
ലക്നൗ: മകനെ മുതലയുടെ വായിൽ നിന്ന് രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെച്ച് പോരാടി ഒരമ്മ. ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ തിങ്കളാഴ്ച വൈകുന്നേരം ധകിയ ഗ്രാമത്തിലാണ് സംഭവം. വീടിനടുത്തുള്ള ഒരു കുളത്തിനടുത്ത് കളിക്കുകയായിരുന്ന അഞ്ച് വയസ്സുകാരൻ വീരുവിനെ മുതല ആക്രമിക്കുകയായിരുന്നു. മുതല കുട്ടിയെ വെള്ളത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിലവിളി കേട്ട് അമ്മ മായ (40) സ്ഥലത്തേക്ക് ഓടിയെത്തിയത്.
അഞ്ചുമിനിറ്റോളം നീണ്ട പോരാട്ടമാണ് പിന്നീട് നടന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മായ ധൈര്യപൂർവ്വം മുതലയെ നേരിട്ടു. ആദ്യം കൈകൾ കൊണ്ടും പിന്നീട് ഒരു ഇരുമ്പ് വടി ഉപയോഗിച്ചും അവർ മുതലയിൽ നിന്ന് മകനെ രക്ഷിക്കാൻ ശ്രമിച്ചു. 'ഞാൻ നിലവിളിച്ചു, സ്വന്തം ജീവനെക്കുറിച്ച് ചിന്തിക്കാതെ ഞാൻ വെള്ളത്തിലേക്ക് ചാടി' മായ പറഞ്ഞു. 'മുതല അവനെ താഴേക്ക് വലിച്ചിഴച്ചു, പക്ഷേ ഞാൻ എന്‍റെ എല്ലാ ശക്തിയും ഉപയോഗിച്ച് അവനെ മുറുകെ പിടിച്ചു. ഞാൻ അതിനെ അടിക്കുകയും മാന്തുകയും ചെയ്തു. ഒടുവിൽ, എന്‍റെ കൈയ്യിൽ കിട്ടിയ ഒരു ഇരുമ്പ് വടി കൊണ്ടുള്ള അടിയുടെ ശക്തിയിൽ മുതല എന്‍റെ വിട്ടു. എന്‍റെ മകൻ രക്ഷപ്പെട്ടു എന്നതാണ് എനിക്ക് പ്രധാനപ്പെട്ട കാര്യം," അവർ കൂട്ടിച്ചേർത്തു.
സംഭവത്തിൽ മായക്കും വീരുവിനും പരിക്കേറ്റിട്ടുണ്ട്. മായക്ക് കാര്യമായ പരിക്കില്ല, പ്രാഥമിക ചികിത്സക്ക് ശേഷം അവരെ വിട്ടയച്ചു. എന്നാൽ ഗുരുതരമായ പരിക്കേറ്റ വീരു ഇപ്പോഴും ചികിത്സയിലാണ്. മുൻ ഗ്രാമത്തലവൻ രാജ്കുമാർ സിംഗ് അധികൃതരെ വിവരം അറിയിച്ചു. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ റാം സിംഗ് യാദവിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കുടുംബാംഗങ്ങളെ കണ്ടു. മുതലയെ കണ്ടെത്താനും പിടികൂടാനും പ്രത്യേക ഓപ്പറേഷൻ നടത്തുമെന്ന് യാദവ് ഉറപ്പ് നൽകി.