തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എഐ അവതാരകയെ ഇറക്കി ബംഗാള്‍ സിപിഎം; വിമർശിച്ച് ബിജെപി

By Web TeamFirst Published Mar 28, 2024, 10:30 AM IST
Highlights

1980കളില്‍ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തെ എതിർത്തവരാണ് സിപിഎം എന്ന് ബിജെപിയുടെ വിമർശനം

കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പ് 2024 പ്രചാരണത്തിന് എഐ (ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) അവതാരകയെ ഇറക്കി സിപിഎം. പശ്ചിമ ബംഗാളിലാണ് സിപിഎം നിർമിതബുദ്ധി അവതാരകയായ 'സാമന്ത'യെ സാമൂഹ്യമാധ്യമമായ എക്സില്‍ (പഴയ ട്വിറ്റർ) തെരഞ്ഞടുപ്പ് പ്രചാരണത്തിന് അവതരിപ്പിച്ചത്. അതേസമയം സിപിഎമ്മിന്‍റെ എഐ നീക്കത്തെ ബിജെപി വിമർശിച്ചു. 

എഐ അവതാരകയായ സാമന്ത ബംഗാളി ഭാഷയില്‍ ഹോളി ആശംസകള്‍ നേർന്നു. ഈ വർഷത്തെ ഹോളി സമ്മാനമാണ് ജെഎന്‍യു തെരഞ്ഞെടുപ്പ് വിജയം എന്നാണ് സാമന്തയുടെ വാക്കുകള്‍. നിർമിതബുദ്ധി അവതാരകയായ സാമന്തയെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇറക്കുമെന്ന് ജാദവ്പൂരിലെ ഇടത് സ്ഥാനാർഥി ശ്രീജന്‍ ഭട്ടാചാര്യ വ്യക്തമാക്കി. സമൂഹത്തിന് ഹാനികരമാകാത്ത പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ഞങ്ങള്‍ എപ്പോഴും തയ്യാറാണ് എന്ന് ശ്രീജന്‍ പറഞ്ഞു. 

আপনাদের মতামত ও ভালোবাসা প্রত্যাশী আমরা। pic.twitter.com/FyfAgGDVvJ

— CPI(M) WEST BENGAL (@CPIM_WESTBENGAL)

Read more: നൂറ് സിറ്റിംഗ് എംപിമാർക്ക് സീറ്റ് നല്‍കാതെ ബിജെപി; എന്താണ് പിന്നിലെ തന്ത്രം

എന്നാല്‍ ഇപ്പോള്‍ എഐയെ മുറുകെ പിടിച്ചുള്ള സിപിഎം പ്രചാരണത്തെ ബിജെപി നേതാവ് തത്തഗതാ റോയി വിമർശിച്ചു. 1980കളില്‍ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തെ എതിർത്തവരാണ് സിപിഎം എന്നാണ് റോയിയുടെ വിമർശനം. എന്നാല്‍ ഇതിന് ശ്രീജന്‍ ഭട്ടാചാര്യ മറുപടി നല്‍കി. 'കമ്പ്യൂട്ടറുകള്‍ക്ക് എതിരായിരുന്നില്ല സിപിഎം ഒരിക്കലും, എന്നാല്‍ കമ്പ്യൂട്ടർവല്‍ക്കരണം ഉണ്ടാകുമ്പോള്‍ സംഭവിച്ചേക്കാവുന്ന വലിയ തൊഴില്‍നഷ്ടം സിപിഎം ആഗ്രഹിച്ചിരുന്നില്ല' എന്നുമാണ് ഭട്ടാചാര്യയുടെ പ്രതികരണം. 

42 ലോക്സഭ സീറ്റുകളുള്ള ബംഗാളിലെ 21 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ സിപിഎം ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടമായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുക. മുഹമ്മദ് സലീം, സുജന്‍ ചക്രവർത്തി തുടങ്ങിയ മുതിർന്ന നേതാക്കള്‍ക്കൊപ്പം യുവനേതാക്കളായ ശ്രീജന്‍ ഭട്ടാചാര്യ, സയാന്‍ ബാനർജി, ദീപ്ഷിത ധർ തുടങ്ങിയവരെ സിപിഎം സ്ഥാനാർഥികളാക്കിയിട്ടുണ്ട്. 

Read more: തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍; പയറ്റ് ഓണ്‍ലൈനില്‍, ആയിരക്കണക്കിന് കോടികളൊഴുകും, ഇന്‍ഫ്ലൂവന്‍സേഴ്സിന് ചാകര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!