍ ഇതെല്ലാം തള്ളിയാണ് കേന്ദ്ര സര്‍ക്കാര്‍ ശശി തരൂരിനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
പഹല്‍ഗാം ആക്രമണം മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വരെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ നിര്‍ണ്ണായക നാളുകള്‍ വിശദീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ദൗത്യസംഘത്തെ അയക്കുന്നത്. ഈ മാസം 22 മുതല്‍ അടുത്ത മാസം പകുതിവരെ നീളുന്ന ദൗത്യം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമുള്ള എംപിമാരും മുന്‍ മന്ത്രിമാരും ഉള്‍പ്പെടുന്ന സമിതിയാകും സന്ദര്‍ശിക്കുക.പല സംഘങ്ങളായി യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലാകും പര്യടനം. ആദ്യ സംഘത്തെ നയിക്കാന്‍ തരൂര്‍ എന്നതാണ് സര്‍ക്കാരിന്‍റെ തീരുമാനം .വിദേശകാര്യ പാര്‍ലമെന്‍ററി സമിതിയുടെ ചെയര്‍മാന്‍, യുഎന്നിലെ അനുഭവ പരിചയം, വിദേശ വിഷയങ്ങളിലെ അഗാധ പാണ്ഡിത്യം ഇതൊക്കെയാണ് രാഷ്ട്രീയം മാറ്റി വച്ച് തരൂരിനെ പരിഗണിച്ചതിനുള്ള ഘടകങ്ങള്‍.
ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ കേന്ദ്രസർക്കാർ നിശ്ചയിച്ച പ്രതിനിധിസംഘത്തിന്‍റെ ഭാഗമാകാൻ
ഒടുവിൽ ശശി തരൂരിന് കോൺഗ്രസിന്റെ അനുമതി ലഭിച്ചു. സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, അമർ സിംഗ് എന്നിവർക്കും നേതൃത്വം അനുമതി നൽകി. കോൺഗ്രസ് നൽകിയ പട്ടിക അംഗീകരിക്കാത്തത് നിർഭാഗ്യകരമാണെന്നും എന്നാൽ രാജ്യത്തിന്‍റെ കാര്യത്തിൽ വിലകുറഞ്ഞ രാഷ്ട്രീയത്തിന് ഇല്ലെന്നും കോൺഗ്രസ് നേതൃത്വം എക്സിൽ നടത്തിയ പ്രതികരണത്തിൽ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam